National
രാജ്യത്ത് ഭീകരാക്രമണത്തിനുള്ള സാധ്യത അവഗണിക്കാനാവില്ല: കരസേനാ മേധാവി
മനേസറിലെ ഗാരിസണില്‍ സംഘടിപ്പിച്ച അഖിലേന്ത്യാ പോലീസ് കമാന്‍ഡോ മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുഗ്രാം| ഭാവിയില്‍ ഇന്ത്യ ഭീകരവാദവും ആഭ്യന്തര സുരക്ഷാ വെല്ലുവിളികളും അഭിമുഖീകരിക്കുന്നത് തുടരുമെന്നും രാജ്യത്തെ സുരക്ഷാ സേന അവയെ ഒറ്റക്കെട്ടായി നേരിടുമെന്നും കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ.
ഫെഡറല്‍ കണ്ടിജന്‍സി ഫോഴ്സ് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) മനേസറിലെ ഗാരിസണില്‍ സംഘടിപ്പിച്ച അഖിലേന്ത്യാ പോലീസ് കമാന്‍ഡോ മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദവും ആഭ്യന്തര സുരക്ഷാ സാഹചര്യങ്ങളും രാജ്യത്തെ വ്യത്യസ്ത രീതികളിലാണ് ബാധിക്കാറുളളത്. ഞങ്ങള്‍ ഈ വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടും. എന്നാല്‍ ഈ വെല്ലുവിളികള്‍ ഭാവിയിലും തുടരും. ഈ വെല്ലുവിളികളില്‍ ചിലത് വളരെക്കാലം നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നടക്കുന്ന ഭീകരാക്രമണങ്ങളുടെ സാധ്യത അവഗണിക്കാനാവില്ലെന്ന് ജനറല്‍ പാണ്ഡെ കൂട്ടിചേര്‍ത്തു. അത്തരം നിരവധി ഇടപെടലുകള്‍ പരാജയപ്പെടുത്തുന്ന ഇന്റലിജന്‍സിനെയും സുരക്ഷാ സേനയെയും അദ്ദേഹം പ്രശംസിച്ചു.
മാര്‍ച്ച് 31 ന് അവസാനിക്കുന്ന മത്സരത്തില്‍ വിവിധ കേന്ദ്ര സായുധ പോലീസ് സേനകളില്‍ നിന്നും സംസ്ഥാന പോലീസ് സംഘടനകളില്‍ നിന്നുമായി 24 ടീമുകള്‍ പങ്കെടുക്കുന്നുണ്ട്.



