Connect with us

Editorial

കൊളീജിയം ശിപാർശ പുനഃപരിശോധിക്കണം

വിദ്വേഷ പ്രചാരകയായ അഭിഭാഷകയെ മദ്രാസ് ഹൈക്കോടതിയുടെ ബഞ്ചിൽ കുടിയിരുത്താനുള്ള ശിപാർശ കൊളീജിയത്തിൽ നിന്നു വന്നത് ദുരൂഹമാണ്. മദ്രാസ് ഹൈക്കോടതി ജഡ്ജിമാർ ആവശ്യപ്പെട്ടതു പോലെ ഇക്കാര്യത്തിൽ പുനരാലോചനക്ക് കൊളീജിയം തയ്യാറാകേണ്ടതുണ്ട്.

Published

|

Last Updated

ആശങ്കാജനകവും അമ്പരപ്പുളവാക്കുന്നതുമാണ് മദ്രാസ് ഹൈക്കോടതി അഭിഭാഷകയായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കണമെന്ന കൊളീജീയത്തിന്റെ ശിപാര്‍ശ. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരായ വെങ്കിട്ടാചാരി ലക്ഷ്മി നാരായണന്‍, പിള്ളപ്പാക്കം ബഹുകുടുമ്പി ബാലാജി, രാമസ്വാമി നീലകണ്ഠന്‍, കുന്ദസ്വാമി കുളന്തൈവേലു രാമകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പമാണ് ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെയും ജഡ്ജിയായി ഉയര്‍ത്താന്‍ ജനുവരി 17ന് കൊളീജിയം ശിപാര്‍ശ ചെയ്തത്.

മുഴുത്ത വര്‍ഗീയ വാദിയും വിദ്വേഷ പ്രചാരകയും ബി ജെ പി മഹിളാമോര്‍ച്ച നേതാവുമാണ് തമിഴ്നാട്ടിലെ നാഗര്‍കോവില്‍ സ്വദേശിയായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി. ഇത്തരമൊരു വ്യക്തിയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്തു എന്‍ ജി ആര്‍ പ്രസാദ്, ആര്‍ വൈഗൈ, എസ് എസ് വാസുദേവന്‍, അന്നാ മാത്യു, ഡി നാഗശൈല തുടങ്ങി മദ്രാസ് ഹൈക്കോടതി ബാര്‍ കൗണ്‍സിലിലെ പ്രമുഖ അഭിഭാഷകര്‍ തന്നെ രംഗത്തു വന്നിട്ടുണ്ട്. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കെതിരെ നിരന്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്ന ഗൗരിയെ ജഡ്ജിയാക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതക്ക് വിഘാതമാവുമെന്നും അവരെ ജഡ്ജിയാക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും സുപ്രീം കോടതി കൊളീജിയത്തിനും കത്തയച്ചിട്ടുമുണ്ട് അഭിഭാഷക സംഘം. മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ വിദ്വേഷപ്രസംഗം നടത്തിയതിന് വിമര്‍ശനം നേരിട്ടയാളാണ് വിക്ടോറിയ ഗൗരി. ഇവരുടെ നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ഇങ്ങനെയൊരാളെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത് അധാര്‍മികമാണെന്നും കത്തില്‍ കൂട്ടിക്കാട്ടുന്നു. മുസ്്‌ലിം, ക്രിസ്തീയ വിഭാഗങ്ങള്‍ക്കെതിരെ യൂട്യൂബിലൂടെ വിക്ടോറിയ ഗൗരി നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളും ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ 2012 ഓക്ടോബറില്‍ അവര്‍ എഴുതിയ ക്രിസ്തീയ വിരുദ്ധ ലേഖനവും സഹിതമാണ് കത്ത് നല്‍കിയത്.

ഹിന്ദുത്വ അജന്‍ഡകള്‍ സമസ്ത മേഖലകളിലും അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലവില്‍. ന്യൂനപക്ഷങ്ങള്‍ ഭീതിയോടെയും ആശങ്കയോടെയുമാണ് കഴിയുന്നത്. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന നിയമനിര്‍മാണങ്ങള്‍ വരെ നടന്നു വരുന്നു പാര്‍ലിമെന്റില്‍. ജുഡീഷ്യറിയെയാണ് ഇതുപോലുള്ള ഘട്ടത്തില്‍ ഭരണകൂട ഭീകരതയുടെ ഇരകള്‍ അഭയകേന്ദ്രമായി കാണുന്നതും പ്രതീക്ഷയര്‍പ്പിക്കുന്നതും. ഈ പ്രതീക്ഷ സാര്‍ഥകമാകണമെങ്കില്‍ കോടതികളെ നിയന്ത്രിക്കുന്നവര്‍ നിഷ്പക്ഷമതികളും രാജ്യത്തിന്റെ ബഹുസ്വര നിലപാടിനെ അംഗീകരിക്കുന്നവരും ജനാധിപത്യത്തിന്റെയും മതേതരത്തിന്റെയും കാവലാളുകളുമാകണം. മതതീവ്രവാദികളോ ന്യൂനപക്ഷവിരുദ്ധരോ ആകരുത്. പ്രത്യുത ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ ജുഡീഷ്യറിയില്‍ നിന്നു നീതി ലഭിക്കണമെന്നില്ല. ബാബരി മസ്ജിദ് ഭൂമി തര്‍ക്കം, കശ്മീരിന്റെ പ്രത്യേക അവകാശം, സി എ എ തുടങ്ങി നിരവധി കേസുകളിലെ കോടതി തീര്‍പ്പുകള്‍ നമ്മുടെ മുമ്പിലുണ്ട്. ഈ കേസുകളിലൊന്നും സുതാര്യമല്ല സുപ്രീംകോടതികളുടെ തീര്‍പ്പെന്നും ഭരണഘടനാപരമായ ധാര്‍മികത നിറവേറ്റുന്നതില്‍ കോടതിയുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്നും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ പി ഷാ ഉള്‍പ്പെടെ പ്രമുഖ നിയമജ്ഞര്‍ തന്നെ ചൂണ്ടിക്കാട്ടിയതാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ പോലുള്ള കടുത്ത ഹിന്ദുത്വവാദികള്‍ ജഡ്ജിയായി നിയമിതമായാല്‍ എന്താകും ജുഡീഷ്യറിയുടെ അവസ്ഥ? ന്യൂനപക്ഷ മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതിയില്‍ നിന്ന് നീതി ലഭ്യമാകുമോ? ജഡ്ജി നിയമനവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന കൊളീജിയം- ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ തര്‍ക്കത്തില്‍ കൊളീജിയത്തെ അനുകൂലിക്കുന്നവരാണ് നിയമജ്ഞരിലും പൊതുസമൂഹത്തിലും കൂടുതല്‍ പേരും.

ജുഡീഷ്യല്‍ നിയമനങ്ങള്‍ ജഡ്ജിമാര്‍ സ്വന്തമായി തീരുമാനിക്കുന്നതിലെ അതാര്യതയെക്കുറിച്ചു അറിയാത്തതു കൊണ്ടല്ല, മറിച്ചു ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാന്‍ എക്സിക്യൂട്ടീവിന്റെ സകല അധികാരവും ദുരുപയോഗപ്പെടുത്തി കൊണ്ടിരിക്കുന്ന നിലവിലെ ബി ജെ പി ഭരണകൂടത്തിനു ജഡ്ജിമാരുടെ നിയമനത്തില്‍ കൂടി മേല്‍ക്കൈ വന്നാല്‍ ഏറെ താമസിയാതെ ജുഡീഷ്യറിയും കാവിവത്കരക്കപ്പെട്ടേക്കുമോ എന്ന ഭീതി മൂലമാണ്. എന്നാല്‍ കോടതികളെക്കുറിച്ചു സമൂഹം വെച്ചു പുലര്‍ത്തുന്ന വിശ്വാസത്തിനു കോട്ടം തട്ടിക്കുന്നതാണ് ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിക്കു വേണ്ടിയുളള കൊളീജിയം ശിപാര്‍ശ.

വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രവണതക്കെതിരെ ശക്തമായി പ്രതികരിച്ചതാണ് കോടതികള്‍ മുമ്പ് പലപ്പോഴും. ചാനലുകളിലും മാധ്യമങ്ങളിലും അടിക്കടി വന്നു കൊണ്ടിരിക്കുന്ന വിദ്വേഷ പരാമര്‍ശങ്ങളെ നിയന്ത്രിക്കുന്നതിന് നിയമങ്ങളും ചട്ടങ്ങളും ആവിഷ്‌കരിക്കാത്തതിന് സര്‍ക്കാറിനെ കുറ്റപ്പെടുത്തയിട്ടുമുണ്ട് കോടതികള്‍. രാജ്യത്ത് മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നു ചാനലുകളിലെ വിദ്വേഷം നിറഞ്ഞ ചര്‍ച്ചകള്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ 2022 സെപ്തംബറില്‍ ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയതുമാണ് സുപ്രീം കോടതി. എന്നിട്ടും അറിയപ്പെട്ട വിദ്വേഷ പ്രചാരകയായ അഭിഭാഷകയെ മദ്രാസ് ഹൈക്കോടതിയുടെ ബഞ്ചില്‍ കുടിയിരുത്താനുള്ള ശിപാര്‍ശ കൊളീജിയത്തില്‍ നിന്നു വന്നത് ദുരൂഹമാണ്. മദ്രാസ് ഹൈക്കോടതി ജഡ്ജിമാര്‍ ആവശ്യപ്പെട്ടതു പോലെ ഇക്കാര്യത്തില്‍ പുനരാലോചനക്ക് കൊളീജിയം തയ്യാറാകേണ്ടതുണ്ട്. ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയുടെ പേര് നിരസിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത രാഷ്ട്രപതിയും പാലിക്കേണ്ടതുണ്ട്.