Connect with us

Kerala

യു ഡി എഫ് സര്‍ക്കാരിനോട് നശീകരണ ബുദ്ധിയോടെയുള്ള സമീപനം ആയിരിക്കില്ല: പിണറായി വിജയന്‍

പുരോഗതിക്ക് ഉതകുന്നതും ക്ഷേമം ഉറപ്പുവരുത്തുന്നതുമായ പദ്ധതികള്‍ക്ക് എല്‍ ഡി എഫ് പിന്തുണ നല്‍കും

Published

|

Last Updated

കണ്ണൂര്‍ | യു ഡി എഫ് സര്‍ക്കാരിനോട് നശീകരണ ബുദ്ധിയോടെയുള്ള സമീപനം ആയിരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ വ്യക്തമാക്കി. ക്രിയാത്മക പ്രതിപക്ഷമായിട്ടായിരിക്കും തുടരുക. പുരോഗതിക്ക് ഉതകുന്നതും ക്ഷേമം ഉറപ്പുവരുത്തുന്നതുമായ പദ്ധതികള്‍ക്ക് എല്‍ ഡി എഫ് പിന്തുണ നല്‍കുമെന്നും എതിരായ നടപടികളെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വിശദമാക്കി. പിണറായി വിജയന്റെ ജന്‍മനാടായ മമ്പറത്ത് നടത്തിയ സ്വീകരണപരിപാടിയിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.

കേന്ദ്ര അവഗണനയാണ് കേരളം നേരിടുന്ന പ്രധാന പ്രശ്നം. വിലക്കയറ്റത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ അതിന്റെ ഫലം ജനങ്ങളാണ് അനുഭവിക്കുന്നത്. കേന്ദ്ര സമീപനം അറിയാവുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ നയപ്രഖ്യാപനത്തില്‍ ഒരു പരാമര്‍ശവും ഉണ്ടായില്ല. എന്തുകൊണ്ടാണ് പരാമര്‍ശം ഉണ്ടാകാത്തത് എന്നതില്‍ സംശയമുണ്ട്.

സര്‍ക്കാരിന്റെ നയ പ്രഖ്യാപനത്തിന് വ്യക്തമായ നയമില്ലെന്നും ഇത് തിരുത്താന്‍ ഇനിയുള്ള ദിവസങ്ങള്‍ക്കു കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാരിനെ തെറ്റായി ചിത്രീകരിക്കാന്‍ പല വിധത്തില്‍ പ്രചാരണങ്ങളുണ്ടായെന്ന് പിണറായി വിജയന്‍ പറഞ്ഞു. പത്ത് വര്‍ഷമായില്ലേ…ഭരണമാറ്റം വേണ്ടതില്ലേയെന്ന തരത്തില്‍ വ്യാപകമായ പ്രചാരണങ്ങളുണ്ടായെന്നും ചിലരെയെങ്കിലും ഇത്തരം കാര്യങ്ങളില്‍ തെറ്റിധരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടാകാമെന്നും പിണറായി പറഞ്ഞു. എന്നാല്‍, അത്തരം പ്രചാരണങ്ങളും പരാജയങ്ങളും ശാശ്വതമല്ലെന്നും എല്‍ ഡി എഫ് അതിശക്തമായി തിരിച്ചുവരുമെന്നും പിണറായി പറഞ്ഞു.

Latest