International
സംഘര്‍ഷത്തിന് അയവില്ല; യു എസ്, ഇസ്‌റാഈല്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു; ഇസ്‌റാഈല്‍, യു എസ് സര്‍വകലാശാലകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
ഇറാന്റെ പ്രത്യാക്രമണങ്ങളില്‍ ഇസ്‌റാഈലിലും ഗള്‍ഫ് മേഖലയിലും നാശനഷ്ടങ്ങള്‍.
തെഹ്‌റാന്‍ | പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവില്ല. ഇറാനിലെ ബുഷെഹര്‍ പ്രവിശ്യയില്‍ യു എസ്, ഇസ്‌റാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടു. കുഷെസ്താന്‍ പ്രവിശ്യയിലെ ജലസംഭരണിക്കു നേരെയും ആക്രമണമുണ്ടായി. തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച് ഇറാന്‍ പശ്ചിമേഷ്യന്‍ മേഖലയിലെ ഇസ്‌റാഈല്‍, യു എസ് സര്‍വകലാശാലകള്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
അതിനിടെ, ഇസ്‌റാഈലിനെതിരെ യെമനിലെ ഹൂതികള്‍ വീണ്ടും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ആക്രമണവും അധിനിവേശ ശ്രമങ്ങളും ഇസ്‌റാഈല്‍ അവസാനിപ്പിക്കുന്നതു വരെ പ്രത്യാക്രമണങ്ങള്‍ തുടരുമെന്ന് ഹൂതി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇറാന്റെ പ്രത്യാക്രമണങ്ങളില്‍ ഇസ്‌റാഈലിലും ഗള്‍ഫ് മേഖലയിലും നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപോര്‍ട്ടുണ്ട്. അലൂമിനിയം ബഹ്‌റൈന്‍, എമിറേറ്റ്‌സ് ഗ്ലോബല്‍ അലൂമിനിയം എന്നിവക്കു നേരെ ആക്രമണമുണ്ടായതായി ബന്ധപ്പെട്ടവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്‌റാഈലിലും യു എസിലും പ്രതിഷേധ റാലികള്‍
ഇറാനെതിരായ യുദ്ധത്തിനെതിരെ തെല്‍ അവിവിലും യു എസ് നഗരങ്ങളില്‍ പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. മൂന്ന് മാധ്യമ പ്രവര്‍ത്തകരെ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ലബനാനിലെ ബൈറൂത്തില്‍ വന്‍ പ്രതിഷേധ റാലി നടന്നു.


