Connect with us

editorial

ശ്വാസംമുട്ടുന്നു; മാലിന്യക്കണക്ക് ഗുരുതരം

കേവലമൊരു പാരിസ്ഥിതിക പ്രശ്‌നമല്ല, ഗുരുതരമായ ആരോഗ്യ പ്രശ്‌നം കൂടിയാണ് വായുമലിനീകരണം. അന്തരീക്ഷത്തിലെ പി എം -25 കണികകള്‍ ശ്വാസകോശത്തിലൂടെ രക്തത്തിലേക്ക് നേരിട്ടു പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇത് ഗുരുതര രോഗങ്ങള്‍ക്കിടയാക്കുന്നു.

Published

|

Last Updated

വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപോര്‍ട്ടുകള്‍ ആശങ്കാജനകമാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്താണെന്നാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വായുഗുണനിലവാര സാങ്കേതിക സ്ഥാപനമായ “ഐക്യൂ എയറി’ന്റെ ഈ മാസം 24ന് പ്രസിദ്ധീകരിച്ച റിപോര്‍ട്ടിലുള്ളത്. മലിനമായ വായുവിലെ മാരകമായ പി എം-25 കണികകളുടെ സാന്ദ്രത ലോകാരോഗ്യ സംഘടന നിശ്ചയിച്ച സുരക്ഷിത പരിധിയുടെ പത്തിരട്ടിയിലധികമാണ്.

റിപോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും മലിനമായ പത്ത് നഗരങ്ങളില്‍ അഞ്ചും ഇന്ത്യയിലാണ്. നഗരാസൂത്രണത്തിലെ പാളിച്ചകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഉത്തര്‍പ്രദേശിലെ “ലോണി’യാണ് ലോകത്തെ ഏറ്റവും മലിനമായ നഗരം. ഹരിയാനയിലെ ബൈര്‍ണിഹട്ട്, ഗാസിയാബാദ്, ഉല തുടങ്ങിയ നഗരങ്ങളും പട്ടികയില്‍ മുന്‍നിരയിലുണ്ട്. ഡല്‍ഹി ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമെന്ന ദുഷ്‌പേര് നിലനിര്‍ത്തി. ഫിന്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ (സി ആര്‍ ഇ എ) രണ്ട് മാസം മുമ്പ് പ്രസിദ്ധീകരിച്ച റിപോര്‍ട്ടിലും ഇന്ത്യയിലെ വായുമലിനീകരണത്തിന്റെ ഉയര്‍ന്ന തോത് ചൂണ്ടിക്കാട്ടുന്നുണ്ട്. ഉപഗ്രഹങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പഠനത്തില്‍ 2019- 2024 കാലയളവില്‍ രാജ്യത്തെ 4,041 നഗരങ്ങള്‍ വായു മലിനീകരണത്തില്‍ സുരക്ഷിത പരിധി ലംഘിച്ചതായി സി ആര്‍ ഇ എ കണ്ടെത്തി.

വ്യവസായ മലിനീകരണം, വാഹനങ്ങളില്‍ നിന്നുള്ള പുക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഗാര്‍ഹിക മലിനീകരണം, മാലിന്യങ്ങള്‍ കത്തിക്കല്‍, ഭൗമശാസ്ത്രപരമായ ഘടകങ്ങള്‍ തുടങ്ങി വായുമലിനീകരണത്തിന്റെ കാരണങ്ങള്‍ പലതാണ്. വ്യവസായ മേഖലയില്‍ നിന്നാണ് വായുമലിനീകരണത്തിന്റെ പകുതിയലധികവും. കല്‍ക്കരി അധിഷ്ടിത പ്രവര്‍ത്തന വ്യവസായങ്ങള്‍ ധാരാളമുണ്ട് ഇന്നും രാജ്യത്ത്. ഇത് പുറത്തുവിടുന്ന സള്‍ഫര്‍ ഡയോക്‌സൈഡും നൈട്രജന്‍ ഓക്‌സൈഡും അന്തരീക്ഷത്തെ വിഷലിപ്തമാക്കുന്നു. വാഹനങ്ങളുടെ വര്‍ധനവ് ക്രമാതീതമാണ്. നഗരങ്ങളില്‍ വിശേഷിച്ചും. പൊതുഗതാഗതങ്ങളുടെ അപര്യാപ്തത മൂലം സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം വന്‍തോതില്‍ കൂടി വരികയാണ്. പഴയ വാഹനങ്ങള്‍ പുറത്തുവിടുന്ന പുക അന്തരീക്ഷത്തിലെ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ തോത് വര്‍ധിപ്പിക്കുന്നു.

വടക്കേ ഇന്ത്യയില്‍ പ്രത്യേകിച്ചും പഞ്ചാബിലും ഹരിയാനയിലും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഡല്‍ഹി പോലുള്ള നഗരങ്ങളെ ഗ്യാസ് ചേംബറുകളാക്കി മാറ്റുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നടക്കുന്ന കെട്ടിട നിര്‍മാണങ്ങളും റോഡ് പണികളും വന്‍തോതില്‍ പൊടിപടലങ്ങള്‍ അന്തരീക്ഷത്തിലേക്ക് തുറന്നുവിടുന്നുണ്ട്. പൊടിപടലങ്ങളുടെ വ്യാപനം തടയാന്‍ ശരിയായ രീതിയിലുള്ള മറകളോ പൊടി നിയന്ത്രണ സംവിധാനങ്ങളോ പാലിക്കപ്പെടുന്നില്ല മിക്കയിടത്തും. വീടുകളില്‍ ഉപയോഗിക്കുന്ന ഇന്ധനങ്ങളും വായുമലിനീകരണം സൃഷ്ടിക്കുന്നു.

കേവലമൊരു പാരിസ്ഥിതിക പ്രശ്‌നമല്ല, ഗുരുതരമായ ആരോഗ്യ പ്രശ്‌നം കൂടിയാണ് വായുമലിനീകരണം. അന്തരീക്ഷത്തിലെ പി എം -25 കണികകള്‍ (ചെറിയ പൊടിപടലങ്ങള്‍) ശ്വാസകോശത്തിലൂടെ രക്തത്തിലേക്ക് നേരിട്ടു പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇത് ഹൃദ്രോഗം, ശ്വാസകോശാര്‍ബുദം, പക്ഷാഘാതം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്കിടയാക്കുന്നു. കുട്ടികളിലെ ആസ്ത്മയും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യ പ്രശ്‌നങ്ങളും ഏറെയും വായുമലിനീകരണത്തിന്റെ സൃഷ്ടിയാണ്. അപകടകരമായ വായുമലിനീകരണം ഇന്ത്യയില്‍ പ്രതിവര്‍ഷം പതിനഞ്ച് ലക്ഷം പേരുടെ ജീവന്‍ അപഹരിക്കുന്നതായി പ്രസിദ്ധ മെഡിക്കല്‍ ജേര്‍ണലായ “ലാന്‍സെറ്റ്’ 2024 ഡിസംബറില്‍ പ്രസിദ്ധീകരിച്ച പഠന റിപോര്‍ട്ടില്‍ പറയുന്നു. വായുമലിനീകരണം ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ പത്ത് വര്‍ഷം കുറക്കുന്നുവെന്നാണ് ഷിക്കാഗോ യൂനിവേഴ്‌സിറ്റിയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ എയര്‍ ക്വാളിറ്റി ലൈഫ് ഇന്‍ഡക്‌സിന്റെ വിലയിരുത്തല്‍.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ചും ദേശീയ ശരാശരിയേക്കാളും മലിനീകരണ തോത് കുറവാണ് കേരളത്തില്‍. ആഗോള റിപോര്‍ട്ടുകളില്‍ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരങ്ങളില്‍ കേരളത്തിലെ നഗരങ്ങള്‍ ഉള്‍പ്പെടാറില്ലെന്നത് ആശ്വാസകരമാണ്. കടല്‍ക്കാറ്റിന്റെ സാന്നിധ്യവും പശ്ചിമഘട്ടത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വായുശുദ്ധീകരണത്തിന് ഒരു പരിധിവരെ സഹായിക്കുന്നു. കൊച്ചിയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വായുമലിനീകരണം റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇടപ്പള്ളി, വൈറ്റില തുടങ്ങിയ പ്രദേശങ്ങളില്‍ വായു നില വാര സൂചിക അപകടകരമായ അവസ്ഥയിലെത്താറുണ്ട്.

“ഐക്യൂ എയര്‍’ നല്‍കുന്ന മുന്നറിയിപ്പ് അവഗണിച്ചാല്‍ വരാനിരിക്കുന്ന തലമുറക്ക് ഓക്‌സിജന്‍ സിലിന്‍ഡര്‍ ഉപയോഗിക്കേണ്ടി വന്നേക്കും. മലിനീകരണം കുറക്കുന്നതിന് സര്‍ക്കാറും പൊതുജനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. മെട്രോ ട്രെയിനുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവക്ക് മുന്‍ഗണന നല്‍കി പൊതുഗതാഗതത്തിന്റെ നവീകരണം, കല്‍ക്കരി ഉപയോഗം പരമാവധി കുറച്ച് ഊര്‍ജാവശ്യത്തിന് സൗരോര്‍ജത്തിലേക്കും കാറ്റാടി യന്ത്രത്തിലേക്കും മാറുക, മാലിന്യങ്ങള്‍ കത്തിക്കുന്ന രീതി അവസാനിപ്പിക്കുന്നതിന് സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ശാസ്ത്രീയ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തുക, നഗരങ്ങളില്‍ “മിയാവാക്കി’ പോലുള്ള ചെറുവനങ്ങള്‍ വെച്ചുപിടിപ്പിക്കുക തുടങ്ങിയവയാണ് വായുമലിനീകരണം കുറയ്ക്കാന്‍ നിര്‍ദേശിക്കപ്പെടുന്ന മാര്‍ഗങ്ങള്‍.

Latest