Connect with us

police brutality

നെടുമ്പാശേരി ബേക്കറി ഉടമയെ മര്‍ദിച്ച എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു

എസ് ഐയുടെ അതിക്രമം കണ്ട നാട്ടുകാര്‍ ഓടിക്കൂടുകയും ഇയാളെ പിടിച്ചുവെക്കുകയുമായിരുന്നു.

Published

|

Last Updated

കൊച്ചി | നെടുമ്പാശേരി കരിയാട് ബേക്കറി ഉടമയെ മര്‍ദിച്ചെന്ന പരാതിയില്‍ എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു. എസ് ഐ സുനില്‍ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞു. മര്‍ദനമേറ്റയാളുടെ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. കരിയാട് ജംഗ്ഷനിലെ ബേക്കറിയില്‍ കയറി എസ് ഐ നടത്തിയ അതിക്രമത്തില്‍ കടയുടമ കുഞ്ഞുമോന്‍, ഭാര്യ എല്‍ബി, ജീവനക്കാരന്‍ ബൈജു എന്നിവര്‍ക്കു പരിക്കേറ്റിരുന്നു.

മദ്യലഹരിയിലായിരുന്ന കണ്‍ട്രോള്‍ റൂം എസ് ഐ സുനിലിനെ നാട്ടുകാര്‍ വളഞ്ഞുവച്ച് നെടുമ്പാശ്ശേരി പോലീസിനു കൈമാറുകയായിരുന്നു. ബുധനാഴ്ച രാത്രി കട അടയ്ക്കാനൊരുങ്ങുമ്പോഴാണ് എസ് ഐ ബേക്കറിയില്‍ എത്തിയത്. കണ്‍ട്രോള്‍ റൂം വാഹനത്തിലായിരുന്നു എത്തിയത്. ഡ്രൈവറും ഒപ്പമുണ്ടായിരുന്നു. കടയിലേക്ക് കയറിയ എസ് ഐ കടയിലുണ്ടായിരുന്നവരെയെല്ലാം ചൂരല്‍ വടികൊണ്ട് അടിച്ചു.

പ്രകോപനമൊന്നുമുണ്ടായിരുന്നില്ലെന്നാണ് ബേക്കറി ഉടമ കുഞ്ഞുമോന്‍ പറയുന്നത്. എസ് ഐയുടെ അതിക്രമം കണ്ട നാട്ടുകാര്‍ ഓടിക്കൂടുകയും ഇയാളെ പിടിച്ചുവെക്കുകയുമായിരുന്നു. സംഭവമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ നെടുമ്പാശേരി പോലീസിന് നാട്ടുകാര്‍ എസ് ഐയെ കൈമാറി. എസ് ഐയെ അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധനക്കു വിധേയനാക്കി. കരിയാട് കത്തിക്കുത്ത് നടക്കുന്നുവെന്ന് അറിഞ്ഞാണ് സ്ഥലത്തെത്തിയതെന്നാണ് എസ് ഐ നല്‍കിയ മൊഴി.

 

Latest