Connect with us

editorial

ജലക്ഷാമത്തിനെതിരെ മുന്‍കരുതല്‍

അഞ്ച് വര്‍ഷം മുമ്പത്തെ കണക്കനുസരിച്ച് ഏഴ് ലക്ഷം ഹെക്ടര്‍ നെല്‍പാടങ്ങളാണ് സംസ്ഥാനത്ത് നികത്തപ്പെട്ടത്. കാടും വയലും കുളങ്ങളും ഇല്ലാതാക്കിയിട്ട് വരള്‍ച്ചയെയും ജലക്ഷാമത്തെയും കുറിച്ച് പരിതപിക്കുന്നത് നിരര്‍ഥകമാണ്. ജലസ്രോതസ്സുകളുടെ നശീകരണത്തിനെതിരെ ബോധവത്കരണവും തണ്ണീര്‍ത്തട സംരക്ഷണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കേണ്ടതുണ്ട്.

Published

|

Last Updated

ഴിഞ്ഞ കാലവര്‍ഷത്തില്‍ സാമാന്യം മെച്ചപ്പെട്ട മഴ ലഭിച്ചിട്ടും കേരളത്തില്‍ ഇത്തവണ പതിവിലും നേരത്തേ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങിയിരിക്കുകയാണ.് സംസ്ഥാനത്ത് പല ഭാഗങ്ങളിലും കിണറുകളിലെ ജലം പതിവിലും നേരത്തേ താഴ്ന്നു തുടങ്ങി. അണക്കെട്ടുകളിലെ ജലനിരപ്പും താഴ്ന്നു കൊണ്ടിരിക്കുന്നു. ശക്തമായ വേനലെത്തും മുമ്പേ തന്നെ പല നദികളും വറ്റിത്തുടങ്ങി. ഏപ്രില്‍ മാസത്തോടെ സ്ഥിതിഗതികള്‍ രൂക്ഷമാകുമെന്നാണ് കേരള വാട്ടര്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്‌. കുപ്പിവെള്ള വില്‍പ്പനയുടെ ഉയര്‍ന്ന തോതും സംസ്ഥാനം അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിലേക്ക് സൂചന നല്‍കുന്നു. പ്രതിദിനം രണ്ട് കോടിയിലേറെ രൂപയുടെ കുടിവെള്ളമാണ് നിലവില്‍ സംസ്ഥാനത്ത് വിറ്റഴിയുന്നത്. ഡിസംബര്‍ അവസാനം മുതല്‍ ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് ശരാശരി 13 ലക്ഷം ലിറ്റര്‍ വെള്ളം വിറ്റഴിഞ്ഞു. നേരത്തേ ഇത് ശരാശരി ഏഴ് ലക്ഷം ലിറ്ററായിരുന്നു.

പമ്പ, മണിമല നദികളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതോടെ പാടശേഖരങ്ങളോട് ചേര്‍ന്നുള്ള തോടുകളില്‍ വെള്ളം വറ്റിവരണ്ടത് കുട്ടനാട്ടിലെ നെല്‍കര്‍ഷകരെ ഭീതിയിലാഴ്ത്തുന്നു. രണ്ടര മാസമായി അപ്പര്‍ കുട്ടനാട്ടില്‍ കൃഷി ഇറക്കിയിട്ട്. നെല്ലിന് രാസവളവും കീടനാശിനിയും നല്‍കുന്ന സമയമാണിത്. രാസവളം നല്‍കുമ്പോള്‍ വയലില്‍ വെള്ളം നല്ല തോതില്‍ ആവശ്യമാണ്. വയലുകള്‍ക്ക് സമീപത്തെ തോടുകള്‍ വറ്റിയതിനാല്‍ ആവശ്യത്തിന് വെള്ളം നല്‍കാന്‍ സാധിക്കുന്നില്ല കര്‍ഷകര്‍ക്ക്. വെള്ളം താഴ്ന്നതോടെ തോടുകളില്‍ പോളല്‍, പായല്‍ ശല്യം രൂക്ഷമായതും പമ്പിംഗില്‍ പ്രയാസം അനുഭവപ്പെടുന്നതും കര്‍ഷകരെ കുഴക്കുന്നു. കരനിലങ്ങളില്‍ കൃഷിയിറക്കിയ കര്‍ഷകരും കടുത്ത പ്രതിസന്ധിയിലാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ അനുഭവപ്പെടുന്നതിന് തുല്യം പകല്‍ സമയങ്ങളില്‍ 34-35 ഡിഗ്രിയാണ് അപ്പര്‍ കുട്ടനാട്ടിലെ നിലവിലെ താപനില.

സംസ്ഥാനത്ത് മഴ പെയ്ത്തിന്റെ രീതിയിലും മാറ്റം സംഭവിച്ച സാഹചര്യത്തില്‍ കുടിവെള്ളത്തിന് ഇനി മഴയെ മാത്രം ആശ്രയിക്കാനാകില്ല. തണ്ണീര്‍ത്തടങ്ങളുടെയും ലഭ്യമാകുന്ന മഴവെള്ളത്തിന്റെയും സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണ് ഒരു പരിഹാര മാര്‍ഗം. 2008ല്‍ കേരള നിയമസഭ തണ്ണീര്‍ത്തട സംരക്ഷണ നിയമം പാസ്സാക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ പ്രധാന്യത്തെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരല്ല. ഓരോ ഏക്കര്‍ നെല്‍പാടത്തിനും 1,200 ഘനയടി ജലം സംഭരിക്കാന്‍ ശേഷിയുണ്ടെന്നും ഓരോ ഹെക്ടര്‍ തണ്ണീര്‍ത്തടവും പ്രതിവര്‍ഷം ഒരു കോടി രൂപക്ക് മുകളില്‍ നാടിന് സേവനം ചെയ്യുന്നുവെന്നുമാണ് കണക്ക്. ഇതുപോലെ മരങ്ങളും സസ്യങ്ങളും പച്ചപ്പും നിറഞ്ഞ ഒരു ഹെക്ടര്‍ പ്രദേശം 30,000 ഘന കിലോമീറ്റര്‍ പ്രദേശത്തെ മഴവെള്ളം ഉള്‍ക്കൊള്ളുന്നുണ്ട്.

എങ്കിലും ജലസ്രോതസ്സുകള്‍ നികത്തല്‍, കളിമണ്‍ ഖനനം, നദികളിലും തോടുകളിലും വിസര്‍ജ്യ വസ്തുക്കളും മറ്റു മാലിന്യങ്ങളും തള്ളല്‍, ജലസ്രോതസ്സുകളെ മലിനമാക്കുന്ന കീടനാശിനിയുടെ അശ്രദ്ധമായ ഉപയോഗം, കണ്ടല്‍കാടുകളുടെ നശീകരണം തുടങ്ങിയവയെല്ലാം ഇപ്പോഴും വ്യാപകമാണ്. അഞ്ച് വര്‍ഷം മുമ്പത്തെ കണക്കനുസരിച്ച് ഏഴ് ലക്ഷം ഹെക്ടര്‍ നെല്‍പാടങ്ങളാണ് സംസ്ഥാനത്ത് നികത്തപ്പെട്ടത്. കാടും വയലും കുളങ്ങളും ഇല്ലാതാക്കിയിട്ട് വരള്‍ച്ചയെയും ജലക്ഷാമത്തെയും കുറിച്ച് പരിതപിക്കുന്നത് നിരര്‍ഥകമാണ്. ജലസ്രോതസ്സുകളുടെ നശീകരണത്തിനെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവത്കരണവും തണ്ണീര്‍ത്തട സംരക്ഷണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കേണ്ടതുണ്ട്.

ഗണ്യമായൊരു ഭാഗവും ചരിഞ്ഞ രീതിയിലാണ് കേരളത്തില്‍ ഭൂമിയുടെ കിടപ്പ്. ഇത് ഉപരിതല നീരൊഴുക്കിന്റെ വേഗത വര്‍ധിക്കാനും മഴവെള്ളം ഭൂമിയില്‍ താഴാതെ ഒലിച്ചു പോയി കടലില്‍ ചേരാനും ഇടയാക്കുന്നു. ഭൂഗര്‍ഭ ജലത്തിന്റെ താഴ്ച ഉള്‍പ്പെടെ ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. കെട്ടിടങ്ങളിലും പറമ്പുകളിലും മഴവെള്ള സംഭരണികള്‍ ഒരുക്കുകയും മഴവെള്ളം പരമാവധി കിണറിലെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയുമാണ് നഷ്ടപ്പെടുന്ന മഴവെള്ളം പിടിച്ചു നിര്‍ത്താനുള്ള വഴി. ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ വര്‍ഷത്തില്‍ മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ ലിറ്റര്‍ മഴവെള്ളം പതിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് സംഭരിക്കാനുള്ള ലക്ഷ്യത്തിലാണ് 2004ല്‍ മഴവെള്ള സംഭരണം കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ ഭാഗമാക്കിയത്. എന്നാല്‍ കെട്ടിടങ്ങളില്‍ ജലസംഭരണ സംവിധാനം ഏര്‍പ്പെടുത്തുന്നവര്‍ ഇന്നും തുലോം കുറവാണ്.

ജീവന്റെ നിലനില്‍പ്പില്‍ ജലത്തിനുള്ള പങ്ക് പ്രത്യേകം പറഞ്ഞറിയിക്കേണ്ടതില്ല. ഓക്‌സിജന്‍ കഴിഞ്ഞാല്‍ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ഏറ്റവും അനിവാര്യമായ ഘടകം ജലമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിലും ജലത്തിന് വലിയ പങ്കുണ്ട്. ഭൂമിയുടെ മുക്കാല്‍ പങ്കോളം ജലത്താല്‍ അനാവൃതമാണെങ്കിലും അതിന്റെ 97 ശതമാനവും സമുദ്രജലമാണ്. അവശേഷിക്കുന്ന മൂന്ന് ശതമാനത്തില്‍ ലഭ്യമാകുന്ന ശുദ്ധജലത്തിന്റെ 70 ശതമാനവും കാര്‍ഷികാവശ്യങ്ങള്‍ക്കായാണ് ചെലവഴിക്കുന്നത്. പത്ത് ശതമാനമാണ് വീട്ടാവശ്യത്തിനായി വിനിയോഗിക്കുന്നത്. ജലത്തിന്റെ പ്രാധാന്യവും ലഭ്യതക്കുറവും മനസ്സിലാക്കി അതിന്റെ ഉപയോഗത്തില്‍ അതീവ ശ്രദ്ധയും കണിശതയും പുലര്‍ത്തേണ്ടതുണ്ട്.

വീടുകളിലായാലും പൊതുയിടങ്ങളിലായാലും വെള്ളം പാഴാകുന്ന സ്ഥിതിയുണ്ടാകരുത്. ഇക്കാര്യത്തില്‍ പൊതുവെ അശ്രദ്ധരാണ് കേരളീയര്‍. ടോയ്‌ലറ്റിലും ബാത്ത് റൂമിലുമെല്ലാം ആവശ്യത്തിലധികം വെള്ളം ഉപയോഗിച്ച് ശീലിച്ചവരാണ് നല്ലൊരു പങ്കും. ഇത്തരം ജലധൂര്‍ത്ത് ഒഴിവാക്കി ജലലഭ്യതയോട് പൊരുത്തപ്പെടുന്ന രീതിയില്‍ അതിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്. വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമാകുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ജലവിതരണത്തെ ആശ്രയിക്കുന്നതിലപ്പുറം ജലസംരക്ഷണത്തില്‍ പൗരന്മാര്‍ക്കും അവരുടേതായ പങ്കുണ്ടെന്ന കാര്യം ഓരോ വ്യക്തിക്കും ബോധ്യമുണ്ടായിരിക്കണം.

 

 

 

Latest