Connect with us

Kerala

ഗവര്‍ണര്‍ക്കെതിരായ എസ് എഫ് ഐ സമരം കാണിക്കുന്നത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്: വി ഡി സതീശന്‍

കേന്ദ്ര ഏജന്‍സികളെ ഭയന്ന് ജീവിക്കുന്ന മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കാനാണ് എസ് എഫ് ഐയെ വിട്ട് സമരങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും വി ഡി

Published

|

Last Updated

തിരുവനന്തപുരം | ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ നടത്തുന്ന സമരങ്ങള്‍ കാണിക്കുന്നത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊല്ലത്ത് എസ് എഫ് ഐ ഗവര്‍ണര്‍ക്കെതിരെ നടത്തിയ സമരത്തിനിടെ ഗവര്‍ണര്‍ നടുറോഡില്‍ ഇരുന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കെതിരെ ആരും പ്രതിഷേധിക്കാന്‍ പാടില്ല. എന്നാൽ ഗവര്‍ണര്‍ക്കെതിരെ സ്വന്തം ആളുകളെ മുഴുവന്‍ ഇറക്കി വിടുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് സുരക്ഷ കൊടുക്കേണ്ട സര്‍ക്കാര്‍ തന്നെ വിദ്യാര്‍ഥി സംഘടനകളെ വിട്ട് ഗവര്‍ണറെ തടയുകയാണ്. ഇത് കേന്ദ്ര വിരുദ്ധ സമരമല്ലെന്നും നാടകമാണെന്നും വി ഡി കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ക്കെതിരെ സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് ഭയമാണ്. ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചു, റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് സംസാരിച്ചു. അപ്പോഴൊന്നും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഭയന്ന് ജീവിക്കുന്ന മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കാനാണ് എസ് എഫ് ഐ യെ വിട്ട് സമരങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്‌സിറ്റിയില്‍ നടന്ന നിയമവിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും ഗവര്‍ണറും സര്‍ക്കാരും ഒരുമിച്ച് നടത്തിയതാണെന്നും കോണ്‍ഗ്രസ് എല്ലാകാലത്തും ഇരുവരെയും എതിര്‍ത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേ സമയം കൊല്ലത്ത് നടന്ന സംഭവങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് സുരക്ഷ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

---- facebook comment plugin here -----

Latest