Connect with us

Rsc

ആർ എസ് സി സഊദി ഈസ്റ്റ് നാഷനൽ തർതീലിന് പ്രൗഢ സമാപ്തി

റിയാദ് നോർത്ത്, റിയാദ് സിറ്റി സോണുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

Published

|

Last Updated

അൽ ഖസീം | വിശുദ്ധ ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിനായി രിസാല സ്റ്റഡി സർക്കിൾ റമസാനിൽ സംഘടിപ്പിച്ചു വരുന്ന ഖുർആൻ മത്സരങ്ങളുടെ ആറാമത് എഡിഷൻ തർതീൽ ഗ്രാൻഡ് ഫിനാലെ അൽ ഖസീമിൽ പ്രൗഢമായി സമാപിച്ചു. ദമാം, റിയാദ് നോർത്ത്, റിയാദ് സിറ്റി, അൽ ഖസീം, ഹൈയിൽ, അൽ ഖോബാർ, ജുബൈൽ, അൽ ജൗഫ്, അൽ അഹ്‌സ തുടങ്ങിയ സോണുകളിൽ നിന്ന് മത്സരിച്ച് വിജയിച്ചെത്തിയ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരികളാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത്.

ഖുർആൻ പാരായണം, മനഃപാഠം, ക്വിസ്, രിഹാബുൽ ഖുർആൻ, മുബാഹസ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 20 ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ റിയാദ് നോർത്ത്, റിയാദ് സിറ്റി സോണുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. അൽ ഖോബാർ, ദമാം സോണുകൾ മൂന്നാം സ്ഥാനം പങ്കിട്ടു. വിവിധ ഇനങ്ങളിലായി കൂടുതൽ വ്യക്തിഗത പോയിന്റ് നേടിയ റിയാദ് നോർത്ത് സോണിലെ സയ്യിദ് അലവി ഫാസിലിയെ തർതീൽ പ്രതിഭയായി തെരഞ്ഞെടുത്തു. ഗ്രാൻഡ് ഇഫ്താറോടുകൂടി സമാപിച്ച പരിപാടിയുടെ സമാപന സമ്മേളനം നാഷനൽ ചെയർമാൻ ഇബ്രാഹിം അംജദിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് കേരള സാന്ത്വനം ചെയർമാൻ ഡോ. അബ്ദുസ്സലാം മുസ്‌ലിയാർ ദേവർശോല ഉദ്‌ഘാടനം ചെയ്തു. രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ കലാലയം സെക്രട്ടറി സലിം പട്ടുവം തർതീൽ സന്ദേശ പ്രഭാഷണം നടത്തി. എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി ഐക്യദാർഢ്യ സന്ദേശം പ്രവാസി രിസാല മാനേജിംഗ് ഡയറക്ടർ സിറാജ് വേങ്ങര നിർവഹിച്ചു.

ബ്ലഡ് ഡൊണേഷൻ ചാരിറ്റി ഡയറക്ടർ ‌ശൈഖ് അബ്ദുർറഹ്‌മാൻ അൽ ഫൗസാൻ, ഐ സി എഫ് പ്രൊവിൻസ് അഡ്മിൻ സെക്രട്ടറി ശിഹാബ് സോമ, ഐ സി എഫ് സെൻട്രൽ പ്രസിഡന്റ് ഹംസ മുസ്‌ലിയാർ, ഡോ. മഹ്മൂദ് മൂത്തേടം, സ്വാഗതസംഘം ചെയർമാൻ അബു സ്വാലിഹ് മുസ്‌ലിയാർ ആശംസ പ്രസംഗം നടത്തി. കെ എം സി സി പ്രതിനിധി ബശീർ വെള്ളില, മാധ്യമ പ്രവർത്തകൻ മുഹമ്മദ് അസ്‌ലം, ഖസീം യൂനിവേഴ്സിറ്റി പ്രൊഫസർ ഡോ.മുഹമ്മദ് ഫൗസാൻ, കളർ ക്രാഫ്റ്റ് ജനറൽ മാനേജർ അഹ്‌മദ്‌ ഫാളി അൽഹർബി പങ്കെടുത്തു. രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ വിസ്‌ഡം സെക്രട്ടറി കബീർ ചേളാരി വിജയികളെ പ്രഖ്യാപിച്ചു. രിസാല സ്റ്റഡി സർക്കിൾ നാഷനൽ ജന. സെക്രട്ടറി റഊഫ് പാലേരി സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ സിദ്ദീഖ് പുള്ളാട്ട് നന്ദിയും പറഞ്ഞു.