Connect with us

Uae

ഗോൾഡൻ വിസ നൽകുന്നതിൽ നിയന്ത്രണങ്ങൾ കൂടും

എല്ലാ യു എ ഇ ഗോൾഡൻ വിസ അപേക്ഷകളും രാജ്യത്തിനുള്ളിലെ ഔദ്യോഗിക മാർഗങ്ങൾ വഴി മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ.

Published

|

Last Updated

ദുബൈ | യു എ ഇ ഗോൾഡൻ വിസ നൽകുന്നതിൽ നിയമം കർശനമാക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ സി പി) വൃത്തങ്ങൾ. നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും യു എ ഇ സർക്കാറിന്റെ ഔദ്യോഗിക മാർഗങ്ങൾ വഴിയും മാത്രമേ നൽകുകയുള്ളൂ. ചില രാജ്യക്കാർക്ക് 100,000 ദിർഹം (23.3 ലക്ഷം) ഒറ്റത്തവണ ഫീസായി നൽകിയാൽ ആജീവനാന്ത താമസ വിസയ്ക്ക് അർഹരാകുമെന്ന കിംവദന്തി ചില ഏജൻസികൾ പരത്തിയതാണ് നിയമം കർശനമാക്കാൻ കാരണം. നഴ്സുമാർ, അധ്യാപകർ, ഗവേഷകർ, ഡിജിറ്റൽ ക്രിയേറ്റർമാർ, മാരിടൈം സ്‌പെഷ്യലിസ്റ്റുകൾ തുടങ്ങിയ പ്രൊഫഷണലുകൾക്ക് നിശ്ചിത ഫീസടച്ചാൽ നൽകുന്നതിലും കർശന പരിശോധനകൾ ഉണ്ടാകും.
എല്ലാ യു എ ഇ ഗോൾഡൻ വിസ അപേക്ഷകളും രാജ്യത്തിനുള്ളിലെ ഔദ്യോഗിക മാർഗങ്ങൾ വഴി മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ. അപേക്ഷാ പ്രക്രിയയിൽ ആഭ്യന്തരമോ ബാഹ്യമോ ആയ ഉപദേശക സ്ഥാപനവും അംഗീകൃത കക്ഷിയായിരിക്കില്ല. വഞ്ചനാപരമായ വാഗ്ദാനങ്ങളിൽ വീഴരുതെന്ന് അധികാരികൾ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഗോൾഡൻ വിസ സേവനങ്ങൾ നൽകുന്നുവെന്ന് അവകാശപ്പെടുന്ന സ്ഥാപനങ്ങളിൽ ഫീസും അടക്കുകയോ വ്യക്തിഗത രേഖകൾ പങ്കിടുകയോ ചെയ്യരുത്. ക്രിപ്റ്റോകറൻസിയായ ടോൺകോയിനിലെ നിക്ഷേപകർക്ക് രാജ്യത്തിന്റെ ഗോൾഡൻ വിസ അനുവദിച്ചുവെന്ന അവകാശവാദങ്ങൾ അധികൃതർ നിരാകരിച്ചു.വിദഗ്ധ തൊഴിലാളികൾക്കു ശമ്പള മാനദണ്ഡങ്ങളിൽ മാറ്റങ്ങളൊന്നുമില്ല.
കരാറിൽ 30,000 ദിർഹമോ അതിൽ കൂടുതലോ മൊത്തം ശമ്പളം കാണിക്കണം. ഒരു ഫ്രീ സോൺ കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക്, ബന്ധപ്പെട്ട ഫ്രീ സോൺ അതോറിറ്റി നൽകുന്ന ശമ്പള സർട്ടിഫിക്കറ്റ് ആവശ്യമാണ്. അതേസമയം ഗോൾഡൻ വിസ ലഭ്യമാകാൻ മാർഗനിർദേശം നൽകുന്ന ഏജൻസികൾ യു എ ഇയിൽ ധാരാളമുണ്ട്. അവയെ തടയാൻ സാധ്യതയില്ല.

Latest