International
സഊദി മെഗാ പ്രോജക്ട്‌സ് ഉച്ചകോടി റിയാദില്‍; വിഷന്‍ 2030 നിര്‍ണ്ണായക ഘട്ടത്തിലേക്ക്
സഊദിയുടെ നിര്‍മ്മാണ വികസന മേഖലകളെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലാണ് ഈ ഉച്ചകോടി നടക്കുന്നത്
റിയാദ് | സഊദി മെഗാ പ്രോജക്ട്‌സ് ഉച്ചകോടിയുടെ നാലാമത് പതിപ്പിന് സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ റിയാദ് വേദിയാകും.സഊദിയുടെ ‘വിഷന്‍ 2030’ പദ്ധതികളുടെ നിര്‍വ്വഹണ ഘട്ടത്തിലേക്ക് അതിവേഗം മുന്നേറുന്ന പശ്ചാത്തലത്തില്‍, രാജ്യത്തെ പ്രമുഖ വികസന നിര്‍മ്മാണ പദ്ധതികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന വ്യക്തികളും സ്ഥാപനങ്ങളും ഈ ഉച്ചകോടിയില്‍ സംബന്ധിക്കും. മിഡില്‍ ഈസ്റ്റ് ഇക്കണോമിക് ഡൈജസ്റ്റ് (മീഡ്)സംഘടിപ്പിക്കുന്ന ത്രിദിന പരിപാടി റോഷന്‍ ഗ്രൂപ്പിന്റെ സെദ്ര കമ്മ്യൂണിറ്റിയിലെ ‘ദി വെന്യൂ’വിലാണ് നടക്കുന്നത്. ‘വിഷനെ മൂല്യമാക്കി മാറ്റുക: വിഷന്‍ 2030 യാഥാര്‍ത്ഥ്യമാക്കുന്ന മാറ്റത്തിന്റെ വക്താക്കളെ കാണുക’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
സഊദിയുടെ നിര്‍മ്മാണ വികസന മേഖലകളെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലാണ് ഈ ഉച്ചകോടി നടക്കുന്നത്. മീഡിന്റെ കണക്കുകള്‍ പ്രകാരം, ഏകദേശം 130 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഗിഗാ പ്രോജക്ട് കരാറുകള്‍ ഇതിനകം അനുവദിച്ചു കഴിഞ്ഞു. കൂടാതെ 200 ബില്യണ്‍ ഡോളറോളം മൂല്യമുള്ള കരാറുകള്‍ നടപടിക്രമങ്ങളിലാണ്. പദ്ധതി ഉടമകള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, ഡെവലപ്പര്‍മാര്‍, കരാറുകാര്‍, കണ്‍സള്‍ട്ടന്റുമാര്‍, അനുബന്ധ സേവനദാതാക്കള്‍ എന്നിവരെല്ലാം ഉച്ചകോടിയില്‍ ഒത്തുചേരും.
Content Highlights: The 4th edition of the Saudi Mega Projects Summit takes place in Riyadh from September 28 to 30. Organized by MEED, the summit brings together major stakeholders of Vision 2030 at Roshn Group’s Sedra community. Over $130 billion in giga project contracts have already been awarded in Saudi Arabia.






