Connect with us

ipl 2022

'ടാറ്റ ഐ പി എല്‍' ഇന്ത്യയോട് 'ടാറ്റ' പറഞ്ഞേക്കും; അടുത്ത സീസണ്‍ ആഫ്രിക്കയിലോ ശ്രീലങ്കയിലോ നടക്കാന്‍ സാധ്യത

രാജ്യത്ത് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞില്ലെങ്കില്‍ ലീഗ് ദക്ഷിണാഫ്രിക്കയിലോ ശ്രീലങ്കയിലോ നടത്താനുള്ള സാധ്യതകളാണ് ബി സി സി ഐ തേടുന്നത്

Published

|

Last Updated

മുംബൈ | രാജ്യത്ത് കൊവിഡ് കേസുകളില്‍ ക്രമാതീതമായ വര്‍ധനവ് തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണ്‍ ഇന്ത്യക്ക് പുറത്ത് നടത്താന്‍ ബി സി സി ഐ ആലോചന. രാജ്യത്ത് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞില്ലെങ്കില്‍ ലീഗ് ദക്ഷിണാഫ്രിക്കയിലോ ശ്രീലങ്കയിലോ നടത്താനുള്ള സാധ്യതകളാണ് ബി സി സി ഐ തേടുന്നത്.

നിലവില്‍ മൂന്ന് ടെസ്റ്റുകള്‍ ഉള്ള പരമ്പരക്കായി ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലാണ് ഉള്ളത്. ടീമിന് ദക്ഷിണാഫ്രിക്കയുമായി ഏകദിന പരമ്പരയും കളിക്കാനുണ്ട്. ഇവിടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് നിയന്ത്രണത്തിനുള്ള ഔദ്യോഗിക സമിതിയായ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഒരുക്കിയ കൊവിഡ് പ്രതിരോധ മുന്‍കരുതലുകളില്‍ ബി സി സി ഐ സന്തുഷ്ടരാണ്. 2009 ല്‍ ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പുറത്തൊരു വേദി തേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു ബി സി സി ഐ ഒടുവില്‍ മത്സരം നടത്തിയത്. ഇക്കാരണത്താലൊക്കെയാണ് ദക്ഷിണാഫ്രിക്കയില്‍ ലീഗ് നടത്താനുള്ള സാധ്യത ബി സി സി ഐ തേടുന്നത്.

ഏതെങ്കിലും കാരണത്താല്‍ ദക്ഷിണാഫ്രിക്കയില്‍ അനുമതി ലഭിച്ചില്ലെങ്കില്‍ പ്ലാന്‍ ബി വേദിയെന്ന നിലയിലാണ് ശ്രീലങ്ക ബി സി സി ഐ പരിഗണിക്കുന്നത്. രണ്ട് ടീമുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ഈ സീസണിന് ദൈര്‍ഘ്യം കൂടുതലായിരിക്കും.

Latest