National
രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിനെതിരെ 'ലുങ്കിവാല' പരാമര്‍ശം നടത്തി ബിജെപി എംപി സുഷ്മിത ദേവ്; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്
ബഹളത്തെ തുടര്‍ന്ന് സഭ രണ്ട് മണിവരെ പിരിഞ്ഞു.
ന്യൂഡല്‍ഹി| രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ ബിജെപി എം പി സുഷ്മിതാ ദേവ് നടത്തിയ ലുങ്കി വാല പരാമര്‍ശത്തില്‍ ഇടത് എംപിമാരുടെ പ്രതിഷേധം. യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള ബില്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ജോണ്‍ ബ്രിട്ടാസ് സംസാരിക്കുമ്പോഴാണ് സുഷ്മിത ‘ലുങ്കിവാല’ പരാമര്‍ശം നടത്തിയത്. ബ്രിട്ടാസിന് പിന്നിലുള്ള ഇരിപ്പിടത്തിലെത്തിയ ബിജെപി എംപി പല പ്രാവശ്യം ‘ലുങ്കിവാല’ എന്ന് വിളിച്ചെന്നാണ് ആരോപണം.
രാജ്യസഭയില്‍ പ്രതിഷേധം കനത്തതോടെ ബിജെപി എംപിയെ പ്രതിരോധിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ കിരണ്‍ റിജിജു, ജെ.പി നഡ്ഡ തുടങ്ങിയവര്‍ രംഗത്തെത്തി. സുഷ്മിത ദേവിന് വിശദീകരിക്കാന്‍ അവസരം നല്‍കണമെന്ന് കേന്ദ്രമന്ത്രിമാര്‍ ആവശ്യപ്പെട്ടെങ്കിലും രാജ്യസഭാ അധ്യക്ഷന്‍ അനുവദിച്ചില്ല. ബഹളത്തെ തുടര്‍ന്ന് സഭ രണ്ട് മണിവരെ പിരിഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയില്‍ എത്തിയ നേതാവാണ് സുഷ്മിത ദേവ്.
ലുങ്കിവാല പരാമര്‍ശത്തില്‍ പാര്‍ലമെന്റിന് പുറത്ത് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ പ്രതിഷേധിച്ചു. കേരളാ-തമിഴ്നാട് അംഗങ്ങള്‍ മുണ്ട് ധരിച്ചാണ് ഇന്ന് സഭയിലെത്തിയത്. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് സംസാരിക്കുന്നതിനിടെയാണ് ബിജെപി അംഗം സുഷ്മിത ദേവ് നടത്തിയ കമന്റിനെതിരെയാണ് വലിയ പ്രതിഷേധം ഉയര്‍ന്നത്.
‘ലുങ്കിവാല’ പരാമര്‍ശത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് അവകാശ ലംഘന നോട്ടീസ് നല്‍കി. തനിക്കെതിരെ നടത്തിയ ഈ പരാമര്‍ശം തികച്ചും അധിക്ഷേപകരവും ഒരു പാര്‍ലമെന്റംഗത്തിന് യോജിക്കാത്തതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധമാണ് അദ്ദേഹം ഉയര്‍ത്തിയത്. രാജ്യസഭാ അധ്യക്ഷന്‍ സിപി രാധാകൃഷ്ണനാണ് എംപി അവകാശലംഘന നോട്ടീസ് നല്‍കിയത്.ബിജെപി അംഗം തുടര്‍ച്ചയായി അധിക്ഷേപിച്ചെന്നും മലയാളി എന്നതില്‍ താന്‍ അഭിമാനിക്കുന്നെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
മറ്റ് അംഗങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തരുതെന്നാണ് സുഷ്മിത ദേവിന് രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്റെ മുന്നറിയിപ്പ് നല്‍കി. ജോണ്‍ ബ്രിട്ടാസിനെയും സുഷ്മിത ദേവിനെയും ചേംബറിലേക്ക് വിളിപ്പിച്ച് പ്രശ്നം പരിഹരിക്കുമെന്നും രാജ്യസഭാ അധ്യക്ഷന്‍ പറഞ്ഞു. അതസമയം, കമ്മ്യൂണിസ്റ്റുകള്‍ ഭീരുക്കളെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്ന് നീക്കി.
Content Highlights:
Left MPs protested in Rajya Sabha over BJP MP Sushmita Dev’s lungiwala remark against John Brittas. Kerala and Tamil Nadu MPs wore traditional dhotis outside Parliament in protest. Rajya Sabha Chairman C P Radhakrishnan warned against hurting members’ feelings and summoned both MPs to resolve it.



