Kerala
ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബി ജെ പി നേതാക്കളുമായും അടുത്ത ബന്ധം
കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡ, ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണന്‍ എന്നിവരുമായി ഉണ്ണികൃഷ്ണണ്‍ പോറ്റിക്കുള്ള ബന്ധമാണു പുറത്തുവന്നത്
കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബി ജെ പി നേതാക്കളുമായി അടുത്ത ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡ, ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണന്‍ എന്നിവരുമായി ഉണ്ണികൃഷ്ണണ്‍ പോറ്റിക്കുള്ള ബന്ധമാണു പുറത്തുവന്നത്. ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വര്‍ണ്ണവാതിലുകളുടെ സമര്‍പ്പണത്തിനാണ് ഇരുനേതാക്കളും എത്തിയത്. കേന്ദ്രമന്ത്രിയായിരുന്ന സമയത്താണ് സദാനന്ദ ഗൗഡ പരിപാടിക്കെത്തിയത്. 2020 ജനുവരി മാസമാണ് സ്വര്‍ണ്ണവാതില്‍ സമര്‍പ്പിച്ചത്.
2020 -21 കാലഘട്ടങ്ങളിലെ ചിത്രങ്ങളാണു പുറത്തുവന്നത്. കര്‍ണാടകയുടെ മുന്‍ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന സദാനന്ദ ഗൗഡ പോറ്റിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ കേന്ദ്രമന്ത്രി കൂടിയായിരുന്നു. ഉപമുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് അശ്വന്ത് നാരായണ്‍ പോറ്റിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തത്. മണിക്കൂറുകളോളം ഇരു നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, യു ഡി എഫ് കണ്‍വീനറും കോണ്‍ഗ്രസ് എം പിയുമായ അടൂര്‍ പ്രകാശ്, സി പി എം നേതാവും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പമുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. കടകംപള്ളി സുരേന്ദ്രന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിരവധി തവണ വന്നതിന്റെ വിവരങ്ങളുംപുറത്തുവന്നു. ആദ്യതവണ കടകംപള്ളി സുരേന്ദ്രന്‍ വന്നപ്പോള്‍ ഒപ്പം സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുന്‍ എം എല്‍ എയുമായ രാജു എബ്രഹാമും ഉണ്ടായിരുന്നു. ഡിഗ്രിക്ക് റാങ്ക് ലഭിച്ച ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് കടകംപള്ളി സുരേന്ദ്രന്‍ ഉപഹാരം നല്‍കുന്ന ചിത്രവും പുറത്തുവന്നു.
യു ഡി എഫ് കണ്‍വീനറും ആറ്റിങ്ങല്‍ എം പിയുമായ അടൂര്‍ പ്രകാശിനൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി നില്‍ക്കുന്ന ചിത്രങ്ങളും റിപ്പോര്‍ട്ടര്‍ ടി വി പുറത്തുവിട്ടിരുന്നു. അടൂര്‍ പ്രകാശിനെ താന്‍ സ്‌പോണ്‍സര്‍ ചെയ്ത സദ്യ ഉദ്ഘാടനം ചെയ്യാന്‍ പോറ്റി ശബരിമലയിലെത്തിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണനാണ് 2017 ജനുവരി ഒന്നിന്റെ സദ്യ ഉദ്ഘാടനം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടില്‍ പോയിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
ഇവയ്ക്കെല്ലാം പുറമെ സോണിയ ഗാന്ധിക്കൊപ്പമുള്ള പോറ്റിയുടെ ചിത്രങ്ങളും വലിയ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കിയിരുന്നു. സോണിയ ഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടികൊടുക്കുന്ന പോറ്റിയുടെ ചിത്രമാണ് വലിയ വിവാദങ്ങള്‍ക്കിടയാക്കിയത്.



