Connect with us

Kerala

തൊണ്ടിമുതലുകള്‍ നശിക്കാതെ സൂക്ഷിക്കണം; കര്‍ശന നിര്‍ദേശവുമായി സംസ്ഥാന പോലീസ് മേധാവി

Published

|

Last Updated

മലപ്പുറം | പോലീസ് കണ്ടെടുക്കുന്ന തൊണ്ടിമുതലുകള്‍ നശിക്കാതെ സൂക്ഷിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി. വിവിധ കേസുകളുടെ അന്വേഷണത്തില്‍ സുപ്രധാന തെളിവാകുന്ന തൊണ്ടിമുതലുകള്‍ക്ക് പ്രത്യേക സംരക്ഷണം ഏര്‍പ്പെടുത്തണം. ഇക്കാര്യത്തില്‍ പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തണം. ക്രൈം ബ്രാഞ്ച് എ ഡി ജി പി, ക്രമസമാധാന പാലന ചുമതലയുള്ള എ ഡി ജി പി, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

സിസ്റ്റര്‍ അഭയ കേസിലെ നിര്‍ണായക തെളിവായിരുന്ന ചില തൊണ്ടിമുതലുകള്‍ നശിപ്പിക്കപ്പെട്ടതായി ഹൈക്കോടതി കണ്ടെത്തിയിരുന്നു. ക്രൈം ബ്രാഞ്ച് എസ്പി ആയിരുന്ന കെ ടി മൈക്കിളും ഡി വൈ എസ് പിയായിരുന്ന കെ സാമുവലും ചേര്‍ന്ന് തൊണ്ടിമുതലുകള്‍ നശിപ്പിച്ചുകളഞ്ഞെന്ന് 2020 ഡിസംബര്‍ 23ന് അഭയ കേസിലെ പ്രതികളെ സി ബി ഐ കോടതി ശിക്ഷിച്ച വിധിയില്‍ വ്യക്തമാക്കിയിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പ് വരുത്തണമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പോലീസ് മേധാവിക്ക് നിവേദനം നല്‍കിയിരുന്നു.