Kerala
എത്ര ഉയര്‍ന്ന തുക നല്‍കിയും വൈദ്യുതി വാങ്ങും: മന്ത്രി സണ്ണി ജോസഫ്
തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കുക എന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്
തിരുവനന്തപുരം | സംസ്ഥാനത്ത് പവര്‍കട്ട് ഒഴിവാക്കാന്‍ എത്ര ഉയര്‍ന്ന തുക നല്‍കിയും വൈദ്യുതി വാങ്ങുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കുക എന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്‍ ടി പി സി ഉള്‍പ്പെടെയുള്ള വിവിധ സ്രോതസ്സുകളില്‍ നിന്ന് ഉയര്‍ന്ന വില കൊടുത്തായാലും വൈദ്യുതി വാങ്ങുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അടിയന്തര യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മുമ്പ് യൂണിറ്റിന് 4.29 രൂപ നിരക്കില്‍ ലഭിച്ചിരുന്ന വൈദ്യുതി കരാര്‍ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. കരാര്‍ റദ്ദാക്കപ്പെട്ടതോടെ കുറഞ്ഞ നിരക്കില്‍ ലഭിക്കേണ്ടിയിരുന്ന വൈദ്യുതി നഷ്ടമാവുകയും പകരം 30 രൂപ വരെ ഉയര്‍ന്ന നിരക്കില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു.
മുന്‍പ് റദ്ദാക്കിയ കരാറുകള്‍ പുനസ്ഥാപിക്കുന്നതിനായുള്ള നിയമനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. സാമ്പത്തിക ബാധ്യത നിലനില്‍ക്കെ തന്നെ അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights:
Electricity Minister Sunny Joseph stated Kerala will buy power at high rates to avoid load shedding. The decision followed a top level emergency meeting with the Chief Minister. Government is pursuing legal measures to restore previously canceled low cost power contracts to resolve the crisis.



