Connect with us

National

ജാതി സെന്‍സസിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്സ്

സെന്‍സസ് എന്ന് ആരംഭിച്ച് എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്സ്. സെന്‍സസ് എന്ന് ആരംഭിച്ച് എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വിഷയത്തില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും പ്രത്യേക പരിഗണന ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലിമെന്റില്‍ കോണ്‍ഗ്രസ്സ് ജാതി സെന്‍സസ് ആവശ്യം ഉന്നയിച്ചപ്പോള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പിന്നീട് കേന്ദ്രം നിലപാട് മാറ്റിയത് എന്തുകൊണ്ടാണെന്ന് അറിയില്ല. ജാതി സെന്‍സസിലൂടെ പുതിയ വികസന മാതൃകയാണ് കോണ്‍ഗ്രസ്സ് ലക്ഷ്യമെന്നും ഭരണഘടന ഉയര്‍ത്തുന്ന ജാതി സെന്‍സസാണ് കോണ്‍ഗ്രസ് കാഴ്ചപ്പാടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

തെലുങ്കാന ജാതി സെന്‍സസിന്റെ കോണ്‍ഗ്രസ്സ് മാതൃക ആയിരുന്നു. ജാതി സെന്‍സസിന്റെ അനിവാര്യത താഴെക്കിടയിലെ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും രാഹുല്‍ വ്യക്തമാക്കി.

രാജ്യത്ത് പൊതു സെന്‍സസിനോടൊപ്പം ജാതി സെന്‍സസ് നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപിച്ചത്. ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനം.

രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയാണ് കോണ്‍ഗ്രസ്സ് ജാതി സെന്‍സസ് ആശയം ഉയര്‍ത്തുന്നതെന്നും സംസ്ഥാനങ്ങള്‍ നടത്തിയത് ജാതി തിരിച്ചുള്ള സര്‍വേയാണെന്നും ജാതി സെന്‍സസല്ലെന്നും അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.

ബിഹാറില്‍ എന്‍ ഡി എ ഘടകകക്ഷിയായ ജെ ഡി യുവും ജാതി സെന്‍സസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 2011ലാണ് അവസാനമായി രാജ്യത്ത് സെന്‍സസ് നടത്തിയത്. 2021 ല്‍ നടത്തേണ്ട സെന്‍സസ് 2025 ആയിട്ടും നടത്തിയിട്ടില്ല.