Connect with us

Articles

അവസാനിക്കുന്നത് പോരാട്ടങ്ങളുടെ യുഗം

അധികാരത്തിന്റെ സൗഭാഗ്യങ്ങളിലേക്കോ സമ്പത്തിന്റെ പ്രലോഭനങ്ങളിലേക്കോ വീഴാത്ത കമ്മ്യൂണിസ്റ്റ് മൂല്യബോധത്തിന്റെ ആള്‍രൂപമായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യ.

Published

|

Last Updated

ബുദ്ധദേവ് ഭട്ടാചാര്യ വിടപറഞ്ഞിരിക്കുന്നു. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സി പി എമ്മിന്റെ മുന്‍ പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു അദ്ദേഹം.

1966ല്‍ സി പി എം അംഗത്വത്തിലേക്ക് വന്ന അദ്ദേഹം 1968ല്‍ ഡി വൈ എഫ് ഐയുടെ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയായി. 1971ല്‍ സി പി എം സംസ്ഥാന കമ്മിറ്റിയംഗവും 1982ല്‍ സെക്രട്ടേറിയറ്റ് അംഗവുമായി. 1984 മുതല്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായിരുന്നു.

ലാളിത്യം നിറഞ്ഞ ജീവിതം നയിച്ച ബുദ്ധദേവ് അവസാന നാളുകളില്‍ തെക്കന്‍ കൊല്‍ക്കത്തയിലെ ബാലിഗഞ്ചിലുള്ള രണ്ട് മുറി മാത്രമുള്ള ഫ്‌ലാറ്റിലാണ് കഴിഞ്ഞിരുന്നത്. പശ്ചിമ ബംഗാളിലെ മന്ത്രിയും മുഖ്യമന്ത്രിയുമായ അദ്ദേഹത്തിന്റെ ജീവിതം എന്നും കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ പുണര്‍ന്നിട്ടുള്ളതായിരുന്നു. അധികാരത്തിന്റെ സൗഭാഗ്യങ്ങളിലേക്കോ സമ്പത്തിന്റെ പ്രലോഭനങ്ങളിലേക്കോ വീഴാത്ത കമ്മ്യൂണിസ്റ്റ് മൂല്യബോധത്തിന്റെ ആള്‍രൂപമായിരുന്നു അദ്ദേഹം. ബുദ്ധദേവിന്റെ ലാളിത്യവും സത്യസന്ധതയും മാതൃകയാക്കേണ്ടതാണ്.

ബുദ്ധദേവ് ഭട്ടാചാര്യയുടെ നിര്യാണത്തോടെ പശ്ചിമ ബംഗാളിലെ പോരാട്ടങ്ങളുടെ ഒരു യുഗം അവസാനിച്ചുവെന്നാണ് പ്രകാശ് കാരാട്ട് ഒരു കുറിപ്പില്‍ പറഞ്ഞത്. വിദ്യാര്‍ഥി കാലം മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായ അദ്ദേഹം വിദ്യാര്‍ഥി യുവജന പ്രക്ഷോഭങ്ങളിലൂടെയാണ് ബംഗാളിന്റെ നേതാവായി ഉയര്‍ന്നത്. എഴുത്തുകാരനും കലാസാഹിത്യ രംഗങ്ങളില്‍ നിരന്തരമായി ഇടപെടുന്ന കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും ഭരണാധികാരിയുമായിരുന്നു അദ്ദേഹം. പാര്‍ട്ടിയോടും ബംഗാളിനോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ഏറെ പ്രശംസനീയമായിരുന്നു.

34 വര്‍ഷക്കാലത്തെ ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാറിന്റെ അനുഭവങ്ങളുടെ ചരിത്രം അവസാനിച്ചത് ബുദ്ധദേവ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. യു പി എ സര്‍ക്കാറിന്റെ അമേരിക്കന്‍ അനുകൂല നയങ്ങള്‍ക്കെതിരായ ഇടതുപക്ഷത്തിന്റെ ശക്തമായ നിലപാടുകളാണ് സി പി എമ്മിനും ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാറിനുമെതിരായ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ആക്കംകൂട്ടിയത്.

ബംഗാളിന്റെ വ്യവസായവത്കരണ നടപടികളുടെ ഭാഗമായാണ് നന്ദിഗ്രാമിലും സിങ്കൂരിലുമെല്ലാം സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടികളാരംഭിച്ചത്. ഭൂമിയേറ്റെടുക്കലും അത് കര്‍ഷക ജനങ്ങളിലുണ്ടാക്കിയ പ്രതിഷേധവും മുതലെടുത്തുകൊണ്ട് വലതുപക്ഷ ശക്തികളുടെ മഹാസഖ്യം നന്ദിഗ്രാമില്‍ കലാപം വളര്‍ത്തുകയായിരുന്നു. നന്ദിഗ്രാം സംഭവങ്ങള്‍ പോലീസിന്റെ ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമായിരുന്നു. നന്ദിഗ്രാം സംഭവത്തിന്റെ പേരില്‍ വലിയ ആക്ഷേപങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കും ബുദ്ധദേവിന് അക്കാലത്തെ മുഖ്യമന്ത്രിയെന്ന നിലക്ക് ഇരയാകേണ്ടിവന്നു. വര്‍ഗീയതക്കും ന്യൂനപക്ഷ മര്‍ദനങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും രാജ്യത്തിന്റെ മതനിരപേക്ഷ ഘടനയെ സംരക്ഷിക്കാന്‍ നേതൃത്വം കൊടുക്കുകയും ചെയ്ത ചരിത്രമാണ് ബുദ്ധദേവിനുള്ളത്. കലാ, സാഹിത്യ, സാംസ്‌കാരിക പാരമ്പര്യങ്ങളില്‍ നിന്ന് ഊര്‍ജം വലിച്ചെടുത്ത ബുദ്ധദേവ് തന്റെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ബംഗാളിന്റെ സര്‍ഗാത്മക ജീവിതത്തെ സജീവമാക്കി നിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു.