Connect with us

brahmapuram fire

ബ്രഹ്മപുരം അഞ്ചാം ദിവസവും നീറിപ്പുകയുന്നു; വായു മലിനീകരണത്തിൽ വീർപ്പുമുട്ടി കൊച്ചി

ജില്ലക്ക് പുറത്തേക്കും പുക വ്യാപിച്ചിട്ടുണ്ട്.

Published

|

Last Updated

കൊച്ചി | ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തം നിയന്ത്രണ വിധേയമായെങ്കിലും നഗരത്തിലെ വായു മലിനീകരണം പാരമ്യത്തിലെത്തി. ഇത് അഞ്ചാം ദിവസമാണ് കൊച്ചിയിലും സമീപ പ്രദേങ്ങളിലും പുകകൊണ്ട് മൂടിയിരിക്കുന്നത്. ജില്ലക്ക് പുറത്തേക്കും പുക വ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലെ അരൂരിൽ പുകപടലമാണെന്ന് റിപ്പോർട്ടുണ്ട്. തീപ്പിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ അന്തരീക്ഷത്തിലെ രാസബാഷ്പ മാലിന്യത്തിന്റെ അളവ് വലിയ തോതിൽ വർധിച്ചു.

വായു മലീനീകരണ തോത് നേരത്തേ തന്നെ മോശം അവസ്ഥയിലായിരുന്ന കൊച്ചിയിൽ ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യം കത്തിയതിൽ നിന്നുണ്ടായ വിഷപ്പുക പരന്നത് വായുവിന്റെ ഗുണനിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മാലിന്യ കൂമ്പാരത്തിന് തീപ്പിടിച്ചതിനെ തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ചികിത്സ തേടി.

ഛർദിയും ശ്വാസതടസ്സവും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഭൂരിഭാഗം പേരും ചികിത്സ തേടിയത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പുകയുടെ സാന്നിധ്യം റിപോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൊച്ചിയിലും സമീപത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലും അങ്കൺവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവക്കും ഒന്ന് മുതൽ ഏഴ് വരെയുള്ള സ്കൂൾ ക്ലാസ്സുകൾക്കും ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

അതിനിടെ, ബ്രഹ്മപുരം തീപ്പിടിത്തത്തെ തുടർന്നുണ്ടായ പുകമൂലം നിലവിൽ ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും റിപോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ, ആവശ്യമായ മുൻ കരുതൽ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ബ്രഹ്മപുരത്ത് നിരീക്ഷണ കേന്ദ്രം തുടങ്ങും. നിലവിൽ വൈറ്റിലയിലെയും ബി പി സി എല്ലിലെയും നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം അനുസരിച്ച് വായുവിന്റെ ഗുണനിലവാരത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്ന് ഇന്നലെ കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ മന്ത്രി പി രാജീവ്, മന്ത്രി വീണാ ജോർജ്, മന്ത്രി എം ബി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

തീപ്പിടിച്ചതിന്റെ നാലാം ദിനമായ ഇന്നലെ ഏറെ പരിശ്രമിച്ചാണ് തീ പടരുന്നത് പൂർണമായും ഇല്ലാതാക്കാനായത്. ആദ്യ ദിവസങ്ങളിൽ തീയണച്ച സ്ഥലങ്ങളിൽ ശക്തമായ കാറ്റിന്റെയും ചൂടിന്റെയും പ്രശ്‌നം കൊണ്ട് രണ്ടാമതും തീപ്പിടിത്തമുണ്ടാകുന്ന സാഹചര്യവുമു
ണ്ടായി.

അതേസമയം, ബ്രഹ്മപുരത്ത് വർഷങ്ങളായി കെട്ടിക്കിടക്കുന്ന ടൺകണക്കിന് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാൻ ബെംഗളൂരു ആസ്ഥാനമായ കമ്പനിക്കാണ് കരാർ നൽകിയിരുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് ബയോ മൈനിംഗ് നടത്തണമെന്നായിരുന്നു ഒമ്പത് മാസം കാലാവധിയുള്ള കരാറിലെ വ്യവസ്ഥ. കരാർ കാലാവധി തീർന്നിട്ടും മാലിന്യ സംസ്‌കരണം എങ്ങുമെത്തിയിരുന്നില്ല.

അതിനിടെ, പുകയും മണവും കനത്തതോടെ ഇൻഫോപാർക്ക് മേഖലയിലെ താമസക്കാർ കൂട്ടത്തോടെ പലായനം ചെയ്തു. തീപ്പിടിച്ചത് ബുധനാഴ്ച ആയിരുന്നെങ്കിലും ശനിയാഴ്ചയോടെയാണ് സമീപപ്രദേശമായ കാക്കനാടിനെ ഇത് രൂക്ഷമായി ബാധിച്ചത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest