Connect with us

Kerala

ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച രഞ്ജിത്ത് സ്‌കൂട്ടറുമായി റോഡില്‍ തെന്നി വീണു.

Published

|

Last Updated

ആറന്മുള | ക്ഷേത്ര കോംപൗണ്ടില്‍ നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ മുളക്കുഴ അരീക്കര മംഗലത്ത് വീട്ടില്‍ മുന്ന എന്ന് വിളിക്കുന്ന രഞ്ജിത്ത്(42) നെയാണ് ആറന്മുള പോലീസ് സാഹസികമായി പിടികൂടിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കോട്ട ഗന്ധര്‍വമുറ്റം ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി വന്ന കോട്ട സ്വദേശിനി ക്ഷേത്രത്തിന് മുന്നില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത ശേഷം ക്ഷേത്രത്തിലേക്ക് പോയി. ദര്‍ശനം കഴിഞ്ഞ് മടങ്ങി വരും മുന്‍പ് പ്രതി സ്‌കൂട്ടറുമായി കടന്നു കളയുകയായിരുന്നു.

സ്ഥലത്തെയും പരിസരങ്ങളിലും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും, പോലീസിന്റെ ഡേറ്റാബേസിലുണ്ടായിരുന്ന പ്രതിയുടെ ചിത്രം തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച വൈകിട്ടോടെ കിടങ്ങന്നൂര്‍ ഭാഗത്തുനിന്ന് മോഷണം പോയ സ്‌കൂട്ടറില്‍ പ്രതി സഞ്ചരിച്ചു വരുന്നതായി മനസ്സിലാക്കിയ പോലീസ് നാല്‍ക്കാലിക്കലില്‍ വെച്ച് വാഹനം തടഞ്ഞു. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച രഞ്ജിത്ത് സ്‌കൂട്ടറുമായി റോഡില്‍ തെന്നി വീണു. തുടര്‍ന്ന് പോലീസ് പ്രതിയെയും മോഷണമുതലായ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂര്‍ പന്തളം ആറന്മുള അടൂര്‍ കിളിമാനൂര്‍ തുടങ്ങി നിരവധി സ്റ്റേഷനുകളിലെ മോഷണക്കേസിലെ പ്രതിയാണ് രഞ്ജിത്ത് എന്ന് പോലീസ് പറഞ്ഞു. ആറന്‍മുള എസ് എച്ച് ഒ സജു വി, എസ് ഐ ആഷില്‍ രവി, സി പി ഒമാരായ അനീഷ്, ജിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest