National
നേപ്പാള്‍ മിന്നല്‍ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല, 166 പേരെ രക്ഷപ്പെടുത്തി
ചൈനയിലെ ടിബറ്റന്‍ സ്വയംഭരണ മേഖലയില്‍ കുടുങ്ങിക്കിടന്ന 1,907 ഇന്ത്യക്കാരും സുരക്ഷിതരായി നേപ്പാളിലേക്ക് കടന്നിട്ടുണ്ട്
ന്യൂഡല്‍ഹി | നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ ഇന്ത്യക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു. ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ 275 ഇന്ത്യാക്കാരെ ഇനിയും കണ്ടെത്താനുണ്ട്. പ്രളയബാധിത മേഖലയില്‍ നിന്ന് ഇതുവരെ 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.
ചൈനയിലെ ടിബറ്റന്‍ സ്വയംഭരണ മേഖലയില്‍ കുടുങ്ങിക്കിടന്ന 1,907 ഇന്ത്യക്കാരും സുരക്ഷിതരായി നേപ്പാളിലേക്ക് കടന്നിട്ടുണ്ട്. നിലവില്‍ ചൈനീസ് അതിര്‍ത്തിക്കുള്ളില്‍ ഇന്ത്യക്കാര്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുവരെ ഏഴ് വിമാനങ്ങളിലായി 95 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യ നേപ്പാളിലെത്തിച്ചു. 30 ടണല്‍ രക്ഷാ വിദഗ്ദ്ധര്‍, 19 ഫോറന്‍സിക് വിദഗ്ദ്ധര്‍, 5 അംഗ മെഡിക്കല്‍ ടീം എന്നിവരടങ്ങുന്ന 54 അംഗ പ്രത്യേക സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.
ബെയ്‌ലി പാലങ്ങളും ഫോറന്‍സിക് കിറ്റുകളും ഉള്‍പ്പെടെയുള്ള കൂടുതല്‍ സഹായങ്ങള്‍ വരും ദിവസങ്ങളില്‍ നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ആഗസ്റ്റ് 26-നുണ്ടായ പ്രളയത്തില്‍ നേപ്പാളില്‍ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയരുകയും അയ്യായിരത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പന്ത്രണ്ടായിരത്തിലധികം പേരെ പ്രദേശത്തുനിന്ന് രക്ഷപ്പെടുത്തി. 35 മോട്ടോര്‍ പാലങ്ങളും 45 തൂക്കുപാലങ്ങളും 40 കിലോമീറ്റര്‍ റോഡും തകര്‍ന്നതായി ദുരന്തനിവാരണ അതോറിറ്റി റിപോര്‍ട്ട് ചെയ്തു.
Content Highlights:
Search operations continue for 275 Indians missing after a flash flood on the Nepal-Tibet border. Over 166 Indians have been rescued while 1,907 crossed safely from Tibet. India sent 95 tons of relief materials and a 54-member expert team to assist ongoing rescue efforts in Nepal.


