Connect with us

Kannur

സ്വയം അർജിച്ചെടുത്ത ആത്മാഭിമാനത്തെയാണ് ഇവർ ചോദ്യം ചെയ്യുന്നത്; ഇത് ജാതി പീഡനമാണ്

തൊട്ടടുത്ത വീട്ടിലെ കല്യാണത്തിന് പോയ അമ്മയുടെ മുതുകിൽ ചവിട്ടുകയും കേട്ടാൽ അറപ്പുളവാക്കുന്ന തെറിയും ഒരുവൻ വിളിച്ചു.

Published

|

Last Updated

തലശ്ശേരിക്ക് സമീപമുള്ള കൂരാറയിൽ തന്റെ കുടുംബം നേരിടുന്ന ജാതീയ പീഡനം വെളിപ്പെടുത്തി എം ജി കോളജ് അസോസിയേറ്റ് പ്രൊഫസർ രാജേഷ് കോമത്ത്. കടുത്ത ദാരിദ്ര്യത്തിലും ജാതിശ്രേണിയിൽ പട്ടികജാതിയിൽ ഉൾപ്പെട്ടത്കൊണ്ടും എന്നും കീഴ്പ്പെട്ടു ജീവിക്കുകയായിരുന്നു കുടുംബം. എന്നാൽ, ഇപ്പോൾ ചില അയൽപക്കകാർക്ക് ജാതിവെറിയും കുശുമ്പും കാരണം എന്റെ അമ്മയെയും എന്നെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തിയും പൊതുമധ്യത്തിൽ അപമാനിച്ചും മുന്നോട്ടു പോകുന്നു. തൊട്ടടുത്ത വീട്ടിലെ കല്യാണത്തിന് പോയ എന്റെ അമ്മയുടെ മുതുകിൽ ചവിട്ടുകയും കേട്ടാൽ അറപ്പുളവാക്കുന്ന തെറിയും ഒരുവൻ വിളിച്ചു. കൂരാറ, പാനൂർ, തലശ്ശേരി പ്രദേശങ്ങളിൽ ആധുനിക ആശുപത്രികൾ ഇല്ലാതിരുന്ന കാലത്തു, വീടുകളിൽ പ്രസവം നടക്കുന്ന കാലത്തു അമ്മ ഏതാണ്ട് 1000 കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും പുറംവെളിച്ചം കാണിച്ചുകൊടുത്ത പാവനമായ കരങ്ങളുടെ ഉടമസ്ഥയാണ്. അതിന്റെ പ്രത്യുപകാരമാണോ ഇവർ എന്റെ അമ്മയെയും ബന്ധുക്കളേയും ഉപദ്രവിക്കുന്നത്. ഞങ്ങൾ സ്വയം അർജിച്ചെടുത്ത ആത്മാഭിമാനത്തെയാണ് ഇവർ ചോദ്യം ചെയ്യുന്നത്. ഈ പീഡനം ജാതി പീഡനമാണ്. കൂരാറ ദേശത്തു അത്രമാത്രം വേരുകളുള്ള എന്റെ കുടുംബം ചിലരെ ബഹുമാനിക്കുന്നില്ല, അവരെ കണ്ടാൽ മാനിക്കുന്നില്ല എന്നീ കാരണങ്ങൾ പറഞ്ഞു കടുത്ത പീഡനത്തിന് വിധേയമാക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

കടുത്ത ദാരിദ്രത്തിലും ജാതിശ്രേണിയിൽ പട്ടികജാതിയിൽ ഉൾപ്പെട്ടത്കൊണ്ടും എന്നും കീഴ്പ്പെട്ടു ജീവിക്കുകയായിരുന്നു എന്റെ കുടുംബം. ഇപ്പോൾ ചില അയൽപക്കകാർക്ക് ജാതിവെറിയും കുശുമ്പും കാരണം എന്റെ അമ്മയെയും എന്നെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തിയും പൊതുമധ്യത്തിൽ അപമാനിച്ചും മുന്നോട്ടു പോകുന്നു. ഡിസംബർ 12 നു തൊട്ടടുത്ത വീട്ടിലെ പ്രകാശന്റെയും ലീനയുടെയും മകളുടെ കല്യാണത്തിന് കൂടാൻ പോയ എന്റെ അമ്മയുടെ മുതുകിൽ ചവിട്ടാനും കേട്ടാൽ അറപ്പുളവാക്കുന്ന തെറിയും ഒരുവൻ വിളിച്ചു. നീതിബോധമുള്ള ചില യുവാക്കളും സാമൂഹ്യപ്രവർത്തകരും ഇടപെട്ടതിനെ തുടർന്ന് പ്രസ്തുതവ്യക്തി വീട്ടിൽ വന്നു അമ്മയോട് മാപ്പ് പറഞ്ഞു. കൂരാറ എൽ. പി. സ്കൂളിന് അടുത്തായിട്ടുള്ള അമ്മിണിക്കാവിലാണ് നാം താമസിക്കുന്നത്. കൂരാറ, പാനൂർ, തലശ്ശേരി പ്രദേശങ്ങളിൽ ആധുനിക ആശുപത്രികൾ ഇല്ലാതിരുന്ന കാലത്തു, വീടുകളിൽ പ്രസവം നടക്കുന്ന കാലത്തു അമ്മ ഏതാണ്ട് 1000 കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും പുറംവെളിച്ചം കാണിച്ചുകൊടുത്ത പാവനമായ കരങ്ങളുടെ ഉടമസ്ഥയാണ്. കോമത്തു നാണിയുടെ കരങ്ങൾ അത്രമേൽ പവിത്രമാണ്. അമ്മയുടെ ഭർത്താവിന്റെ അമ്മയായ അമ്മിണിയും ഈ സേവനം നാട്ടുകാർക്ക് ഒരു പ്രതിഫലവും ഇല്ലാതെ ചെയ്തുകൊടുതിട്ടുള്ളതാണ്. അതിന്റെ പ്രത്യുപകാരമാണോ ഇവർ എന്റെ അമ്മയെയും ബന്ധുക്കളേയും ഉപദ്രവിക്കുന്നത്. കുലദൈവങ്ങളെ കെട്ടിയാടി ദേശത്തു അനുഗ്രഹം ചൊരിയുന്ന ദൈവങ്ങളയും നാം ശരീരത്തിൽ ആവാഹിക്കാറുണ്ട്. പക്ഷെ, ആ ദൈവങ്ങൾ ആടയാഭരണങ്ങൾ അഴിച്ചു കഴിഞ്ഞാൽ വെറും പട്ടികജാതിക്കാർ മാത്രമായിമാറുന്നു. അംബേദ്കറുടെ ദലിതുകൾ.

ഞങ്ങൾ സ്വയം അർജിച്ചെടുത്ത ആത്മാഭിമാനത്തെയാണ് ഇവർ ചോദ്യം ചെയ്യുന്നത്. ഈ പീഡനം ജാതി പീഡനമാണ്. കൂരാറ ദേശത്തു അത്രമാത്രം വേരുകളുള്ള എന്റെ കുടുംബം ചിലരെ ബഹുമാനിക്കുന്നില്ല, അവരെ കണ്ടാൽ മാനിക്കുന്നില്ല എന്നീ കാരണങ്ങൾ പറഞ്ഞു കടുത്ത പീഡനത്തിന് വിധേയമാക്കുന്നു.
ഇതു കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ കൂടിയാണ് ഈ തുറന്ന കത്ത്. അടിമകളാവാൻ മനസില്ല. ചരിത്രത്തിൽ ചുട്ടുകൊല്ലപ്പെട്ടവരുടെ തലമുറയാണ് എന്റേത്. മരിക്കാൻ നമുക്ക് മടിയില്ല.
(02.01.22) ഇന്നാണ് അമ്മ എന്നോട് ഈ കാര്യങ്ങൾ എല്ലാം പറഞ്ഞത്. ആത്മാഭിമാനം പണയം വെച്ചു സമാധാന ജീവിതത്തിന് കെഞ്ചേണ്ട അവസ്ഥ നമുക്കില്ലെന്നു ഉറച്ചു വിശ്വസിക്കുന്നു.
ജനാധിപത്യ മൂല്യങ്ങൾ ഇപ്പോഴും അവശേഷിക്കുന്ന സമത്വത്തിന്റെയും സഹോദര്യത്തിന്റെയും രാഷ്ട്രീയ ദർശനമുള്ളവർ ഈ കാര്യം ഗൗരവമായി കാണണം.

 

Latest