Connect with us

Kerala

അയോധ്യാ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവരുടെ നിലപാടിലേക്ക് ലീഗ് എത്തി; സാദിഖലി തങ്ങളെ പ്രകീര്‍ത്തിച്ച് ജന്മഭൂമി മുഖപ്രസംഗം

'ലീഗ് നിലപാട് മറ്റുള്ളവരെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കും. നിലപാട് മാറ്റത്തില്‍ രാഷ്ട്രീയ സമ്മര്‍ദം കണ്ടേക്കാമെങ്കിലും ശരിയായ സമീപനം.'

Published

|

Last Updated

കോഴിക്കോട് | അയോധ്യയില്‍ ബാബ്‌രി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകമെന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസംഗത്തെ പ്രകീര്‍ത്തിച്ച് സംഘ്പരിവാര്‍ മുഖപത്രമായ ജന്മഭൂമി. രാജ്യത്തിന്റെ മുഴുവന്‍ അഭിമാനമായി അയോധ്യയില്‍ ഉയര്‍ന്നുവന്നിരിക്കുന്ന രാമക്ഷേത്രത്തെ പിന്തുണച്ചുകൊണ്ടുള്ള മുസ്‌ലിം ലീഗ് നിലപാട് ഒരേസമയം സ്വാഗതാര്‍ഹവും കൗതുകകരവുമാണെന്നാണ് ‘അയോധ്യാ രാമക്ഷേത്രം ലീഗിനോട് പറയുന്നത്’ എന്ന തലവാചകത്തിലെഴുതിയ എഡിറ്റോറിയല്‍ പറയുന്നത്.

രാമക്ഷേത്ര നിര്‍മാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന് സാദിഖലി തങ്ങള്‍ തന്നെയാണ് വ്യക്തമാക്കിയത്. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണെന്നും ബഹുസ്വര സമൂഹത്തില്‍ അത് അംഗീകരിക്കപ്പെടേണ്ടതാണെന്നും വ്യക്തമാക്കിയിരിക്കുന്നത് മുസ്‌ലിം ലീഗിന്റെ അവസാന വാക്കായി കരുതപ്പെടുന്ന അതിന്റെ പരമോന്നത നേതാവ് തന്നെയാണ് എന്ന് പറഞ്ഞ് സംഘ്പരിവാര്‍ പത്രം സാദിഖലി തങ്ങളെ പ്രകീര്‍ത്തിക്കുന്നു. രാമക്ഷേത്രവും നിര്‍മിക്കാന്‍ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്നും കോടതിവിധി അനുസരിച്ചാണ് ക്ഷേത്രം നിര്‍മിച്ചതെന്നും ലീഗിന്റെ അധ്യക്ഷന്‍ പറഞ്ഞിരിക്കുന്നതില്‍ തീര്‍ച്ചയായും പുതുമയുണ്ട്.- എഡിറ്റോറിയല്‍ വിശദീകരിക്കുന്നു.

അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണക്കുന്നതായി ലീഗിന്റെ ചില നേതാക്കള്‍ മുന്‍കാലത്ത് അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും അവരാരും ആ നിലപാട് പരസ്യമായി പറയാന്‍ തയ്യാറായിരുന്നില്ല. അയോധ്യാ പ്രക്ഷോഭത്തെയും രാമക്ഷേത്രത്തെയും എതിര്‍ത്തവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു ലീഗ് നേതൃത്വം ചെയ്തിരുന്നത്. രാമക്ഷേത്രത്തോടുള്ള മുസ് ലിം ലീഗിന്റെ നിലപാട് മാറ്റം വൈകിയുദിച്ച വിവേകമായി കാണുന്നവരുണ്ടാകാം. എന്നാല്‍ നല്ല കാര്യങ്ങള്‍ എപ്പോള്‍ ചെയ്താലും വൈകിയെന്ന് പറയാനാകില്ല.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ എടുത്തിട്ടുള്ള നിലപാട് ഗുണപരമായ ചില മാറ്റങ്ങള്‍ക്കുള്ള വഴിയൊരുക്കാനുള്ള സാധ്യതയുണ്ടെന്നും എഡിറ്റോറിയല്‍ പറയുന്നു. രാമക്ഷേത്രം മുസ്‌ലിംകള്‍ക്കെതിരല്ലെന്നും തര്‍ക്കമന്ദിരം മസ്ജിദായി കരുതുന്നുവെങ്കില്‍ അത് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാവുന്നതുമാണെന്ന് അയോധ്യാ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ നേരത്തെ പറഞ്ഞ നിലപാടിലേക്ക് മുസ്‌ലിം ലീഗ് എത്തിച്ചേര്‍ന്നതില്‍ രാഷ്ട്രീയ സമ്മര്‍ദം കണ്ടേക്കാമെങ്കിലും ഇന്നത്തെ നിലക്ക് അത് ശരിയായ നിലപാടാണെന്നുമാണ് മുഖപത്രം പറയുന്നത്.

മതവിശ്വാസികളായ മുസ്‌ലിംകളെ ഏറ്റവും പ്രതിനിധീകരിക്കുന്നത് മുസ്‌ലിം ലീഗാണെന്നും രാഷ്ട്രീയത്തിലും ഭരണത്തിലും അവര്‍ പ്രബല ശക്തിയാണെന്നും അന്ധമായ ഹിന്ദു വിരോധം കൊണ്ടുനടക്കുന്നവരെ ലീഗ് നിലപാട് വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുമെന്നും ജന്മഭൂമി പ്രശംസിക്കുന്നു.

നിര്‍മിച്ചു കൊണ്ടിരിക്കുന്ന രാമക്ഷേത്രവും പണി ആരംഭിക്കാനിരിക്കുന്ന പള്ളിയും ഒരുപോലെ മതേതരത്വത്തിന്റെ പ്രതീകമാണെന്നായിരുന്നു മലപ്പുറം മഞ്ചേരിക്കടുത്ത് പുല്‍പ്പറ്റയില്‍ പാര്‍ട്ടി സമ്മേളനത്തില്‍ നടത്തിയ സാദിഖലി തങ്ങളുടെ പ്രസംഗം. രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളുടെയും ആഗ്രഹമാണ് രാമക്ഷേത്രം. അതൊരു യാഥാര്‍ഥ്യമാണ്. അതില്‍ നിന്ന് പിറകോട്ട് പോകാന്‍ കഴിയില്ല. ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ് ഇവ രണ്ടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.