Connect with us

Book Review

ചെറുതിൽ നിന്നും സൃഷ്ടിച്ചെടുക്കുന്ന വലിയ ലോകം

മണ്ണിനെ മക്കളെക്കാൾ സ്നേഹിക്കുന്ന മനുഷ്യൻ, ആർത്തിയുടെ ആൾരൂപമായി എത്തുന്ന തോമസ്, ഇടക്ക് കഥയിലേക്ക് കടന്നുവരുന്ന ഗോവിന്ദൻകുട്ടിയും കുഞ്ഞുണ്ണിയും ഒക്കെകൂടി മണ്ണിനേയും മനുഷ്യനേയും പ്രകൃതിയേയും ആവാസവ്യവസ്ഥയേയും കോർത്തിണക്കി കാർഷിക സംസ്കൃതിയുടെ നല്ലകാലത്തെ ഒരു കുഞ്ഞുനോവലിൽ നന്മയുടെ നൂറു മേനി കൊയ്യുന്ന സർഗാത്മകതയുടെ വിളവെടുപ്പ് കാലമാക്കുകയാണ് കഥാകൃത്ത്.

Published

|

Last Updated

ജീവിതാനുഭവങ്ങളുടെ തീക്ഷ്ണതകളേയും സാധാരണ മനഷ്യരുടെ ജീവിത പരിസരങ്ങളേയും മലയാള ചെറുകഥകളിൽ ഏറ്റവും കൂടുതൽ അടയാളപ്പെടുത്തിയ കഥാകൃത്താണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. കൈവെച്ച എല്ലാ സർഗാത്മക മേഖലകളേയും ഒന്നിനൊന്ന് മെച്ചപ്പെടുത്തി എഴുത്തിന്റെ 40 വർഷം പൂർത്തിയാവുന്ന വേളയിലാണ് ശിഹാബിന്റെ മൂന്ന് ചെറു നോവലുകളുടെ സമാഹാരം പുറത്തുവരുന്നത്. “നല്ല അയൽക്കാരൻ’ എന്ന ശീർഷകത്തോടെ 80 പേജുകളിലായി ചുരുക്കിയെഴുതിയ സാധാരണ മനുഷ്യരുടെ വലിയ ജീവിത പരിസരങ്ങളിലൂടെ കടന്നുപോകുന്ന ഈ ചെറുപുസ്തകം സത്യത്തിൽ നോവൽ സങ്കൽപ്പത്തിനു തന്നെ വലിയ ഒരു തിരുത്ത് കൂടിയാകുന്നുണ്ട്.

10 ചെറിയ അധ്യായങ്ങൾകൊണ്ടാണ് “ബംഗാളിലെ കൂറ’ എന്ന ആദ്യ ചെറുനോവൽ രചിച്ചിട്ടുള്ളത്. വക്കീലന്മാരെ കുറിച്ച് സാധാരണ ജനത്തിനുള്ള സങ്കൽപ്പങ്ങളെ മാറ്റിമറിച്ചുകൊണ്ട് ഹംസവക്കീൽ പറയുന്ന വാക്കുകളിലൂടെയാണ് ഇതിലെ കഥ വികസിക്കുന്നത്. അബ്ദുവിന്റെയും സീനത്തിന്റെയും പ്രണയവും ഒടുവിൽ അത് സാക്ഷാത്കരിച്ച് വിവാഹത്തിൽ കലാശിക്കുന്നതും പിന്നീട് അവർക്കിടയിൽ രൂപപ്പെടുന്ന പൊരുത്തക്കേടുകളും രസകരമായി പറഞ്ഞുപോകുന്ന ഈ കഥ ശരിക്കും ദാമ്പത്യത്തിൽ സംഭവിക്കുന്ന തെറ്റിദ്ധാരണകളും അതിന്റെ ദുരന്തപൂർണമായ പരിസമാപനങ്ങളും വയനാനുഭൂതിക്ക് മുതൽക്കൂട്ടാകുന്നു.

ഭാഷാ പ്രയോഗത്തിലെ അതീവ ലാളിത്യവും ഹാസ്യത്തിന്റെ അകമ്പടി ചേർത്ത് പറയുന്ന വലിയ ജീവിത തത്വങ്ങളുമെല്ലാം വായനക്കാരെ ആകർഷിപ്പിക്കുന്ന നോവൽ കൂടിയാണിത്.
“നല്ല അയൽക്കാരൻ’ ആർത്തിയുടെ ആൾരൂപങ്ങളായ മനുഷ്യർക്ക് ക്ഷമയുടെയും സഹിഷ്ണുതയുടെയും മഹാത്മ്യം മനസ്സിലാക്കിക്കൊടുക്കാൻ അച്ചുതൻ മാഷ് എന്ന കഥാപാത്രത്തിലൂടെ മണ്ണിനേയും പ്രകൃതിയേയും ജൈവാവസ്ഥയേയും പ്രതീകമാക്കി സൃഷ്ടിച്ചെടുത്തിട്ടുള്ള അധ്വാനത്തെ മഹത്വവത്കരിക്കുന്ന ഉയർന്ന കലാരൂപം തന്നെയായി കരുതണം. അതാണ് “മക്കൾക്കു പോലും വേണ്ടാതാകുമ്പോൾ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നത് മണ്ണ് മാത്രമാകും’ എന്ന് അച്ചുതൻ മാഷ് കുഞ്ഞുണ്ണിയോട് പറയുന്നതിന്റെ പൊരുൾ.

മണ്ണിനെ മക്കളെക്കാൾ സ്നേഹിക്കുന്ന മനുഷ്യൻ, ആർത്തിയുടെ ആൾരൂപമായി എത്തുന്ന തോമസ്, ഇടക്ക് കഥയിലേക്ക് കടന്നുവരുന്ന ഗോവിന്ദൻകുട്ടിയും കുഞ്ഞുണ്ണിയും ഒക്കെകൂടി മണ്ണിനേയും മനുഷ്യനേയും പ്രകൃതിയേയും ആവാസവ്യവസ്ഥയേയും കോർത്തിണക്കി കാർഷിക സംസ്കൃതിയുടെ നല്ലകാലത്തെ ഒരു കുഞ്ഞുനോവലിൽ നന്മയുടെ നൂറു മേനി കൊയ്യുന്ന സർഗാത്മകതയുടെ വിളവെടുപ്പ് കാലമാക്കുകയാണ് കഥാകൃത്ത്.
മനസ്സ് വിഷമിക്കുമ്പോളൊക്കെ പുസ്തക ഷെൽഫിൽ അഭയം പ്രാപിക്കുന്ന അച്ചുതൻ മാഷിലൂടെ അറിവും വായനയും മനുഷ്യരിലുണ്ടാക്കുന്ന പരിവർത്തനത്തിന്റെ മഹാ സാധ്യതകൾ കൂടിയാണ് ആവിഷ്കരിക്കുന്നത്.

“അതിർത്തി മുള്ളുകൾ’ എന്ന മൂന്നാമത്തെ രചനയിൽ കുഞ്ഞുലക്ഷ്മിയുടെയും മുനാഫ്ക്കയുടെയും ബാല്യം കൂട്ടിച്ചേർത്ത മനസ്സുകളെ ജാതിയുടെയും മതത്തിന്റെയും വിലങ്ങുകളിട്ട് തടവറയിലാക്കാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങളെ സ്നേഹംകൊണ്ട് പ്രതിരോധിക്കുന്ന രീതി പുതിയ കാലം ആവശ്യപ്പെടുന്ന വലിയൊരു സ്നേഹസന്ദേശം കൂടിയാണ്.
“എന്റെ ദേശത്തെ ഹിന്ദുവിനും മുസൽമാനും ഇടയിൽ ഒരു ദൂരമുണ്ട്. എത്ര അടുത്ത് ജീവിച്ചാലും ബാക്കിനിൽക്കുന്ന ഒരു ദൂരം’ മുനാഫ്ക്കയെന്ന കഥാപാത്രത്തിലൂടെ പുറത്തുചാടുന്ന ഈ വാക്കുകളിലെ സത്യം പുതിയ ഇന്ത്യൻ അവസ്ഥയെ സത്യസന്ധതയോടെ വരച്ചിടുകയാണ്. ഈ ദൂരത്തിന്റെ ആഴത്തിലേക്ക് ഊളിയിട്ട് സഞ്ചരിക്കുന്ന പുതിയകാലത്തെ പലതരത്തിലും അടയാളപ്പെടുത്തുമ്പോൾ കഥയിൽ സ്നേഹത്തിന്റെയും മനസ്സടുപ്പത്തിന്റെയും ഗതകാലങ്ങൾ മനസ്സിൽ തട്ടുംവിധം പൂത്തുലയുന്നുണ്ട്. ചോകൻ കിടങ്ങിലെ കാടുപിടിച്ച വഴി വെട്ടിത്തെളിയിച്ച് മുനാഫും ആ വഴിക്ക് വെളിച്ചമേകി കുഞ്ഞുലക്ഷ്മിയും വെട്ടിത്തെളിയിക്കുന്ന ആ പാത പവിത്രമായ സ്നേഹത്തിന്റെയും മതമൈത്രിയുടെയും റൂട്ട്മാപ്പാണ് എഴുത്തുകാരൻ കഥകൾകൊണ്ട് വരച്ചിടുന്നത്.

മൂന്ന് ചെറിയ നോവൽ കൊണ്ട് മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളേയും തൊട്ടു താലോടി കടന്നുപോകുന്ന കഥകളിലൂടെ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ചെറിയ ചെറിയ കാര്യങ്ങളിൽനിന്ന് വായനാനുഭൂതിയുടെ വലിയൊരു ലോകവും മാനവിക ഐക്യസന്ദേശവും വായനക്കാരന് സമ്മാനിക്കുകയാണ് ഈ ചെറു പുസ്തകത്തിലൂടെ. പ്രസാധകർ ആപ്പിൾ ബുക്സ്. വില 100 രൂപ.

Latest