Editorial
ജനന നിയന്ത്രണത്തിന്റെ തിരിച്ചടികള്‍
ജനസംഖ്യയെ നിയന്ത്രിക്കുകയല്ല, മനുഷ്യവിഭവത്തിന്റെ വളര്‍ച്ച ദീര്‍ഘകാല വികസനത്തിന്റെ ഭാഗമായി കണ്ട് ജനസംഖ്യാ വര്‍ധനവ് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ആത്മഹത്യാപരമാണ് ജനനം നിയന്ത്രിക്കുന്നതും മനുഷ്യവിഭവത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതും.
“മുമ്പ് നാം ജനസംഖ്യാ നിയന്ത്രണ നടപടികളെ പിന്തുണച്ചിരുന്നെങ്കിലും ഇപ്പോള്‍ ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’- ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റേതാണ് ഈ വാക്കുകള്‍. മാത്രമല്ല ആന്ധ്രാപ്രദേശില്‍ ദമ്പതികള്‍ക്ക് ജനിക്കുന്ന മൂന്നാമത് കുട്ടിക്ക് 30,000 രൂപയും നാലാമത് കുട്ടിക്ക് 40,000 രൂപയും സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ചിരിക്കുകയുമാണ് അദ്ദേഹം. കുട്ടികള്‍ ജനിച്ച ഉടനെ പ്രോത്സാഹന സംഖ്യ കൈമാറുമെന്നും ചന്ദ്രബാബു നായിഡു അറിയിച്ചു. ജനസംഖ്യാ കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം.
ഒരു കാലത്ത് വികസനത്തിനു തടസ്സമായി വിലയിരുത്തപ്പെട്ടിരുന്നത് ജനസംഖ്യാ വര്‍ധനവായിരുന്നു. ലോകരാജ്യങ്ങളെല്ലാം “ചെറിയ കുടുംബം, സന്തുഷ്ട കുടുംബം’ എന്ന സന്ദേശം ശക്തമായി പ്രചരിപ്പിച്ചു. കുടുംബാസൂത്രണ ക്യാമ്പുകളും ഗര്‍ഭനിരോധന പ്രചാരണങ്ങളും വ്യാപകമായി. നിര്‍ബന്ധിതമായി തന്നെ കുടുംബാസൂത്രണം അടിച്ചേല്‍പ്പിച്ച രാജ്യങ്ങളുമുണ്ട്. ജനസംഖ്യ നിയന്ത്രിക്കാതെ ദാരിദ്ര്യവും ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും പരിഹരിക്കാനാകില്ലെന്നായിരുന്നു അന്നത്തെ നിലപാട്. മനുഷ്യരുടെ എണ്ണം കുറയ്ക്കലാണ് വികസനത്തിന്റെ ഒന്നാമത്തെ മാനദണ്ഡമെന്ന ആ തെറ്റായ ധാരണ തിരുത്തിക്കൊണ്ടിരിക്കുകയാണ് ഇന്ന് ഇന്ത്യയടക്കം ലോകരാജ്യങ്ങള്‍. “മക്കള്‍ രണ്ട് മതി’യെന്നു പറഞ്ഞ ഭരണകൂടങ്ങള്‍ ഇന്ന് കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ചൈന “ഒറ്റക്കുഞ്ഞ്’ നയം തിരുത്തി മൂന്നാമത്തെ കുഞ്ഞിനെയും പ്രോത്സാഹിപ്പിച്ചു വരുന്നു. വിവാഹിതരാകാനും കുട്ടികളെ ജനിപ്പിക്കാനും യുവാക്കളെ പ്രേരിപ്പിക്കുന്നതിന് സാമ്പത്തികാനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നു. വികസിത രാഷ്ട്രങ്ങള്‍ കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നതും നേരത്തേ സ്വീകരിച്ച ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടിന്റെ അനന്തരഫലമാണ്.
ഏതൊരു രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും യഥാര്‍ഥ കരുത്തും സാമ്പത്തിക അടിത്തറയും മനുഷ്യരാണ്. ജനസംഖ്യയെ നിയന്ത്രിക്കുകയല്ല, മനുഷ്യവിഭവത്തിന്റെ വളര്‍ച്ച ദീര്‍ഘകാല വികസനത്തിന്റെ ഭാഗമായി കണ്ട് ജനസംഖ്യാ വര്‍ധനവ് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ആത്മഹത്യാപരമാണ് ജനനം നിയന്ത്രിക്കുന്നതും മനുഷ്യവിഭവത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതും. ജനസംഖ്യാ നിയന്ത്രണത്തിന് കോടിക്കണക്കിനു രൂപ ഒഴുക്കുകയും പ്രകൃതിസഹജമായ ജനന നിരക്കിനെ കൃത്രിമമായി തളര്‍ത്തുകയും ചെയ്ത ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങള്‍ ഇന്ന് ആവശ്യത്തിന് മനഷ്യവിഭവമില്ലാതെ പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ജനസംഖ്യാ ശാസ്ത്രജ്ഞരുടെ കണക്കനുസരിച്ച് നിലവിലെ ജനസംഖ്യ അതേപടി നിലനില്‍ക്കണമെങ്കില്‍ പ്രത്യുത്പാദന നിരക്ക് 2.1 എങ്കിലും വേണം. എന്നാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത് 1.5നും 1.7നുമിടയിലേക്ക് താഴ്ന്നു കഴിഞ്ഞു. ഭാവിയില്‍ ജനസംഖ്യ കുത്തനെ ഇടിയുമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അന്ധമായ ജനസംഖ്യാവിരുദ്ധ പ്രചാരണങ്ങള്‍ വഴി രാജ്യം നേടിയത് വികസനമല്ല, വാര്‍ധക്യമേറിയ ഒരു സമൂഹത്തെയും ഉത്പാദനക്ഷമതയില്ലാത്ത ഭാവിയെയുമാണ്.
ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ഏറ്റവും വലിയ സമ്പത്ത് യുവജന ശക്തിയാണ്. ശരിയായ വിദ്യാഭ്യാസവും സാങ്കേതിക പരിശീലനവും നല്‍കുകയും തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്താല്‍ മനുഷ്യ സമൂഹത്തെ വികസന ശക്തിയായി മാറ്റാനാകും. ഇന്ത്യയുടെ ഐ ടി വളര്‍ച്ചയും ഈ സേവന മേഖലയിലെ കുതിപ്പും മതിയായ ഉദാഹരണമാണ്. ജനസംഖ്യയെ ഭീഷണി മാത്രമായി കാണുകയും അതിനെ നിയന്ത്രിക്കുകയും ചെയ്യുന്നത് ദൂരദര്‍ശിത്വമില്ലാത്ത നിലപാടാണ്. അധ്വാനിക്കുന്ന കൈകളുടെ എണ്ണം കുറയുമ്പോള്‍ സമൂഹത്തിലെ ആശ്രിതത്വ നിരക്ക് വര്‍ധിക്കുന്നു. അഥവാ നികുതി അടയ്ക്കാനും സമ്പത്ത് ഉത്പാദിപ്പിക്കാനും പ്രാപ്തരായ യുവാക്കളുടെ എണ്ണം കുറയുകയും പെന്‍ഷനും ആരോഗ്യപരിപാലനത്തിനും ഭീമമായ തുക ചെലവഴിക്കേണ്ടി വരുന്ന വയോധികരുടെ എണ്ണം കൂടുകയും ചെയ്യുന്നു. ഇത് സംസ്ഥാനങ്ങളുടെ സാമ്പത്തിക അടിത്തറയെ തകിടം മറിക്കും. ഇതിനൊപ്പം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കാത്തിരിക്കുന്ന മറ്റൊരു ഭീഷണിയാണ് മണ്ഡല പുനര്‍നിര്‍ണയം. ജനസംഖ്യ നിയന്ത്രിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പാര്‍ലിമെന്റില്‍ സീറ്റുകളുടെ എണ്ണം കുറയുകയും നിയന്ത്രണം കാര്യമായി നടപ്പാക്കാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ കൂടുകയും ചെയ്യും. ഇത് വലിയ തോതിലുള്ള രാഷ്ട്രീയ അസന്തുലിതാവസ്ഥ സൃഷ്ടിക്കും.
ജനസംഖ്യ വര്‍ധിക്കുന്നത് പാര്‍പ്പിട പ്രശ്‌നവും ഭക്ഷ്യക്ഷാമവും സൃഷ്ടിക്കുമെന്ന വാദം
ബാലിശമാണ്. മനുഷ്യരുടെ എണ്ണക്കൂടുതലല്ല, ലഭ്യമായ ഭൂമിയുടെയും വിഭവങ്ങളുടെയും വിനിയോഗത്തിലെ കാര്യക്ഷമതയില്ലായ്മയാണ് യഥാര്‍ഥ പ്രശ്‌നം. ഇന്ത്യയിലുടനീളം ലക്ഷക്കണക്കിനു ഹെക്ടര്‍ ഭൂമിയാണ് യാതൊരു ഉപയോഗവുമില്ലാതെ തരിശായി കിടക്കുന്നത്. സര്‍ക്കാറിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും കൈവശമുള്ള ഈ തരിശുഭൂമി കൃത്യമായ പ്ലാനിംഗോടെ വിനിയോഗിച്ചാല്‍ പാര്‍പ്പിട പ്രശ്‌നത്തിന് പരിഹാരമാകും. മനുഷ്യവിഭവത്തിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്കാവശ്യമായ പാര്‍പ്പിടവും തൊഴിലവസരവും ഒരുക്കാന്‍ തരിശുഭൂമികളെ ഉപയോഗപ്പെടുത്തുകയുമാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്. തരിശുഭൂമി ഉത്പാദനക്ഷമമായ കാര്‍ഷിക മേഖലകളും അത്യാധുനിക വ്യവസായ പാര്‍ക്കുകളുമായി മാറ്റിയെടുക്കാന്‍ സാധിക്കും. പ്രകൃതിദത്തമായ മനുഷ്യവിഭവ ശേഷിയെ സന്തോഷത്തോടെ സ്വീകരിക്കുകയും അവര്‍ക്ക് ജീവിക്കാന്‍ തരിശുഭൂമികളെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന പുതിയ വികസന മാതൃക രൂപപ്പെടുത്തേണ്ടിയിരിക്കുന്നു ഭരണകൂടങ്ങള്‍.







