Kerala
തിരുവനന്തപുരം മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ്
ജയയുടെ നെഞ്ചിന് ഏറ്റ ആഘാതമാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.
തിരുവനന്തപുരം | കാട്ടാക്കട മാറനല്ലൂരില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മാറനലൂര്‍ കൂവളശ്ശേരി അപ്പു നിവാസില്‍ ജയയെയാണ് ഇന്നലെ വീട്ടിലെ ഹാളില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. നെഞ്ചിലേറ്റ ക്ഷതമാണ് ജയയുടെ മരണത്തിനിടയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഡോക്ടറാണ് കൊലപാതകമാണെന്ന കാര്യം പോലീസിനെ അറിയിച്ചത്.
ഹാളില്‍ അനക്കമില്ലാതെ കിടക്കുന്ന ജയയെ ആദ്യം കാണുന്നത് സമീപവാസിയാണ്. ജയയെ തിരക്കിയെത്തിയതായിരുന്നു ഇവര്‍.സംഭവസമയം മകന്‍ ബിജു വീട്ടില്‍തന്നെ ഉണ്ടായിരുന്നു. തുടര്‍ന്ന് മരണത്തില്‍ സംശയം തോന്നിയതോടെ നാട്ടുകാര്‍ വാര്‍ഡ്മെമ്പറേയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
മകന്‍ ബിജു മദ്യപിച്ച് അമ്മയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു എന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.ഇതേത്തുടര്‍ന്നാണ് ബിജുവിനെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ബിജുവിന്റെ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് വിവരം.




