Kerala
ഏറ്റവും വലിയ വില്‍പ്പനച്ചരക്കായി ശ്രീരാമനെ ഉപയോഗിക്കുന്നു; ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ കൊല്ലുന്ന നാടായി ഇന്ത്യ മാറി: ടി പത്മനാഭന്‍
ചരിത്രകാരന്‍ ബിപിന്‍ചന്ദ്രയുടെ 'വര്‍ഗീയത' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ടി പത്മനാഭന്‍.
കണ്ണൂര്‍ | ഇന്ത്യയില്‍ ഏറ്റവും വലിയ വില്‍പ്പനച്ചരക്കായി ശ്രീരാമനെ ഉപയോഗിക്കുകയാണെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. വെച്ച ഉടന്‍ വിറ്റുപോകുന്നത് ശ്രീരാമന്റെ പേരാണ്. ശ്രീരാമന്റെ പേര് ഉച്ചരിച്ചില്ലെങ്കില്‍, പരസ്പരം കണ്ടുമുട്ടുമ്പോള്‍ ജയ് ശ്രീറാം വിളിച്ച് അഭിവാദ്യം ചെയ്തില്ലെങ്കില്‍ കുത്തിക്കൊല്ലുന്ന നാടാണിത്. സംഭവിച്ചതാണ്. അത് ഇനിയും വര്‍ധിക്കാനാണ് എല്ലാ സാധ്യതയും. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലെ വലിയ തുരുപ്പുചീട്ട് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും. ഈ ഘട്ടത്തില്‍ ബിപിന്‍ചന്ദ്രയുടെ പുസ്തകത്തിന് പ്രസക്തിയേറുകയാണ്.
ചരിത്രകാരന്‍ ബിപിന്‍ചന്ദ്രയുടെ ‘വര്‍ഗീയത’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ടി പത്മനാഭന്‍.
ഇന്ത്യാ ഗവണ്‍മെന്റിന് എന്തൊക്കെ ചെയ്യാനാകുമെന്ന് നമുക്കൊക്കെ അറിയാം. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള ചരിത്ര പുസ്തകങ്ങളില്‍ നിന്ന് ഗാന്ധിയും നെഹ്റുവും വരെ പുറത്തായി. അവര്‍ തീരുമാനിക്കും, അത് എല്ലാവരും പഠിച്ചുകൊള്ളുക. നാഷണല്‍ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച ബിപിന്‍ചന്ദ്രയുടെ പുസ്തകം നിരോധിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണത്. നിരോധിക്കാനും അവര്‍ക്കാകും. എന്നാല്‍, അതിലും ലളിതമായ മാര്‍ഗമാണവര്‍ അവലംബിച്ചത്. വില്‍ക്കേണ്ടെന്ന് തീരുമാനിച്ചു. അച്ചടിച്ച കോപ്പികള്‍ക്ക് എന്തു സംഭവിച്ചുവെന്നറിയില്ലെന്നാണ് എം എ ബേബി പറയുന്നത്. എനിക്ക് സംശയമില്ല, ശിവകാശിയിലെ പടക്ക നിര്‍മാണശാലയില്‍ പടക്കങ്ങള്‍ പൊതിയാന്‍ ആ പുസ്തകത്താളുകള്‍ ഉപയോഗിക്കുന്നുണ്ടാകും.
എന്റെ അറിവില്‍ ഏറ്റവും വലിയ ശ്രീരാമ ഭക്തന്‍ ഗാന്ധിയായിരുന്നു. ജീവിതത്തില്‍ അദ്ദേഹം ഒരു സിനിമയേ കണ്ടിട്ടുള്ളൂ. അത് വിജയഭട്ടിന്റെ രാമരാജ്യമായിരുന്നു. ഇഷ്ടദൈവമായ ശ്രീരാമനെക്കുറിച്ചായതു കൊണ്ടാണ് ആ സിനിമ കണ്ടത്. അന്ത്യശ്വാസം വലിക്കുമ്പോള്‍ ഉച്ചരിച്ചത് ‘ഹേ റാം’ എന്നായിരുന്നു. ഇപ്പോള്‍ അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് കേരളത്തില്‍ നിന്ന് പോകുന്ന പ്രമുഖയാണ് ഓട്ടക്കാരി പി ടി ഉഷ. ഉഷ ശ്രീരാമനെക്കുറിച്ചുള്ള ഏതൊക്കെ പുസ്തകങ്ങളാണ്, ഏതൊക്കെ തുഞ്ചത്തെഴുത്തച്ഛന്‍മാരുടെ ആധ്യാത്മ രാമായണമാണ് വായിച്ചിട്ടുള്ളതെന്ന് എനിക്കറിയില്ലെന്നും ടി പത്മനാഭന്‍ പറഞ്ഞു. പുസ്തകം ടി പത്മനാഭന് നല്‍കി എം എ ബേബി പ്രകാശനം ചെയ്തു.


