National
ശൈഖ് മുഹ്യിദ്ദീന്‍ ജീലാനി നവോത്ഥാന നായകന്‍: ഖലീലുല്‍ ബുഖാരി തങ്ങള്‍
അലിഗഡില്‍ ദിക്‌റെ ഗൗസുല്‍ വറാ ആത്മീയ സംഗമം പ്രൗഢമായി
അലിഗഡ് | ധാര്‍മിക ഉന്നമനത്തിനും സാമൂഹിക നന്മയ്ക്കും ആത്മീയ നവോത്ഥാനത്തിനുമായി ജീവിതം സമര്‍പ്പിച്ച മഹാനായ പണ്ഡിതനും ആത്മീയാചാര്യനുമായിരുന്നു ശൈഖ് മുഹ്യിദ്ദീന്‍ ജീലാനിയെന്ന് സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.വിശ്വാസം, വിജ്ഞാനം, ആത്മസംസ്‌കരണം, സദാചാരം എന്നിവയുടെ പ്രാധാന്യം സമൂഹത്തില്‍ പകര്‍ന്നുനല്‍കുന്നതില്‍ ശൈഖ് ജീലാനിയുടെ ജീവിതവും അധ്യാപനങ്ങളും വലിയ സ്വാധീനം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു.
എസ്.എസ്.എഫ് എ.എം.യു യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അലിഗഡ് സ്ട്രാച്ചി ഹാളില്‍ സംഘടിപ്പിച്ച ‘ദിക്‌റെ ഗൗസുല്‍ വറാ’ ആത്മീയ വേദി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്തി, വിനയം, ദാനശീലം, സത്യസന്ധത, സഹജീവിസ്നേഹം തുടങ്ങിയ മൂല്യങ്ങള്‍ സമൂഹത്തില്‍ ശക്തിപ്പെടുത്തുന്നതില്‍ ശൈഖ് ജീലാനിയുടെ പ്രബോധനങ്ങള്‍ക്ക് വലിയ പങ്കുണ്ടായി. വിവിധ ദേശങ്ങളിലും സമൂഹങ്ങളിലുമുള്ള ജനങ്ങളില്‍ അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശൈഖ് ജീലാനിയുടെ ജീവിതവും സന്ദേശങ്ങളും കാലാതീതമായി പ്രസക്തമാണെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.
ചടങ്ങില്‍ ഡോ. സയ്യിദ് നൂര്‍ ആലം മിസ്ബാഹി (ചീഫ് ഇമാം, അല്‍ ബറകാത്ത് ജുമാ മസ്ജിദ്), മൗലാന നസീം മിസ്ബാഹി (ചീഫ് ഇമാം, മസ്ജിദ് ദര്‍ഗ ഹസ്രത്ത് ബാബ ബര്‍ച്ചി ബഹാദൂര്‍), പ്രൊഫ. അബ്ദുര്‍റഹീം കെ (മ്യൂസിയോളജി വിഭാഗം), പ്രൊഫ. ഷാക്കിര്‍ അലി (ഗണിതശാസ്ത്ര വിഭാഗം) ഡോ: സുബൈര്‍ അംജദി ( അസി: പ്രൊഫസര്‍,ജര്‍മന്‍ വിഭാഗം), ഡോ: ഫൈസല്‍ ഹുദവി, ഡോ: അബൂബക്കര്‍ പത്തംകുളം, പ്രൊഫസര്‍ നൗഷാദ് അലി പി എം (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍)ഡോ. എന്‍.പി. അബ്ദുല്‍ അസീസ് ( അസോസിയേറ്റ് പ്രെഫസര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്കണോമിക്സ് ) ഡോ: മുനീര്‍ (അസി: പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇംഗ്ലീഷ്) ഡോ. സഅദ് ബിന്‍ ജാവേദ് (അസി: പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബോട്ടണി )സി.പി. സ്വാദിഖ് നൂറാനി (ഡല്‍ഹി മര്‍കസ്)ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ ( ലക്ചറര്‍,മഅദിന്‍ അക്കാദമി)തുടങ്ങിയവര്‍ സംബന്ധിച്ചു.
അലിഗഡില്‍ ഇരുപത് വര്‍ഷത്തോളമായി നടന്നുവരുന്ന വാരാന്ത്യ സ്വലാത്ത് കൂട്ടായ്മയിലെ അംഗങ്ങളായ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളുമായി ഖലീല്‍ ബുഖാരി തങ്ങള്‍ സംവദിച്ചു. വിദ്യാര്‍ഥികളുടെ പഠനം, ആത്മീയ പ്രവര്‍ത്തനങ്ങള്‍, കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചും അദ്ദേഹം സംസാരിച്ചു.
Content Highlights: Sayyid Ibraheemul Khaleel Al Bukhari inaugurated the Dikre Ghausul Wara event organized by SSF at Aligarh Muslim University. He highlighted the timeless relevance and spiritual teachings of Sheikh Muhiyudheen Jeelani. He also interacted with Malayali students at the university.





