Connect with us

Prathivaram

മനുഷ്യച്ചോരയുടെ ഗന്ധം മാറാത്ത തെരുവുകൾ

യുദ്ധക്കെടുതികളും ആഭ്യന്തര സംഘർഷങ്ങളും ഇറാഖിനെ അശാന്തമാക്കിയ നാളുകൾ. അമേരിക്കൻ സഖ്യസേന നടത്തിയ നിരന്തര ബോംബ് സ്ഫോടനങ്ങളുടെ ഭീതിയിൽ നിന്നും ആ നാട് കരകയറുന്നതേയുള്ളൂ. ഞങ്ങളുടെ ബസ് പാർക്ക് ചെയ്തതിന്റെ സമീപത്തും അന്നൊരു സ്ഫോടനം നടന്നു. പരിഭ്രാന്തരായി ഞങ്ങൾ പുറത്തേക്കിറങ്ങി.

Published

|

Last Updated

എത്രയോ തവണ യാത്ര ചെയ്തിട്ടുണ്ട് ദുബൈ ഇൻ്റർനാഷനൽ എയർപോർട്ടിലൂടെ. എന്നാലും എന്തെങ്കിലും പുതുമയുള്ള അനുഭവങ്ങൾ പകർന്നുനൽകാറുണ്ട് അവിടേക്കുള്ള ഓരോ യാത്രകളും. ഏതാനും നിമിഷങ്ങൾക്കകം വിമാനം എയർപോർട്ടിൽ ലാൻഡ് ചെയ്യും. വിൻഡോയിലൂടെ ഞാൻ വീണ്ടും പുറത്തേക്ക് നോക്കി. പ്രകൃതി ആസ്വദിക്കാൻ വാനയാത്ര ഒരുക്കുന്നത്ര സൗകര്യം മറ്റൊരിക്കലും കിട്ടാറില്ല. നിമിഷങ്ങൾക്കക്കം ജനവാസ കേന്ദ്രങ്ങളും മരുഭൂമിയും കടലും കായലുമെല്ലാം കാഴ്ചയിൽ മിന്നിമറിയുന്ന പ്രതിഭാസമാണത്.

കരിപ്പൂരിൽ നിന്ന് രാവിലെ എട്ടിനായിരുന്നു ഫ്ലൈ ദുബൈ വിമാനം ഞങ്ങളെയും വഹിച്ച് പറന്നുയർന്നത്. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലേക്കാണ് ഞങ്ങൾക്ക് പോകാനുള്ളത്. കേരളത്തിൽ നിന്ന് നേരിട്ട് അവിടേക്ക് ഫ്ലൈറ്റ് സർവീസില്ല. അതിനാൽ ദുബൈയിലിറങ്ങി വേണം യാത്ര തുടരാൻ. നാൽപ്പത്തൊന്ന് അംഗങ്ങളുണ്ട് ഞങ്ങളുടെ ബദ്റുദ്ദുജാ ഹോളിലാൻഡ് ട്രാവൽ സംഘത്തിൽ. ബഹ്റൈനിൽ നിന്നുള്ള ഒരാൾ കൂടെ ചേരാനുണ്ട്. മറ്റൊരാൾക്ക് യു എ ഇ സന്ദർശന വിലക്കുള്ളതിനാൽ സംഘത്തിൽ അംഗമാകാൻ സാധിച്ചിട്ടുമില്ല.
കൊവിഡ് മഹാമാരിയിൽ നിന്നും ലോകം മുക്തമായതിന് ശേഷം ഇതാദ്യമായാണ് ഇറാഖിലേക്ക് യാത്ര തിരിക്കുന്നത്. ഇത്തരമൊരു യാത്രക്ക് പലതവണ ശ്രമിച്ചിരുന്നെങ്കിലും അവസരം ഒത്തു വന്നിരുന്നില്ല. ഇതെൻ്റ നാലാം ഇറാഖ് യാത്രയാണ്. ഏതാണ്ട് പത്ത് വർഷങ്ങൾക്ക് മുമ്പ് ഇക്കാക്ക ബദ്റുസ്സാദാത് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി തങ്ങളുടെ കൂടെയായിരുന്നു ആദ്യ സന്ദർശനം.
പ്രഥമ യാത്രയുടെ സ്മരണകൾ ഇപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല.

യുദ്ധക്കെടുതികളും ആഭ്യന്തര സംഘർഷങ്ങളും ഇറാഖിനെ അശാന്തമാക്കിയ നാളുകൾ. അമേരിക്കൻ സഖ്യസേന നടത്തിയ നിരന്തര ബോംബ് സ്ഫോടനങ്ങളുടെ ഭീതിയിൽ നിന്നും ആ നാട് കരകയറുന്നതേയുള്ളൂ. മനുഷ്യച്ചോരയുടെ ഗന്ധം മാറാത്ത തെരുവുകൾ. ഞങ്ങളുടെ ബസ് പാർക്ക് ചെയ്തതിൻ്റെ സമീപത്തും അന്നൊരു സ്ഫോടനം നടന്നു. പരിഭ്രാന്തരായി ഞങ്ങൾ പുറത്തേക്കിറങ്ങി. എങ്ങുനിന്നും എല്ലാം നഷ്ടപ്പെട്ടവരുടെ നിലവിളികൾ. തകർന്നടിഞ്ഞ വീടുകളും കടകളും. ബഗ്ദാദിൻ്റെ പാതയോരങ്ങളിലൂടെ അന്ന് നടത്തിയ സഞ്ചാരം തീർത്തും അവിസ്മരണീയമായിരുന്നു.

അഞ്ച് മണിക്കൂർ വെയ്റ്റിംഗുണ്ട് ദുബൈ എയർപോർട്ടിൽ. ലോകത്തെ തന്നെ ഏറ്റവും തിരക്കുള്ള വിമാനത്താവളമാണത്. ഓരോ മിനുട്ടിലും ഒരു വിമാനമെങ്കിലും ഇവിടെ ലാൻഡ് ചെയ്യുന്ന ദൃശ്യം ആരെയും ആശ്ചര്യപ്പെടുത്തും. രാത്രിയിലാകുമ്പോൾ ആ കാഴ്ച അതിമനോഹരമാണ്. എത്ര തിരക്കുണ്ടായാലും എല്ലാം കൃത്യനിഷ്ഠതയോടെ പരിപാലിക്കുന്നതിൽ വിമാനത്താവള അധികാരികൾ ഒട്ടും വിട്ടുവീഴ്ച വരുത്താറില്ല. ഇമിഗ്രേഷൻ നടപടികളും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം ഒന്നിനൊന്ന് മികച്ചതാണ്.

ലോക രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന, ആഗോള ഭൂപടത്തിൽ നിർണായക സ്ഥാനമുള്ള പ്രദേശമാണ് യു എ ഇ. ബുർജ് ഖലീഫയും പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന മറ്റു നിർമിതികളും ഐക്യ അറബ് നാടുകളുടെ ഭംഗി വർധിപ്പിക്കുന്നു. ഏറെ അകലെയാണെങ്കിലും എയർപോർട്ടിൽ നിന്ന് നോക്കുമ്പോൾ അവയെല്ലാം കാണാനാകുമെന്നത് ആദ്യമായി ഇവിടെയെത്തുന്നവരിൽ കൗതുകം ജനിപ്പിക്കും.
വർഷത്തിൽ പല തവണ സന്ദർശിക്കാറുള്ള രാജ്യമാണ് യു എ ഇ. ജീവിതത്തിൽ ഈ നാടും നാട്ടുകാരും അത്രമേൽ പ്രിയപ്പെട്ടതായിരിക്കുന്നു.

വർഷങ്ങൾക്ക് മുമ്പ്, ഇക്കാക്ക സയ്യിദ് ഉമറുൽ ഫാറൂഖ് അൽബുഖാരി തങ്ങളുടെ നിർദേശ പ്രകാരമാണ് ആദ്യമായി ദുബൈയിലെത്തിയത്. അന്നത്തെ യു എ ഇയല്ല, ഇന്നത്തെ യു എ ഇ. നിശ്ചയദാർഢ്യത്തിൻ്റെയും ആസൂത്രണ മികവിൻ്റെയും കരുത്തിൽ രൂപത്തിലും ഭാവത്തിലും സർവരെയും ആകർഷിക്കുന്ന അത്ഭുതമാണിന്ന് ഈ രാജ്യം. സമയം നീങ്ങിയതറിഞ്ഞില്ല. അഞ്ച് മണിക്കൂർ അതിവേഗം കടന്നുപോയിരിക്കുന്നു. ബഗ്ദാദിലേക്കുള്ള വിമാനത്തിൻ്റെ അനൗൺസ്മെൻ്റ് മുഴങ്ങി. ഉടൻ സംഘാംഗങ്ങളെയെല്ലാം ഒരുമിച്ച് കൂട്ടി. സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ പോരിശകൾ ഹ്രസ്വമായി വിശദീകരിച്ചു. യാത്ര സുഗമമാകാൻ വേണ്ടി മഹാന്മാരുടെ പേരിൽ സാധ്യമാകുന്നത്ര ഫാതിഹകളും ദിക്റുകളും ചൊല്ലാൻ നിർദേശിച്ചു. തുടർന്ന് നിരയൊപ്പിച്ച് നേരെ പരിശോധനാ കൗണ്ടർ ലക്ഷ്യമാക്കി നടന്നു.

Latest