കവിത
നിഴൽ ദൂരം
ഇനിയും തളരുവാൻ കഴിയില്ലെനിക്കെന്റെ സ്വപ്നങ്ങൾ നേടുവാൻ സമയമായി.
പുകയൂതിത്തീർത്തയാ
ചുമരുകൾക്കുള്ളിൽ,
കനവുകളെല്ലാം
കത്തിച്ചു ചാരമാക്കി.
പലരും പറഞ്ഞുള്ള
പരിതാപവാക്കുകൾ
പലതും കേട്ടിട്ടും
കേൾക്കാതെയായ്.
മുറ്റത്ത് കിളിർത്തൊരാ
പാരിജാതച്ചോട്ടിൽ മോഹങ്ങളവളന്ന്
മണ്ണോടടക്കി.
ആരും തുറക്കാത്ത
ഹൃദയമാം പുസ്തകം
താഴിട്ടു പൂട്ടിയതൊരോർമയായി
ഇനിയും തളരുവാൻ കഴിയില്ലെനിക്കെന്റെ
സ്വപ്നങ്ങൾ നേടുവാൻ
സമയമായി.
മുറിവേറ്റ ഹൃദയത്തിലിനിയിറ്റു നിണവും,
പരിഹാസവാക്കിനാൽ പടരാതിരിക്കണം.
കത്തിക്കരിഞ്ഞൊരാ
ഇഷ്ടങ്ങളൊക്കെയും
ആകാശച്ചെരുവിലായ്
പാറിപ്പറക്കണം.
അതിനായെൻ തൂലികത്തുമ്പും
ചലിക്കണം,
വാക്കുകൾ വീര്യം
നിറഞ്ഞുള്ള വരികളായ്!
Content Highlights:
A moving Malayalam poem depicts a person overcoming past heartbreaks and broken dreams. Instead of giving up, the speaker vows to rise again and pursue their aspirations. The poem highlights the healing power of writing and expressing strength through bold words.



