Connect with us

kodiyeri Balakrishnan

കരുത്തോടെ തിരിച്ചുവരവ്

കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. പാർട്ടിയിലും പുറത്തും അറിയപ്പെട്ടത് പിണറായിയുടെ പിൻഗാമിയായി

Published

|

Last Updated

കണ്ണൂർ | സി പി എം കേരളാ ഘടകത്തിൽ രണ്ടാമൻ കോടിയേരി തന്നെയെന്ന് ഉറപ്പിച്ച് സംസ്ഥാന സെക്രട്ടറി കസേരയിലേക്ക് മടക്കം. സംസ്ഥാന സമ്മേളനത്തിന് കാത്തുനിൽക്കാതെ കോടിയേരിയെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത് വ്യക്തമായ സൂചനകളോടെ തന്നെ.
കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾ അടുത്ത ആഴ്ച തുടങ്ങാനിരിക്കെയാണ് കോടിയേരിയുടെ തിരിച്ചുവരവ്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മകനായ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചെത്തുമെന്ന് നേരത്തേ തന്നെ സൂചനയുണ്ടായിരുന്നു. ബിനീഷ് വിവാദം കത്തി നിൽക്കുന്നതിനിടെ കഴിഞ്ഞ വർഷം നവംബർ 13 നായിരുന്നു കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതും ആക്ടിംഗ് സെക്രട്ടറിയായി എ വിജയരാഘവനെ തിരഞ്ഞെടുത്തതും. ചികിത്സാർഥം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ അനുവദിക്കണമെന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ കോടിയേരി അറിയിക്കുകയും അത് അംഗീകരിക്കുകയായിരുന്നുവെന്നുമായിരുന്നു പാർട്ടി വിശദീകരണം.

അന്വേഷണം പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരത്ത് ബിനീഷിന്റെ വീട് റെയ്ഡ് ചെയ്യുന്ന ഘട്ടം വരെയെത്തിയിരുന്നു. ഇത് കോടിയേരി ബാലകൃഷ്ണനും പാർട്ടിക്കും വലിയ ക്ഷീണമാണുണ്ടാക്കിയത്. ഇതിന് ശേഷമായിരുന്നു കോടിയേരിയുടെ രാജി. കോടിയേരിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും കയ്‌പേറിയ കാലഘട്ടം കൂടിയായിരുന്നു അത്. ഈ സമയത്താണ് ആരോഗ്യ പ്രശ്‌നങ്ങൾ കൂടി കണക്കിലെടുത്ത് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.

2015ൽ ആലപ്പുഴയിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയന്റെ പിൻഗാമിയായി കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. 2018ൽ തൃശൂർ സമ്മേളനത്തിൽ കോടിയേരി സെക്രട്ടറിയായി തുടരുകയായിരുന്നു. സെക്രട്ടറി സ്ഥാനമൊഴിഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ തന്ത്രം മെനഞ്ഞതും മുന്നണിയെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിന് നേതൃത്വം നൽകിയതും കോടിയേരി തന്നെയാണ്. അർബുദരോഗ ബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്ന കോടിയേരി ഇപ്പോൾ പൂർണമായി ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്.

അടുത്ത വർഷം ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ്സിന്റെ പ്രധാന ചുമതലയും കോടിയേരിക്ക് തന്നെയാണ്. പിണറായി വിജയന്റെ പിൻഗാമിയായാണ് കോടിയേരി എന്നും പാർട്ടിയിലും പുറത്തും അറിയപ്പെട്ടത്. എന്നും പിണറായിയുടെ വിശ്വസ്തൻ കൂടിയായിരുന്നു കോടിയേരി. തലശ്ശേരി ഗവ. ഓണിയൻ ഹൈസ്‌കൂളിലെ എസ് എഫ് ഐ യൂനിറ്റ് സെക്രട്ടറിയായ കാലം മുതൽ രാഷ്ട്രീയത്തിൽ കോടിയേരി ബാലകൃഷ്ണന്റെ നേതാവ് പിണറായി വിജയനാണ്. പിണറായിയുടെ പിൻഗാമിയായാണ് ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും കോടിയേരി എത്തിയത്. നിലവിൽ പോളിറ്റ് ബ്യൂറോ അംഗമാണ്. എറണാകുളത്ത് അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ കോടിയേരി തന്നെ സംസ്ഥാന സെക്രട്ടറിയാകാനും സാധ്യത തെളിയുകയാണ്.

പാർട്ടി മാനദണ്ഡമനുസരിച്ച് ഒരു ടേം കൂടി കോടിയേരിക്ക് സെക്രട്ടറിയാകാം. സി പി എമ്മിൽ സൗമ്യനും സംഘാടകനുമാണ് കോടിയേരി. അതോടൊപ്പം കരുത്തനും. കേരളത്തിലെ സി പി എമ്മിന് കോടിയേരിയുടെ തിരിച്ചുവരവ് ആവേശം പകരുമെന്നുറപ്പ്.