Connect with us

Kerala

തറവാടായ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; താന്‍ ഒരു കാലത്തും ഇടതുപക്ഷത്തിനൊപ്പമായിരുന്നില്ലെന്നും എം കെ വര്‍ഗീസ്

കോണ്‍ഗ്രസിലേക്ക് മടങ്ങി പോകുന്നത് യാതൊരു ഓഫറും ലഭിച്ചിട്ടല്ല

Published

|

Last Updated

തൃശൂര്‍ |  തൃശൂര്‍ മുന്‍ മേയര്‍ എംകെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്. താന്‍ തന്റെ തറവാടായ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജന്‍ പല്ലന് പിന്തുണ നല്‍കുമെന്നും എകെ വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം, താന്‍ ഒരു കാലത്തും ഇടതുപക്ഷത്തിനൊപ്പമായിരുന്നില്ലെന്നും അവര്‍ തന്റെ കൂടെയായിരുന്നു എന്നതാണ് ശരിയെന്ന് എംകെ വര്‍ഗീസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം താനും എല്‍ഡിഎഫും തമ്മില്‍ ഒരു കരാറും ഉണ്ടായിരുന്നില്ല. അഞ്ച് വര്‍ഷം കഴിഞ്ഞു. മേയര്‍ സ്ഥാനം ഒഴിഞ്ഞു. ഞാന്‍ തിരിച്ചുപോന്നു. കോണ്‍ഗ്രസ് ജയിക്കണം എന്നാണ് എന്റെ ആഗ്രഹം. ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂല സാഹചര്യം ഉണ്ട്. അന്നത്തെ സാഹചര്യം അതായിരുന്നില്ല. സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ തൃശ്ശൂരില്‍ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. അന്ന് ഭരണം ഉണ്ടായിരുന്നു. ഇടതുപക്ഷത്തിനായിരുന്നു പിന്തുണ. ആ ഒരു ബന്ധം മാത്രമെ താനും ഇടതുപക്ഷവുമായും ഉള്ളൂ. കഴിഞ്ഞ മൂന്ന് മാസമായി ഞാന്‍ വിശ്രമത്തിലായ്ിരുന്നു. വിശ്രമം കഴിഞ്ഞു. ഇനി ഞാന്‍ എന്റെ തറവാട്ടിലേക്ക് മടങ്ങി പോകുന്നു. രാജന്‍ പല്ലന്‍ കഴിഞ്ഞ 30 വര്‍ഷമായി തന്റെ അടുത്തയാളാണ്. തിരഞ്ഞെടുപ്പില്‍ പല്ലന്‍ വിജയിക്കും- എംകെ വര്‍ഗീസ് പറഞ്ഞു.

കോണ്‍ഗ്രസിലേക്ക് മടങ്ങി പോകുന്നത് യാതൊരു ഓഫറും ലഭിച്ചിട്ടല്ല. തന്നെ ആരും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല. അന്ന് സ്വതന്ത്രനായി മത്സരിക്കാനുള്ള സാഹചര്യം എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ അതിലൊന്നു പ്രസക്തിയില്ല. താന്‍ എവിടെ നില്‍ക്കുന്നുവോ അവിടെ ആത്മാര്‍ഥമായി നില്‍ക്കുന്ന ഒരാളാണ് താന്‍. അടുത്ത അഞ്ച് വര്‍ഷം യുഡിഎഫ് അധികാരത്തിലെത്തുമെന്നും എംകെ വര്‍ഗീസ് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷം ഇടതുമുന്നണിയോടെ പിന്തുണയോടെ തൃശൂര്‍ നഗരസഭയുടെ മേയറായിരുന്നു എംകെവര്‍ഗീസ്.

2000ലും 2020ലും കൗണ്‍സിലറായിരുന്നു എം കെ വര്‍ഗീസ്. 2020ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് നെട്ടിശ്ശേരിയില്‍ നിന്നും സ്വതന്ത്രനായി വിജയിച്ച എം കെ വര്‍ഗീസ് എല്‍ഡിഎഫ് പിന്തുണയോടെ മേയര്‍ ആവുകയായിരുന്നു. എല്‍ഡിഎഫും യുഡിഎഫും 24 സീറ്റുകളോടെ ഒപ്പത്തിനൊപ്പം വന്നതോടെ വര്‍ഗീസിന്റെ തീരുമാനം നിര്‍ണ്ണായകമായി. ഇതോടെ വര്‍ഗീസിനെ മേയറാക്കാന്‍ സമ്മതിച്ച് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടി.

 

Latest