Connect with us

Editors Pick

മഴ, തണുപ്പ്‌, കാട്‌... കൂർഗ്‌ കറങ്ങിയാലോ?

നാംഡ്രോളിംഗ് മൊണാസ്ട്രി, ഗോൾഡൻ ടെംപിൾ എന്നിവ പ്രധാന ആകർഷണമാണ്‌

Published

|

Last Updated

വധിക്കാലമായിട്ട്‌ ഒരു യാത്ര പ്ലാൻ ചെയ്യുന്നവരാകും പലരും. എന്നാൽ അധികം ചിലവില്ലാതെ കുറഞ്ഞ ദിവസത്തിൽ പോയി വരാവുന്ന ഒരു സ്‌പോട്ട്‌ നിർദേശിക്കട്ടെ? അതാണ്‌ കൂർഗ്‌.
പശ്ചിമഘട്ട മലനിരകളിൽ കർണാടകയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കുടക് അഥവാ കൂർഗ്. കേരളത്തിലെ വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകൾ കൂർഗുമായി അതിർത്തി പങ്കിടുന്നു.

വയനാട് ജില്ലയോട് സമാനമായ ഭൂപ്രകൃതിയാണ് കുടകിനുള്ളത്. അഞ്ചര ലക്ഷം ജനങ്ങളിൽ കുടഗരെയും കന്നടിഗരെയും കൂടാതെ ഒന്നര ലക്ഷത്തിലധികം മലയാളികളും ഉണ്ട്. കാപ്പിയാണ് പ്രധാന കൃഷി. മടിക്കേരിയാണ് ജില്ലാ ആസ്ഥാനം.

സമുദ്രനിരപ്പിൽ നിന്ന് 1170 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജില്ലാ ആസ്ഥാനമായ മടിക്കേരിയെത്തന്നെ ടൂറിസം ആസ്ഥാനമായും കണക്കാക്കാം. ടൂറിസം അടിസ്ഥാനമാക്കിയും ലക്ഷ്യം വെച്ചുമാണ് മടിക്കേരിയുടെ സാമ്പത്തിക രംഗം വളരുന്നത്.

കൂർഗ്‌ കാത്തുവച്ചത്‌ എന്തൊക്കെയാണ്‌ കൂർഗിൽ കാണാനുള്ളത്‌? വിശദമായി തന്നെ നോക്കാം.

  1.  രാജീവ് ഗാന്ധി നാഷണൽ പാർക്ക് / നാഗർഹോള ടൈഗർ റിസർവ് – കടുവയും പുലിയും ആനയും കരടിയും കാട്ടുപോത്തുമെല്ലാം വിഹരിക്കുന്ന പ്രശസ്‌തമായ വനമേഖലയാണിത്‌. രാവിലെ ആറുമുതൽ ഇവിടെ ജംഗിൾ സഫാരി ആരംഭിക്കും. 350 രൂപയാണ്‌ ടിക്കറ്റ് -നിരക്ക്‌.
  2.  ഇരുപ്പ് വെള്ളച്ചാട്ടം- കൂർഗിന് ബ്രഹ്മഗിരി മലനിരകളുടെ ഒരു സമ്മാനമാണ് ഇരുപ്പ് വെള്ളച്ചാട്ടം. വയനാട്–– കൂർഗ് അതിർത്തിയായ കുട്ടയിൽ നിന്നും 9 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. കാവേരിയുടെ പോഷക നദിയായ ലഷ്മണ തീർത്ഥയിലുള്ള ഈ വെള്ളച്ചാട്ടം ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്. വെള്ളച്ചാട്ടത്തിന് താഴെ കുളിക്കാനുള്ള സൗകര്യവും ഉണ്ട്‌. രാവിലെ 8.30മുതൽ വൈകിട്ട്‌ 5.30വരെയാണ്‌ പ്രവേശനം. ടിക്കറ്റ് 50 രൂപ.
  3. വിന്റേജ് കാർ കളക്ഷൻ സെന്റർ – ഒരുപാട്‌ പഴയ കാറുകളാണ്‌ ഇവിടുത്തെ ആകർഷണം. രാവിലെ ഒമ്പതുമണി മുതൽ വൈകിട്ട്‌ അഞ്ചുമണി വരെയാണ്‌ പ്രവേശനം. ടിക്കറ്റ് 100 രൂപ.
  4. ദുബ്ബാര ആന പാർക്ക് – ആനകളോടൊത്ത് സമയം ചിലവഴിക്കാൻ ഒരിടം. അതാണ്‌ ദുബ്ബാര. നമുക്ക്‌ ആനകൾക്കൊപ്പം പുഴയിൽ കുളിക്കാനും ഇവിടെ സൗകര്യമുണ്ട്‌. ആനകളെ കുളിപ്പിക്കുകയും ചെയ്യാം. ടിക്കറ്റ് 20, ആനക്കുളി ടിക്കറ്റ് 100.
  5. നിസർഗ്ഗദാമ നാച്ചുറൽ റിസർവ് – മടിക്കേരി – കുശാൽ നഗർ റൂട്ടിൽ കുശാൽനഗറിനു സമീപം ആണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. പ്രവേശനകവാടത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന തൂക്കുപാലം നല്ല ഒരു കാഴ്ച തന്നെയാണ്. ഈ പാലത്തിന്റെ താഴെയുള്ള പുഴയിൽ പെഡൽ ബോട്ടിംഗ് ഉണ്ട്.
  6. കുശാൽ നഗർ – നാംഡ്രോളിംഗ് മൊണാസ്ട്രി, ഗോൾഡൻ ടെംപിൾ എന്നിവ പ്രധാന ആകർഷണമാണ്‌.അയ്യായിരത്തിലധികം ടിബറ്റൻ ബുദ്ധിസ്റ്റുകളുടെ സെറ്റിൽമെന്റാണിത്‌. ഇവിടെ ടിബറ്റൻ ഭക്ഷണവും അവരുടെ ആചാര രീതികളും ശൈലികളും കാണാം. പ്രാർത്ഥന സമയങ്ങളിൽ ചില നിയന്ത്രണങ്ങൾ ഉണ്ട്.

ഇവയ്‌ക്കെല്ലാം പുറമേ ഹാരംഗി ഡാം, മല്ലല്ലി വെള്ളച്ചാട്ടം, കോട്ട ബേട്ട ടെംപിൾ, കോട്ടെ അബി ഫാൾസ്, മണ്ടൽപെട്ടി പീക്ക്, മടിക്കേരി തുടങ്ങി നിരവധി സ്‌പോട്ടുകൾ കൂർഗിലുണ്ട്‌.
ട്രെയിനിൽ തിരുവനന്തപുരം ഭാഗത്തു നിന്ന് വരുന്നവർക്ക് തലശേരിയാണ്‌ ഏറ്റവും അടുത്തുള്ള റെയിൽവേ സ്‌റ്റേഷൻ. തലശ്ശേരിയിൽനിന്ന് കുടകിലെ വീരാജ്പേട്ടിലേക്ക് 80 കിലോമീറ്റർ ആണ്‌ ദൂരം.കാസർഗോഡ് നിന്നുള്ളവർക്ക് സുള്ള്യ വഴി മടിക്കേരി എത്താം.

---- facebook comment plugin here -----