Connect with us

rashid rover

റാശിദ് റോവർ നവംബറിൽ ചന്ദ്രനിലേക്ക്; മാർച്ചിൽ എത്തും 

ഫാൽക്കൺ 9 സ്‌പേസ് റോക്കറ്റിലാണ് റോവർ കുതിക്കുക.

Published

|

Last Updated

ദുബൈ | യു എ ഇയുടെ ചാന്ദ്ര ദൗത്യ പേടകം റാശിദ് റോവർ നവംബറിൽ ബഹിരാകാശത്തേക്ക് കുതിക്കുമെന്ന് മുഹമ്മദ് റാശിദ് ബഹിരാകാശ ഗവേഷണ കേന്ദ്രം മിഷൻ മാനേജർ ഡോ. ഹമദ് അൽ മർസൂഖി അറിയിച്ചു. നവംബർ ഒമ്പതിനും 15നും ഇടയിൽ ഫ്ലോറിഡയിലെ കേപ്പ് കാനവെറൽ സ്‌പേസ് പോർട്ടിൽ നിന്നാണ് വിക്ഷേപണം. മാർച്ചിൽ റോവർ ചന്ദ്രോപരിതലത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പാരീസിൽ സെപ്തംബർ 22 വരെ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ പ്രദർശന സമ്മേളനത്തിൽ മുഹമ്മദ് റാശിദ് ബഹിരാകാശ ഗവേഷണ കേന്ദ്രം പങ്കെടുക്കും. റോവറിന്റെ കൃത്യമായ വിക്ഷേപണ തീയതി ഒക്ടോബറിൽ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

റാശിദ് റോവറിനെ ജാപ്പനീസ് ലാൻഡർ ഹകുട്ടോ-ആർ മിഷൻ 1 ചന്ദ്രോപരിതലത്തിലേക്ക് കൊണ്ടുപോകും. ഫാൽക്കൺ 9 സ്‌പേസ് റോക്കറ്റിലാണ് റോവർ കുതിക്കുക. റോവറിന്റെ പരിശോധന പൂർത്തിയാക്കിയതിൽ സന്തുഷ്ടരാണെന്ന് ഡോ. അൽ മർസൂഖി പറഞ്ഞു. “റോവർ ലാൻഡറുമായി ഘടിപ്പിച്ചിരിക്കുന്നു. കുതിപ്പിന് തയ്യാറാണ്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും റോവറിന്റെ ശേഷി നിരീക്ഷിക്കുന്നുണ്ട്. ഒക്ടോബർ പകുതിയോടെ ജർമനിയിൽ നിന്ന് വിക്ഷേപണ കേന്ദ്രത്തിലേക്ക് റോവറിനെ എത്തിക്കും. യു എ ഇയുടെ ദീർഘകാല സ്വപ്നമാണ് ചാന്ദ്ര ദൗത്യം.  ഇതോടെ ചന്ദ്ര മേഖലയിലെ പര്യവേഷണം യു എ ഇ ആരംഭിക്കുകയാണ്. നിരവധി റോവറുകളും സാറ്റലൈറ്റുകളും യു എ ഇ ആസൂത്രണം ചെയ്യുന്നുണ്ട്.

റാശിദ് റോവർ ദൗത്യം ഒരു ചാന്ദ്ര ദിനം അല്ലെങ്കിൽ 14 ഭൗമദിനം നീണ്ടുനിൽക്കുന്നതാണ്. ചന്ദ്രനിലെ മണ്ണിന്റെ ഘടന, ചന്ദ്രന്റെ പെട്രോഗ്രഫി, ജിയോളജി, പൊടിപടലം, പ്ലാസ്മ അവസ്ഥ, ഫോട്ടോ ഇലക്ട്രോൺ കവചം എന്നിവ പഠിക്കുകയാണ് ലക്ഷ്യം. ചന്ദ്രന്റെ ഫ്രിഗോറിസ് സൈറ്റിൽ ഇറങ്ങുകയാണ് ലക്ഷ്യം. ചൈനയുടെ മാപ്പ് ഏഴ് മിഷന്റെ ഭാഗമായി മറ്റൊരു റോവർ ഉൾപെടുന്ന രണ്ടാമത്തെ ചാന്ദ്ര ദൗത്യം യു എ ഇ ഇതിനകം പ്രഖ്യാപിച്ചു. ആ ദൗത്യത്തിന്റെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അൽ മർസൂഖി പറഞ്ഞു.