Connect with us

Malappuram

ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇഫ്താര്‍ ഒരുക്കി എസ് എസ് എഫ്

അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ ഇതിനകം ഇഫ്താറിന്റെ ഭാഗമായി.

Published

|

Last Updated

മലപ്പുറം  |  റമളാനില്‍ ജില്ലയിലെ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി എസ് എസ് എഫിന്റെ ഇഫ്താറുകള്‍. കാമ്പസ് സിന്‍ഡിക്കേറ്റിന് കീഴില്‍ മലപ്പുറം ഈസ്റ്റ് ജില്ലയിലെ അമ്പതോളം കോളജ് കാമ്പസുകളിലാണ് ഈ വര്‍ഷം ഗ്രാന്‍ഡ് ഇഫ്താര്‍ നടന്നത്. അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ ഇതിനകം ഇഫ്താറിന്റെ ഭാഗമായി.

റമളാന്‍ ഒന്ന് മുതല്‍ മുപ്പത് വരെ സ്ഥിരമായി ഇഫ്താര്‍ നടക്കുന്ന ക്യാമ്പസുകളില്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആധ്യാപകര്‍ക്കും അത്താഴവും എസ് എസ് എഫ് ഒരുക്കുന്നുണ്ട്. നോമ്പുതുറക്ക് മുന്നോടിയായി ദിവസവും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വിജ്ഞാന സദസ്സും സംഘടിപ്പിക്കുന്നു. ജില്ലാ, സംസ്ഥാന ഭാരവാഹികളാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. റമളാന്‍ കാമ്പയിന്റെ ഭാഗമായി സീക്യൂബ്, തബസ്സും, ക്യൂസ്, ഇഅതിഖാഫ് ജല്‍സ, റിഫ്‌ളക്ഷന്‍ എന്നീ ആത്മീയ സംഗമങ്ങളും ക്യാമ്പുകളും സോഷ്യല്‍ മീഡിയ കാമ്പയിനുകളും നടന്നുവരുന്നു. വിദ്യാര്‍ത്ഥികളുടെ ആത്മീയ യാത്രകളും ഇതിനോടകം പൂര്‍ത്തിയായി. രിസാല സ്റ്റഡി സര്‍ക്കിളുമായി ചേര്‍ന്ന് വരും വര്‍ഷങ്ങളിലും എസ് എസ് എഫിന് കീഴില്‍ കാമ്പസുകളില്‍ വിപുലമായ ഇഫ്താര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കും.

പെരിന്തല്‍മണ്ണയിലെ അലിഗഡ് മലപ്പുറം കാമ്പസില്‍ നടന്ന ഗ്രാന്‍ഡ് ഇഫ്താറിന്റെ ജില്ലാ ഉദ്ഘാടനത്തില്‍ കാമ്പസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇഫ്താര്‍ ഒരുക്കി. ഇഫ്താര്‍ മീറ്റുകളില്‍ ദേശീയ ക്യാമ്പസ് സെക്രട്ടറി ഡോ. അബൂബക്കര്‍, സംസ്ഥാന കാമ്പസ് കണ്‍വീനര്‍ അനീസ് ഗുല്‍സാര്‍, ജില്ലാ സെക്രട്ടറിമാരായ യൂസുഫലി സഖാഫി മൂത്തേടം, ടി എം ശുഐബ് ആനക്കയം, നൂഹ് പി അഹ്മദ് സംസാരിച്ചു.