Connect with us

pala bishop issue

'നാര്‍ക്കോട്ടിക് ജിഹാദി'ല്‍ ബിഷപ്പിന് സിറോ മലബാര്‍ സഭയുടെ ഐക്യദാര്‍ഢ്യം

ജോസഫ് കല്ലറങ്ങാട്ട് ഏതെങ്കിലും ഒരു സമുദായത്തെയോ മതത്തെയോ മതവിശ്വാസത്തെയോ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചിട്ടില്ലെന്നാണ് സഭയുടെ വാദം

Published

|

Last Updated

പാലാ | പാലാ ബിഷപ്പിന് ഐക്യദാര്‍ഢ്യവുമായി സിറോ മലബാര്‍ സഭ. പാലാ രൂപതയുടെ അദ്ധ്യക്ഷന്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയില്‍ പ്രസംഗത്തില്‍ വിശ്വാസികള്‍ക്ക് നല്‍കിയ ചില മുന്നറിയിപ്പുകളുടെ പേരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദം ദൗര്‍ഭാഗ്യകരമാണെന്ന് സഭയുടെ ഔദ്യോഗിക പ്രസ്ഥാവനയില്‍ പറയുന്നു. ജോസഫ് കല്ലറങ്ങാട്ട് ഏതെങ്കിലും ഒരു സമുദായത്തെയോ മതത്തെയോ മതവിശ്വാസത്തെയോ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചിട്ടില്ലെന്നാണ് സഭയുടെ വാദം. ഏതെങ്കിലും ഒരു മതത്തെയോ മതവിശ്വാസത്തെയോ കുറ്റപ്പെടുത്തുടുത്തി ജോസഫ് കല്ലറങ്ങാട്ട് സംസാരിച്ചിട്ടില്ലെന്ന് പാലരൂപതാ കേന്ദ്രവും വ്യക്തമാക്കിയിട്ടുള്ളതാണെന്നും പ്രസ്താവനയില്‍ ഉണ്ട്.

കല്ലറങ്ങാട്ടിന്റെ പ്രസംഗം വിവാദമാക്കിയവര്‍ അദ്ദേഹം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ബോധപൂര്‍വം നഷ്ടപ്പെടുത്തി. അതിനുവേണ്ടി സമകാലിക കേരളസമൂഹത്തില്‍ എളുപ്പത്തില്‍ വിറ്റഴിയുന്ന ‘മതസ്പര്‍ധ’, ‘വര്‍ഗീയത’ എന്നീ ലേബലുകള്‍ പിതാവിന്റെ പ്രസംഗത്തിന് നല്‍കി. കല്ലറങ്ങാട്ട് നടത്തിയത് പൊതുജനത്തിനുവേണ്ടിയുള്ള ഒരു പ്രസ്താവനയായിരുന്നില്ലെന്നും മറിച്ച് സഭാമാക്കള്‍ക്കളോട് നടത്തിയ ഒരു പ്രസംഗമാണ് എന്നും സിറോ മലബാര്‍ സഭ. ചില രാഷ്ട്രീയ നേതാക്കന്മാരും മാധ്യമങ്ങളും പ്രസ്ഥാനങ്ങളും അവരുടെ ഇടപെടലുകളിലൂടെ പിതാവിന്റെ പ്രസംഗത്തെ രണ്ടു മതങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി അവതരിപ്പിച്ചു. ഈ തെറ്റായ അവതരണമാണു വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായതെന്നുമാണ് സഭയുടെ വാദം.

ബിഷപ്പിന്റെ പ്രസംഗത്തിന്റെ സാഹചര്യവും ഉദ്ദേശശുദ്ധിയും വ്യക്തമാണെന്നിരിക്കേ പിതാവിനെതിരെ നടപടി സ്വീകരിക്കണമെന്നുള്ള മുറവിളി ആസൂത്രിതമാണ്. കേരള സമൂഹത്തില്‍ നിലനിന്നുപോരുന്ന സാഹോദര്യവും സഹവര്‍ത്തിത്വവും നഷ്ടപ്പെടുത്താനേ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂ. യാഥാര്‍ത്ഥ്യമറിഞ്ഞിട്ടും പലവിധ സമ്മര്‍ദ്ധങ്ങള്‍ക്കു വഴങ്ങി കല്ലറങ്ങാട്ടു ബിഷപ്പിനെ കുറ്റപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ഒറ്റക്കെട്ടായി ബിഷപ്പിനോടൊപ്പം നിലകൊള്ളുമെന്നും വ്യക്തമാക്കുന്നു.

മതവിദ്വേഷവും സാമുദായിക സ്പര്‍ദ്ധയും വളര്‍ത്തുന്ന പ്രചരണങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്ക്കണമെന്ന് സഭ അഭ്യര്‍ത്ഥിച്ചു.