International
ഹോര്‍മൂസ് കടലിടുക്ക്; ദക്ഷിണ കൊറിയ സൈന്യത്തെ വിന്യസിക്കാനൊരുങ്ങുന്നതായി റിപോര്‍ട്ട്
സമുദ്ര നിരീക്ഷണ വിമാനം, ലോജിസ്റ്റിക്സ് സപ്പോര്‍ട്ട് കപ്പല്‍, മൈനുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന പ്രത്യേക യൂണിറ്റ് എന്നിവ അയക്കുന്ന കാര്യമാണ് നിലവില്‍ സര്‍ക്കാറിന്റെ പരിഗണനയിലുള്ളതെന്നാണു വിവരം
ടെഹ്റാന്‍ | തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ സ്വതന്ത്ര കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ വര്‍ഷാവസാനത്തോടെ സൈനിക സന്നാഹങ്ങള്‍ വിന്യസിക്കാന്‍ ദക്ഷിണ കൊറിയ ഒരുങ്ങുന്നതായി റിപോര്‍ട്ടുകള്‍.
ഇതിന്റെ ഭാഗമായി ഈ മാസം തന്നെ ക്യാബിനറ്റ് അവലോകനത്തിന് ശേഷം പാര്‍ലിമെന്റിന്റെ അംഗീകാരത്തിനായി സമ്മതപത്രം സമര്‍പ്പിക്കാനുള്ള നടപടികളിലാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍. സമുദ്ര നിരീക്ഷണ വിമാനം, ലോജിസ്റ്റിക്സ് സപ്പോര്‍ട്ട് കപ്പല്‍, മൈനുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന പ്രത്യേക യൂണിറ്റ് എന്നിവ അയക്കുന്ന കാര്യമാണ് നിലവില്‍ സര്‍ക്കാറിന്റെ പരിഗണനയിലുള്ളതെന്നാണു വിവരം.
ഇതുമായി ബന്ധപ്പെട്ട് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും സൈനിക വിന്യാസത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും നിലവിലെ റിപോര്‍ട്ടുകള്‍ വസ്തുതാപരമല്ലെന്നുമാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ കാര്യാലയമായ ബ്ലൂ ഹൗസ് വ്യക്തമാക്കുന്നത്. അതേസമയം, ഇറാനെതിരെയുള്ള നീക്കങ്ങളില്‍ ദക്ഷിണ കൊറിയ സഹകരിക്കാത്തതിനെ തുടര്‍ന്ന്, ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസങ്ങളുടെ വ്യാപ്തി കുറച്ചതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു.
Content Highlights: South Korea is reportedly preparing to seek parliamentary approval to deploy military assets to the Strait of Hormuz to ensure free navigation. The Blue House clarified that no final decision has been made and reports are inaccurate. US President Donald Trump previously reduced joint drills over South Korea’s non-cooperation regarding Iran.


