International
യെമനില്‍ പോരാട്ടം ശക്തം: തഈസിലെ മൗണ്ട് ഖര്‍ഫാന്‍ തിരിച്ചുപിടിച്ചതായി സര്‍ക്കാര്‍ സൈന്യം
രൂക്ഷമായ ഏറ്റുമുട്ടലില്‍ അഞ്ച് ഹൂതി പോരാളികള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി തഈസ് സൈനിക വിഭാഗം ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ മജിദി അറിയിച്ചു
യെമന്‍ | പടിഞ്ഞാറന്‍ യെമനിലെ തഈസ് പ്രവിശ്യയിലുള്ള മൗണ്ട് ഖര്‍ഫാന്റെ പൂര്‍ണ്ണ നിയന്ത്രണം തിരിച്ചുപിടിച്ചതായി യെമന്‍ സര്‍ക്കാര്‍ സൈന്യം അറിയിച്ചു. പ്രാദേശിക പോരാളികളുടെ സഹായത്തോടെ നടത്തിയ ശക്തമായ നീക്കത്തിനൊടുവിലാണ് ഹൂതി വിമതരില്‍ നിന്ന് പ്രദേശം തിരിച്ചുപിടിച്ചതെന്ന് യെമന്‍ ആംഡ് ഫോഴ്‌സസ് മീഡിയ സെന്റര്‍ വ്യക്തമാക്കി.
രൂക്ഷമായ ഏറ്റുമുട്ടലില്‍ അഞ്ച് ഹൂതി പോരാളികള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി തഈസ് സൈനിക വിഭാഗം ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ മജിദി അറിയിച്ചു. മൗണ്ട് ഖര്‍ഫാന്‍ പിടിച്ചെടുത്തതോടെ തെക്കന്‍ തഈസിലെ അഷ് ഷമൈതൈന്‍, അല്‍ വസിയ്യ എന്നീ താഴ്വരകളില്‍ ശക്തമായ നിരീക്ഷണവും പ്രഹരശേഷിയും ഉറപ്പാക്കാന്‍ സൈന്യത്തിന് കഴിയും. എന്നാല്‍ ഈ അവകാശവാദത്തോട് ഹൂതികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുഎസ്-ഇസ്‌റാഈല്‍ സംഘര്‍ഷം ഇറാനുമായി ഉടലെടുത്തതിനെത്തുടര്‍ന്ന് മേഖലയിലാകെ അശാന്തി പടരുന്ന പശ്ചാത്തലത്തിലാണ് യെമനിലും പോരാട്ടം കൊടുമ്പിരിക്കൊള്ളുന്നത്. മൊഖ തുറമുഖം ഉള്‍പ്പെടെയുള്ള ചെങ്കടല്‍ തീരപ്രദേശങ്ങള്‍ പിടിച്ചെടുത്ത ഹൂതികള്‍, തഈസ് – ലഹ്ജ് അതിര്‍ത്തികളിലെ കഹ്ബൂബ് മലനിരകളിലേക്ക് മുന്നേറാന്‍ ശ്രമിക്കുകയാണ്. ബാബ് അല്‍ മന്ദബ് കടലിടുക്കിന് അഭിമുഖമായുള്ള ഈ മേഖലയുടെ നിയന്ത്രണം കൈവന്നാല്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള തെക്കന്‍ ഭാഗങ്ങളെ തീരപ്രദേശത്തുനിന്ന് പൂര്‍ണ്ണമായി വിച്ഛേദിക്കാന്‍ ഹൂതികള്‍ക്ക് സാധിക്കും.
അതേസമയം, പോരാട്ടം യെമനിലെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ്. തഈസിന് മുകളില്‍ വെച്ച് നിരീക്ഷണ ഡ്രോണ്‍ വെടിവെച്ചിട്ടതായും സൗദി യുദ്ധവിമാനങ്ങള്‍ വിവിധ പ്രവിശ്യകളിലായി 19 തവണ വ്യോമാക്രമണം നടത്തിയതായും ഹൂത്തി സൈനിക വക്താവ് യഹിഅ സരി അവകാശപ്പെട്ടു. ഇതിനിടെ മധ്യ തഈസ് നഗരത്തിലെ ജനവാസ മേഖലകളില്‍ ഹൂതികള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ വീടുകള്‍ക്ക് വ്യാപക നാശനഷ്ടമുണ്ടായി. ഓഗസ്റ്റ് ആറു മുതല്‍ പുനരാരംഭിച്ച സംഘര്‍ഷങ്ങളില്‍ ഇതുവരെ 674 പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
യെമനിലെ എക്സിക്യൂട്ടീവ് യൂണിറ്റ് ഫോര്‍ ദി മാനേജ്മെന്റ് ഓഫ് ഡിസ്പ്ലേസ്ഡ് പേഴ്സണ്‍സ് ക്യാംപ്സിന്റെ കണക്കനുസരിച്ച് ഈ മാസം മാത്രം 1,58,000ത്തിലധികം ആളുകളാണ് ഭവനരഹിതരായത്. ഈ യുദ്ധത്തില്‍ സാധാരണക്കാരാണ് ഏറ്റവും വലിയ വില നല്‍കേണ്ടി വരുന്നതെന്ന് യൂനിവേഴ്‌സിറ്റി ഓഫ് സബ റീജിയണിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഇബ്രാഹിം അല്‍ ഹുരി പറയുന്നു.
Content Highlights:
Yemeni government forces have regained full control of Mount Kharfan in Taiz province following heavy clashes with Houthi rebels. Five Houthi fighters were killed and 20 injured during the operation. Meanwhile, WHO reported 674 deaths and widespread displacement due to ongoing fighting.



