Connect with us

Editorial

ജനാധിപത്യത്തിന്റെ ഭാവി വോട്ടര്‍മാരുടെ കരങ്ങളില്‍

ജനാധിപത്യത്തിന്റെ കാവലാളുകളാണ് വോട്ടര്‍മാര്‍. കക്ഷിരാഷ്ട്രീയത്തോടുള്ള അതൃപ്തിയും മടുപ്പും വോട്ട് രേഖപ്പെടുത്താതിരിക്കാന്‍ ഇടയാക്കരുത്. നിലവിലെ മോശം രാഷ്ട്രീയ സാഹചര്യങ്ങളെയും സംവിധാനങ്ങളെയും തിരുത്താനുള്ള ആയുധമായി അത് ഉപയോഗപ്പെടുത്തണം.

Published

|

Last Updated

കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. ജനാധിപത്യ പ്രക്രിയയിലെ പങ്കാളികളാണ് സമ്മതിദാനാവകാശമുള്ള ഓരോ പൗരനും. ഭരണഘടന പൗരന് നല്‍കുന്ന കേവലമൊരു ആനുകൂല്യമല്ല സമ്മതിദാനാവകാശം, അനിവാര്യമായും നിര്‍വഹിക്കേണ്ട കര്‍മവും കടമയും കൂടിയാണ്. അവകാശങ്ങള്‍ ഉപയോഗിക്കപ്പെടുമ്പോള്‍ മാത്രമേ അവക്ക് അര്‍ഥവും പ്രസക്തിയുമുണ്ടാകൂ. വിനിയോഗിക്കപ്പെടാത്ത അവകാശങ്ങള്‍ തുരുമ്പിച്ച ആയുധം പോലെ നശിക്കും. പൗരന്മാരുടെ നിസ്സംഗത മുതലെടുത്ത് അധികാരിവര്‍ഗം എന്നെന്നേക്കുമായി അതില്ലാതാക്കാന്‍ ശ്രമിക്കും. പല വിദേശ രാജ്യങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങി പോരാടിയാണ് വോട്ടവകാശം നേടിയെടുത്തത്. ഇന്ത്യന്‍ ജനതക്ക് അത്തരമൊരു പോരാട്ടത്തിന്റെ ആവശ്യമുണ്ടായില്ല. എന്നുവെച്ച് അതിനെ നിസ്സാരവും വില കുറഞ്ഞതുമായി കാണരുത്. ഭരണഘടനയിലൂടെ ലഭിച്ചുവെന്നതു കൊണ്ട് അതിന്റെ മൂല്യം കുറയുന്നില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പ്പട്ടിക പ്രകാരം 2.69 കോടിയിലധികം വരും (2.69,53,644) സംസ്ഥാനത്തെ വോട്ടര്‍മാരുടെ എണ്ണം. ഇവരില്‍ എത്ര പേര്‍ വോട്ട് രേഖപ്പെടുത്തും? സാക്ഷരതയും രാഷ്ട്രീയ അവബോധവും കാരണം മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വോട്ടിംഗ് ശതമാനം പാടേ താഴാറില്ലെങ്കിലും 80 ശതമാനത്തിനപ്പുറം കടക്കുക അപൂര്‍വമാണ്. 70നും 80നുമിടയിലാണ് സാധാരണ ഗതിയില്‍ പോളിംഗ് ശതമാനം. 20-25 ശതമാനം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കാറില്ല. ഞാന്‍ വോട്ട് ചെയ്തില്ലെങ്കിലെന്ത്? ഒരു വോട്ട് കൊണ്ടെന്ത് സംഭവിക്കാനാണ്? എന്ന ചിന്തയാണ് പലരെയും പോളിംഗ് ബൂത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത്. എന്നാല്‍ ഒരു വോട്ട് തിരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിച്ച സംഭവങ്ങള്‍ രാജ്യത്ത് കുറവല്ല.

2008ലെ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഥ്ദ്വാര മണ്ഡലത്തില്‍ നിന്ന് പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് സി പി ജോഷി, ബി ജെ പിയിലെ കല്യാണ്‍സിംഗ് ചൗഹാനോട് പരാജയപ്പെട്ടത് ഒരു വോട്ടിനായിരുന്നു. അന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട വ്യക്തിയായിരുന്നു സി പി ജോഷി. രാഷ്ട്രീയ ആലസ്യം മൂലം സ്വന്തം കുടുംബത്തിലെ ചിലര്‍ വോട്ട് രേഖപ്പെടുത്താതിരുന്നതാണ് ജോഷിക്ക് വിനയായത്. 2014ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സന്തേമരഹള്ളി മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിലെ എ ആര്‍ കൃഷ്ണമൂര്‍ത്തി, ജെ ഡി എസ് സ്ഥാനാര്‍ഥി ആര്‍ ധ്രുവനാരായണനോട് പരാജയപ്പെട്ടത് ഒരു വോട്ടിനാണ്. കൃഷ്ണമൂര്‍ത്തിയുടെ ഡ്രൈവര്‍ വോട്ട് ചെയ്തിരുന്നില്ല. 2020ലെ കൊച്ചി കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ എറണാകുളം സൗത്ത് ഡിവിഷനില്‍ നിന്ന് (62ാം വാര്‍ഡ്) എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ബിന്ദുശിവന്‍ ഒരു വോട്ടിനാണ് യു ഡി എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ഓരോ വോട്ടും എത്ര വിലപ്പെട്ടതാണെന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സംഭവങ്ങള്‍.
വോട്ടര്‍മാരുടെ രാഷ്ട്രീയ ആലസ്യം മാത്രമല്ല, ഭരണകൂടങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നിരുത്തരവാദപരമായ നിലപാട് കൂടിയാണ് പല വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിക്കാതെ മാറിനില്‍ക്കുന്നതിനു പിന്നില്‍. അഴിമതി, വികസന മുരടിപ്പ്, അവസരവാദ രാഷ്ട്രീയം തുടങ്ങിയ രാഷ്ട്രീയ അധാര്‍മികത വോട്ടര്‍മാരില്‍ രാഷ്ട്രീയ ആലസ്യം വളര്‍ത്തുന്നു. ജനകീയ നയങ്ങളില്‍ ഊന്നി, അഴിമതിരഹിത- ജനക്ഷേമ ഭരണം കാഴ്ച വെച്ചെങ്കില്‍ മാത്രമേ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരല്ലാത്തവര്‍, സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ മുന്നോട്ട് വരികയുള്ളൂ. “ആര് ജയിച്ചാലും എനിക്കെന്ത്’ എന്ന അരാഷ്ട്രീയ ചിന്ത സമൂഹത്തില്‍ വളരുന്നത് ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് ക്ഷതമേല്‍പ്പിക്കും. രാജ്യത്ത് സ്വേഛാധിപത്യപരമായ പ്രവണത ക്ഷണിച്ചു വരുത്തുകയും ചെയ്യും. രേഖപ്പെടുത്താത്ത ഓരോ വോട്ടും അര്‍ഹതയില്ലാത്തവര്‍ക്ക് അധികാരത്തിലേറാനുള്ള പഴുതാകാന്‍ സാധ്യതയുണ്ട്. എന്റെ കൂടി കൈകളിലാണ് ജനാധിപത്യത്തിന്റെ ഭാവിയെന്ന ബോധം അനിവാര്യമാണ് ഓരോ വോട്ടര്‍ക്കും. ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങളെ അംഗീകരിക്കുന്നതിനു തുല്യമാണ് തിരഞ്ഞെടുപ്പുകളോട് പുറംതിരിഞ്ഞു നില്‍പ്പ്.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ഇന്ന് പ്രചാരണം കൂടുതല്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതിവേഗം പ്രചരിക്കുന്നതോടൊപ്പം തെറ്റായ പ്രചാരണങ്ങളും വ്യാജവാര്‍ത്തകളും വന്‍തോതില്‍ പടരുന്നുണ്ട് സോഷ്യല്‍ മീഡിയകളില്‍. ഇത്തരം പ്രചാരണങ്ങളില്‍ വഞ്ചിതരാകാതെ കാര്യങ്ങള്‍ ശരിയായും കൃത്യമായും നിരീക്ഷിച്ചും മനസ്സിലാക്കിയുമായിരിക്കണം വോട്ടുകള്‍ രേഖപ്പെടുത്തേണ്ടത്.

ജനാധിപത്യത്തിന്റെ കാവലാളുകളാണ് വോട്ടര്‍മാര്‍. കക്ഷിരാഷ്ട്രീയത്തോടുള്ള അതൃപ്തിയും മടുപ്പും വോട്ട് രേഖപ്പെടുത്താതിരിക്കാന്‍ ഇടയാക്കരുത്. നിലവിലെ മോശം രാഷ്ട്രീയ സാഹചര്യങ്ങളെയും സംവിധാനങ്ങളെയും തിരുത്താനുള്ള ആയുധമായി അത് ഉപയോഗപ്പെടുത്തണം. ആരെ അധികാരത്തിലെത്തിക്കുമെന്നതിലുപരി ജനാധിപത്യത്തിന്റെ ഗുണനിലവാരം എന്താകും, എന്താകണം എന്ന് നിര്‍ണയിക്കുന്ന പ്രക്രിയ കൂടിയാണ് തിരഞ്ഞെടുപ്പ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ആദര്‍ശ രാഷ്ട്രീയത്തില്‍ ഊന്നിയുള്ള പ്രചാരണവും ജനങ്ങളെ കേന്ദ്രീകരിച്ചുള്ള നയങ്ങളും മുന്നോട്ട് വെക്കുകയും വോട്ടര്‍മാര്‍ ബോധപൂര്‍വമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ജനാധിപത്യം സാര്‍ഥകമാകുകയുള്ളൂ. വികാരങ്ങള്‍ക്കടിപ്പെടാതെയും പൊള്ളയായ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകാതെയും സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെയും സ്ഥാനാര്‍ഥിയുടെ യോഗ്യതയും രാഷ്ട്രീയ നിലവാരവും മതേതരത്വ നിലപാടും പരിഗണിച്ചാകട്ടെ ഓരോ വോട്ടറുടെയും സമ്മതിദാനാവാകാശ വിനിയോഗം.

Latest