Kerala
വ്യാജ വാര്‍ത്തകള്‍ മനസിലാക്കാന്‍ വായന സഹായിക്കും: മന്ത്രി സജി ചെറിയാന്‍
മതസ്പര്‍ധ, വിദ്വേഷം, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവ സമൂഹത്തില്‍ പടര്‍ത്താന്‍ ബോധപൂര്‍വ ശ്രമമുണ്ട്. ഇതിനെതിരെ ചെറുത്ത് നില്‍ക്കാന്‍ ഗ്രന്ഥശാലകള്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ക്കാകും

പത്തനംതിട്ട | വ്യാജ വാര്‍ത്തകള്‍ മനസിലാക്കാന്‍ വായനയിലൂടെയുള്ള അറിവ് സഹായിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വ്യക്തിപരമായ വളര്‍ച്ചയ്ക്ക് വായന ആവശ്യമാണ്. വസ്തുതാപരമായ കാര്യങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഗ്രന്ഥശാലയ്ക്കാകണം. മതസ്പര്‍ധ, വിദ്വേഷം, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവ സമൂഹത്തില്‍ പടര്‍ത്താന്‍ ബോധപൂര്‍വ ശ്രമമുണ്ട്. ഇതിനെതിരെ ചെറുത്ത് നില്‍ക്കാന്‍ ഗ്രന്ഥശാലകള്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ക്കാകും. ജനങ്ങളെ വായനയിലൂടെ പ്രബുദ്ധരാക്കണം. ‘ജാനകി’ എന്ന സിനിമ പേര് പോലും അംഗീകരിക്കാന്‍ ഭരണകൂടം തയ്യാറാകുന്നില്ല. കുട്ടികളിലെ മാനസിക- ശാരീരിക വളര്‍ച്ചയ്ക്ക് നടപ്പാക്കിയ സുംബ ഡാന്‍സിനെ പോലും ചിലര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ കേരളമായത് കൊണ്ടും ഇതൊന്നും വിലപോകുന്നില്ല. എങ്കിലും ഇതെല്ലാം ചര്‍ച്ച ചെയ്യാന്‍ സമൂഹം തയ്യാറാകണം. മാറുന്ന കാലത്തിന് അനുസരിച്ച് യുവതലമുറയെ ആകര്‍ഷിക്കാന്‍ ഗ്രന്ഥശാലകള്‍ക്ക് കഴിയണമെന്നും ഡിജിറ്റല്‍ യുഗത്തില്‍ വായനശാലകളുടെ പ്രാധാന്യം കുറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. .