Kerala
സ്പൈസ് ജെറ്റ് വിമാന പ്രതിസന്ധി തുടരുന്നു; കൊച്ചി-ഫുജൈറ സർവീസ് വൈകി
സർവീസ് വൈകുന്നതിൽ പ്രതിഷേധിച്ച് നിരവധി യാത്രക്കാർ യാത്ര റദ്ദാക്കി വിമാനത്താവളത്തിൽ നിന്ന് മടങ്ങി.
കൊച്ചി| സ്പൈസ് ജെറ്റ് വിമാന സർവീസുകളിലെ പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ 11.45ന് പുറപ്പെടേണ്ട കൊച്ചി-ഫുജൈറ വിമാനം വൈകി. സർവീസ് വൈകുന്നതിൽ പ്രതിഷേധിച്ച് നിരവധി യാത്രക്കാർ യാത്ര റദ്ദാക്കി വിമാനത്താവളത്തിൽ നിന്ന് മടങ്ങി.
50ഓളം പേരാണ് യാത്ര ഉപേക്ഷിച്ച് മടങ്ങിയത്. 189 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വിമാനത്തിൽ 50ഓളം പേർ മാത്രമാണ് ഇന്ന് വിമാനത്താവളത്തിൽ എത്തിയിരുന്നത്. വിമാനം എപ്പോൾ പുറപ്പെടുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
സ്‌പൈസ് ജെറ്റ് സർവീസുകളിലെ തുടർച്ചയായ തടസ്സങ്ങളുടെ പശ്ചാത്തലത്തിൽ നെടുമ്പാശ്ശേരി വിമാനത്താവള കമ്പനിയായ സിയാൽ നേരത്തെ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സ്‌പൈസ് ജെറ്റ് വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ സർവീസ് ലഭ്യമാണെന്ന് മുൻകൂട്ടി ഉറപ്പാക്കിയ ശേഷം മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്നായിരുന്നു അറിയിപ്പ്.
തുടർച്ചയായി സർവീസ് മുടങ്ങിയതിനെ തുടർന്ന് സ്‌പൈസ് ജെറ്റിന് സിയാൽ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. കൃത്യമായി സർവീസ് നടത്താത്ത പക്ഷം സ്ലോട്ട് പിൻവലിക്കുമെന്നാണ് സിയാലിന്റെ മുന്നറിയിപ്പ്. യാത്രക്കാരുടെ പ്രതിഷേധം വിമാനത്താവളത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും നോട്ടീസിൽ സിയാൽ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: The crisis surrounding SpiceJet flight operations continues at Nedumbassery as the Kochi to Fujairah service scheduled for 11:45 AM was delayed. Out of 189 total seats, only 50 passengers arrived, and many canceled their tickets in protest. CIAL issued a notice warning SpiceJet of slot revocation due to persistent delays affecting airport security.



