Connect with us

HARSHINA

വയറ്റില്‍ കത്രിക: മെഡിക്കല്‍ ബോര്‍ഡ് ആടിനെ പട്ടിയാക്കുന്നതായി ഹര്‍ഷിന

ആഗസ്റ്റ് 16 ന് സെക്രട്ടേറിയേറ്റിന് മുമ്പില്‍ ഉപവാസ നടത്തും

Published

|

Last Updated

കോഴിക്കോട് | പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് തള്ളിയ മെഡിക്കല്‍ ബോര്‍ഡിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹര്‍ഷിന. ആടിനെ പട്ടിയാക്കുന്ന നിലപാടാണിത്. നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്നും അവര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ക്കു മേല്‍ക്കൈയ്യുള്ള മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ ആശുപത്രിയില്‍ പ്രതിഷേധിച്ച ഹര്‍ഷിനയേയും സമരസമിതി പ്രവര്‍ത്തകരേയും പോലീസ് ബലം പ്രയോഗിച്ചു നീക്കി.

ആഗസ്റ്റ് 16 ന് സെക്രട്ടേറിയേറ്റിന് മുമ്പില്‍ ഏകദിന ഉപവാസ നടത്തും. കത്രിക മെഡിക്കല്‍ കോളജിന്റേതാണെന്ന പോലീസ് റിപ്പോര്‍ട്ട് തള്ളിയാണു മെഡിക്കല്‍ ബോര്‍ഡ് രംഗത്തുവന്നത്. കത്രിക മെഡിക്കല്‍ കോളജിന്റേതല്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വാദം.
കത്രിക മെഡിക്കല്‍ കോളജിന്റേതാണെന്ന് പോലീസ് നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കത്രിക കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹര്‍ഷിനയുടെ സമരം 50 ദിവസം പിന്നിട്ടിരിക്കുകയാണ്.

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് തന്നെയെന്നായിരുന്നു മെഡിക്കല്‍ കോളജ് എ സി പി കെ സുദര്‍ശന്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയത്.

മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിലായിരുന്നു ഹര്‍ഷിനയുടെ ആദ്യത്തെയും രണ്ടാമത്തെയും പ്രസവ ശസ്ത്രക്രിയ. മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ 2017 നവംബര്‍ 30-ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്നു. ഈ പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഹര്‍ഷിനയ്ക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനയില്‍ വയറ്റില്‍ കത്രിക കണ്ടെത്തുകയും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്തു.

 

Latest