Connect with us

Kerala

സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം: അഞ്ച് പേര്‍ പിടിയില്‍

നോര്‍ത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു കേസില്‍ അന്വേഷണം നടത്തിയത്.

Published

|

Last Updated

കൊച്ചി | സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ എറണാകുളം ലിസി ആശുപത്രിക്കു സമീപത്തുള്ള ഉപ്പും മുളകും ഹോട്ടലുടമയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. കെപിആര്‍ സെക്യൂരിറ്റി സര്‍വീസ് എന്ന ഏജന്‍സിയില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന വിളപ്പുശാല സ്വദേശി മനുക്കുട്ടനാണ് മരിച്ചത്. സംഭവത്തില്‍ ഉപ്പും മുളകും ഹോട്ടലുടമയായ കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്ലം, ജീവനക്കാരായ അസം സ്വദേശി ഹച്ചിമാദിന്‍ ,പശ്ചിമ ബംഗാള്‍ സ്വദേശികളായ ജാഫര്‍ അലം, മുഹമ്മദ് അസ്ലം , അസിം ബക്കാട്ടു എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് പിടിയികൂടിയത്.

മാര്‍ച്ച് 25ന് ഉപ്പും മുളകും ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കാനാണ് മനുക്കുട്ടന്‍ എത്തിയത്. എന്നാല്‍ ഭക്ഷണം നല്‍കാന്‍ വൈകിയതോടെ ഹോട്ടലിലെ ജീവനക്കാരനുമായി മനുക്കുട്ടന്‍ വാക്കുതര്‍ക്കമുണ്ടാക്കി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ജീവനക്കാരന്‍ മനുക്കുട്ടനെ മര്‍ദ്ദിച്ചു. മര്‍ദനത്തിനിടെ ഹോട്ടലിന്റെ വശത്തുള്ള ചവിട്ടുപടിയില്‍ മനുക്കുട്ടന്‍ തലയിടിച്ചു വീണു. തുടര്‍ന്ന് ബോധരഹിതനായ ഇയാളെ ഹോട്ടലുടമയുടെ നിര്‍ദേശാനുസരണം ജീവനക്കാര്‍ മുന്‍വശത്തുള്ള കാനയുടെ ഭാഗത്തേക്ക് മാറ്റി കിടത്തുകയും ഹോട്ടലിന് ഉള്‍വശത്തുള്ള രക്തം കഴുകിക്കളയുകയും ആയിരുന്നെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

സംഭവത്തിനു ശേഷം  പ്രതികള്‍ മനുക്കുട്ടനെ ലിസി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  ചവിട്ടുപടിയില്‍ തലയിടിച്ചതിനെ തുടര്‍ന്നുണ്ടായ പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന്  പിറ്റേദിവസം മനുക്കുട്ടന്‍ മരണത്തിന് കീഴടങ്ങി. തുടര്‍ന്നാണ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. നോര്‍ത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു കേസില്‍ അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Latest