Connect with us

National

പാലിയേറ്റീവ് പരിചരണം ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി

പാലിയേറ്റീവ് പരിചരണത്തെ അംഗീകരിക്കണമെന്നും അതിനെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമാക്കണമെന്നും ആവശ്യപ്പെട്ട് ബംഗളൂരു സ്വദേശിയായ രാജശ്രീ നാഗരാജുവാണ് ഹർജി നൽകിയത്.

Published

|

Last Updated

ന്യൂഡൽഹി | ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി ഗുരുതര രോഗികൾക്ക് പാലിയേറ്റീവ് പരിചരണം നൽകാൻ അധികാരികൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടി. എട്ടാഴ്ചയ്ക്കുള്ളിൽ, രാജ്യത്ത് പാലിയേറ്റീവ് പരിചരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള നയം വ്യക്തമാക്കുന്ന സമഗ്രമായ മറുപടി ഫയൽ ചെയ്യാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാറിന് നിർദേശം നൽകി. പാലിയേറ്റീവ് പരിചരണത്തെ അംഗീകരിക്കണമെന്നും അതിനെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമാക്കണമെന്നും ആവശ്യപ്പെട്ട് ബംഗളൂരു സ്വദേശിയായ രാജശ്രീ നാഗരാജുവാണ് ഹർജി നൽകിയത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 21 (ജീവന്റെയും സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം) പ്രകാരം പാലിയേറ്റീവ് പരിചരണം ലഭിക്കാനുള്ള അവകാശം ആരോഗ്യത്തിനുള്ള അവകാശത്തിന്റെ ഭാഗമായി പ്രഖ്യാപിക്കണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ സാന്ത്വന പരിചരണത്തിനുള്ള അവകാശം ആരോഗ്യത്തിനും ജീവിതത്തിനുമുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ആർട്ടിക്കിൾ 21 മനുഷ്യന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുമാണ് ഉൾക്കൊള്ളുന്നതെന്നും കോടതി വ്യക്തമാക്കി.

രാജ്യത്ത് നിലവിൽ ഒന്ന് മുതൽ രണ്ട് ശതമാനം വരെ രോഗികൾക്ക് മാത്രമാണ് സാന്ത്വന പരിചരണം ലഭിക്കുന്നതെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജെയ്ന കോത്താരി കോടതിയെ ബോധിപ്പിച്ചു.

ഗുരുതരമായ രോഗങ്ങളാലും മാരകമായ ആരോഗ്യാവസ്ഥകളാലും ബുദ്ധിമുട്ടുന്ന ആളുകൾക്കുള്ള ഒരു പ്രത്യേക വൈദ്യ പരിചരണമാണ് പാലിയേറ്റീവ് പരിചരണം.

Latest