Connect with us

Story

മൗനം

എത്ര പെട്ടെന്നാണ് ഒരാൾ മറ്റൊരാളായി പരിണമിക്കുന്നത്...! അച്ഛനേക്കാൾ പേടിയിപ്പോൾ എനിക്ക് അമ്മയെയാണ്. ഇപ്പോൾ ഞാനിവിടെ പക്ഷം ചേരൽ പോയിട്ട് ഒരു തമാശ പറച്ചിൽ പോലുമില്ല.

Published

|

Last Updated

ആർക്കും ആരെയും എപ്പോ വേണേലും കൊല്ലാം. എല്ലാവരുടെ തലക്കു മുകളിലും കൂർത്ത മൂർച്ചയേറിയ വാളുകൾ തൂക്കപ്പെട്ടിരിക്കുന്നു. അപ്പോ പിന്നെ, ബലഹീനന്റെ കാര്യമാണെങ്കിൽ പറയേണ്ടതുമില്ല. ശരിയാ, അവന് പ്രതിരോധമെന്തെന്നറിയാതെ ശീഘ്രം യമപുരിപ്പടിയങ്ങു കടക്കാം.

സത്യത്തിൽ, ഇന്ന് തീരെ സുരക്ഷിതമല്ലാത്തത് മനുഷ്യജീവൻ തന്നെയാണ്. തെരുവുപട്ടികൾപോലും നരജന്മങ്ങളേക്കാൾ സുരക്ഷിതരാണ്.
വീട് ഒരു വല്യ കരുതലിടമാണെന്നും അച്ഛനമ്മമാർ അതിലും വല്യ കാവലാളന്മാരാണെന്നുമൊക്കെയായിരുന്നു നിങ്ങളെപ്പോലെ ഞാനും ധരിച്ചിരുന്നത്. ചില ധാരണകൾ തെറ്റാനും കൂടിയുള്ളതാണെന്ന് മനസ്സിലായത് പോലീസും ബഹളവുമൊക്കെ കണ്ടപ്പോഴാണ്.

അതിൽ പിന്നെ മൗനമാണ് എന്റെ ഭാഷയിപ്പോ. കുടുംബത്തിലെ കുഞ്ഞു വഴക്കിൽ പോലും പക്ഷം ചേരൽ പാടില്ല. കാരണം, എന്റെ സ്നേഹിത സുഷ്മിതയെ കാണാതായതും മൃതശരീരം കിട്ടാൻ രണ്ട് ദിവസം താമസിച്ചതും ഒരു പക്ഷം ചേരലോടെയാണ്.
ഇനി വിചിത്രമായ ആ പക്ഷം ചേരലെന്തായിരുന്നുവെന്ന് അറിയേണ്ടേ..? ഞാൻ പറയാം.
സീരിയൽ കാണുകയായിരുന്നു അമ്മ. അച്ഛൻ റിമോട്ടെടുത്ത് അത് ന്യൂസ് ചാനലിലേക്ക് മാറ്റുന്നു. വഴക്കിടം പിടിച്ചപ്പോൾ അവൾ അച്ഛനൊപ്പം നിന്നു. ധാരാളം.

എത്ര പെട്ടെന്നാണ് ഒരാൾ മറ്റൊരാളായി പരിണമിക്കുന്നത്…! അച്ഛനേക്കാൾ പേടിയിപ്പോൾ എനിക്ക് അമ്മയെയാണ്. ഇപ്പോൾ ഞാനിവിടെ പക്ഷം ചേരൽ പോയിട്ട് ഒരു തമാശ പറച്ചിൽ പോലുമില്ല. മൗനികളാണിവിടെ ഏറെയെങ്കിലും, കൂടുതൽ മൗനീഭവിച്ചവരെ കൊണ്ടിനി ഈ ഭൂലോകം നിറയും. അതാണെന്നെ അലട്ടുന്ന ഏറ്റവും വലിയ ഭയവും.

ഇരുട്ടും വെളിച്ചവും ഭീതിയാവുന്ന അവസ്ഥ സങ്കൽപ്പിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും?

Latest