Connect with us

Kerala

എസ് എഫ് ഐ ഒ അന്വേഷണം; സ്‌റ്റേ ചെയ്യണമെന്ന കെ എസ് ഐ ഡി സി ആവശ്യം തള്ളി ഹൈക്കോടതി

അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനാണെന്ന് കോടതി. എസ് എഫ് ഐ ഒ ആവശ്യപ്പെട്ട രേഖകള്‍ നല്‍കേണ്ടത് സര്‍ക്കാര്‍ ഏജന്‍സിയുടെ ബാധ്യതയാണെന്ന് കേന്ദ്രം.

Published

|

Last Updated

കൊച്ചി | എസ് എഫ് ഐ ഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷന്റ (കെ എസ് ഐ ഡി സി) ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. അന്വേഷണത്തോട് സഹകരിക്കണമെന്ന് കേന്ദ്രം കോടതിയില്‍ ആവശ്യപ്പെട്ടു. എസ് എഫ് ഐ ഒ ആവശ്യപ്പെട്ട രേഖകള്‍ നല്‍കേണ്ടത് സര്‍ക്കാര്‍ ഏജന്‍സിയുടെ ബാധ്യതയാണെന്നും കേന്ദ്രം പറഞ്ഞു.

2013ലെ മിനുട്‌സ് അടക്കമുള്ള രേഖകള്‍ എസ് എഫ് ഐ ഒക്കു നല്‍കുന്നതിന് സമയം അനുവദിക്കണമെന്ന് കെ എസ് ഐ ഡി സി ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് കെ എസ് ഐ ഡി സിയുടെ തിരുവനന്തപുരത്തെ ഓഫീസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ (എസ് എഫ് ഐ ഒ) പരിശോധന നടത്തുന്നത്. ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ചു വരികയാണ്.

എസ് എഫ് ഐ ഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തില്‍ നാല് ഉദ്യോഗസ്ഥരാണ് പരിശോധനക്കെത്തിയത്. കഴിഞ്ഞ ദിവസം സി എം ആര്‍ എല്ലിന്റെ ആലുവയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ സംഘം പരിശോധന നടത്തുകയും ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വീണയുടെ എക്സാലോജിക് കമ്പനിക്കെതിരായ പരാതിയാണ് വന്‍കിട സാമ്പത്തിക വഞ്ചനാകേസുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയായ എസ് എഫ് ഐ ഒ ഓഫീസ് ഏറ്റെടുത്തിരിക്കുന്നത്.

 

Latest