Connect with us

CRICKET

ക്രിക്കറ്റിന്റെ ഹൃദയഭൂമിയില്‍ ഇന്ത്യക്ക് മിന്നും ജയം

298 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. എട്ടാം വിക്കറ്റില്‍ ഷമിയും ബുംറയും ചേര്‍ന്ന് 89 റണ്‍സ് ചേര്‍ത്തു.

Published

|

Last Updated

ലോര്‍ഡ്‌സ് | കൃക്കറ്റിന്റെ ഹൃദയഭൂമിയില്‍ ഇംഗ്ലീഷ് പടയെ എറിഞ്ഞുവീഴ്ത്തിയ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ടിന് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനം തോല്‍വി മുന്നില്‍ കണ്ട് ഗ്രൗണ്ടിലിറങ്ങിയ ഇന്ത്യക്ക് 151 റണ്‍സിന്റെ മധുരിത ജയം. ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 51.5 ഓവറില്‍ 120 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

വാലറ്റത്തിന്റെ കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തിയത്. മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും അപ്രതീക്ഷിത ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനു മുന്നില്‍ ഇന്ത്യ വച്ചത് 272 റണ്‍സ് ലക്ഷ്യം. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അഞ്ചാം ദിനത്തില്‍ എട്ട് വിക്കറ്റിന് 209 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യക്കായി എട്ടാം വിക്കറ്റില്‍ ഷമിയും ബുംറയും ചേര്‍ന്ന് 89 റണ്‍സ് ചേര്‍ത്തു.

നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ്, മൂന്നു വിക്കറ്റ് പിഴുത ജസ്പ്രീത് ബുമ്ര, രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ, ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി എന്നിവര്‍ ചേര്‍ന്നാണ് ലോര്‍ഡ്‌സില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയമൊരുക്കിയത്.

ഋഷഭ് പന്ത് (46 പന്തില്‍ 22), ഇഷാന്ത് ശര്‍മ (24 പന്തില്‍ 16) എന്നിവരാണ് ഇന്ന് പുറത്തായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍. 146 പന്തില്‍ അഞ്ച് ഫോറുകളോടെ 61 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

Latest