Ongoing News
13 വര്‍ഷത്തിന് ശേഷം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനില്‍ സിറിയക്ക് അംഗത്വം
സഊദി അറേബ്യയില്‍ ചേര്‍ന്ന ഒഐസി യോഗത്തിലാണ് തീരുമാനം
ജിദ്ദ | 13 വര്‍ഷത്തിന് ശേഷം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനില്‍ (ഒഐസി) സിറിയക്ക് അംഗത്വം നല്‍കി . സഊദി അറേബ്യയിലെ ജിദ്ദയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. അംഗത്വം വീണ്ടും സജീവമാക്കിയതിനെ സിറിയ സ്വാഗതം ചെയ്തതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
സിറിയയുടെ അംഗത്വം വീണ്ടും സജീവമാക്കാന്‍ ജിദ്ദയില്‍ ചേര്‍ന്ന (ഒഐസി) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാനാണ് ആശയം മുന്നോട്ട് വെച്ചത്.തുടര്‍ന്ന് അംഗ രാജ്യങ്ങള്‍ പിന്തുണച്ചതോടെ സിറിയക്ക് ഒഐസിയിലേക്കുള്ള വഴി തെളിയുകയായിരുന്നു.
അസദിന്റെ പതനത്തിനുശേഷം അറബ് ലോകവുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിതെന്ന് അറബ് വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ 2012 ഓഗസ്റ്റിലാണ് സിറിയയുടെ അംഗത്വം ഒ.ഐ.സി മരവിപ്പിച്ചത്
അംഗത്വം പുനഃസ്ഥാപിച്ച യോഗത്തില്‍ സിറിയന്‍ വിദേശകാര്യ മന്ത്രി അസദ് ഹസ്സന്‍ അല്‍-ഷിബാനിയും ഒ.ഐ.സി യോഗത്തില്‍ പങ്കെടുത്തു .2024 ഡിസംബറില്‍, പതിനൊന്ന് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിന് ശേഷം ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ (എച്ച്ടിഎസ്) നേതൃത്വത്തിലുള്ള സിറിയന്‍ പ്രതിപക്ഷ സേന ബഷാര്‍ അസദിനെ അട്ടിമറിച്ചാണ് അസദ് ഭരണകൂടത്തിന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട ഭരണം അവസാനിപ്പിച്ചത്. തുടര്‍ന്ന് അധികാരമേറ്റ സിറിയയുടെ പുതിയ സര്‍ക്കാര്‍ അറബ് രാഷ്ട്രങ്ങളുമായും പാശ്ചാത്യ ശക്തികളുമായും ബന്ധം പുനഃസ്ഥാപിച്ച് വരികയാണ്
2025 ഫെബ്രുവരിയില്‍ സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയ്ക്ക് കെയ്റോയില്‍ നടക്കുന്ന അറബ് ലീഗ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയില്‍ നിന്ന് പ്രത്യേക ക്ഷണവും ലഭിച്ചിരുന്നു



