Connect with us

assam

കാട്ടാനക്കൂട്ടത്തെ വഴിതിരിച്ചുവിടാന്‍ വെടിവെച്ചു; രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം, മാതാവ്‌ ഗുരുതരാവസ്ഥയില്‍

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടാനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു

Published

|

Last Updated

കംരൂപ് | കാട്ടാനകൂട്ടത്തെ വഴിതിരിച്ചുവിടാന്‍ വനപാലകന്‍ ആകശത്തേക്കുതിര്‍ത്ത വെടികൊണ്ട് രണ്ട് വയസ്സുള്ള പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. കുട്ടിയുടെ മാതാവിന് പരുക്കേറ്റു. അസമിലെ കാംരൂപ് ജില്ലയിലെ ബോകോ പോലീസ് സ്‌റ്റേഷന് കീഴിലുള്ള ബൊനാഡപറ എന്ന സ്ഥലത്താണ് സംഭവം.

കൃഷിയിടത്തില്‍ കയറിയ കാട്ടാനക്കൂട്ടത്തിന്റെ ആക്രമത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റുവെന്ന് പ്രദേശവാസികള്‍ പോലീസിനേയും വനം വകുപ്പ് ഉദ്യോഗസ്ഥരേയും അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസിനൊപ്പം സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടാനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഇതിലൊരു ബുള്ളറ്റ് തറച്ചാണ് കുട്ടിയുടെ ദാരുണാന്ത്യം. സംഭവത്തില്‍ കുട്ടിയുടെ മാതാവിനും പരുക്കേറ്റു. പാടത്ത് നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടിയും മാതാവും.

ഉടന്‍ തന്നെ രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മാതാവിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാട്ടാനക്കുട്ടതെ കാണാന്‍ എത്തിയതായിരുന്നു കുട്ടിയും മാതാവുമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

സംഭവത്തെത്തുടര്‍ന്ന് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ അന്വേഷണവും വിളകള്‍ നശിപ്പിക്കുന്ന വന്യ മൃഗങ്ങളില്‍ നിന്ന് രക്ഷിക്കാനുള്ള നടപടികളും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.