Connect with us

Kerala

പത്തനംതിട്ട പോക്സോ കേസ്; നാലുപേര്‍ അറസ്റ്റില്‍

പത്തനംതിട്ടയിലെ നക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാറില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

Published

|

Last Updated

പത്തനംതിട്ട | വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവജന പ്രസ്ഥാനത്തിന്റെ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. ഡി വൈ എഫ് ഐ പെരുനാട് മേഖലാ പ്രസിഡന്റ് മഠത്തുമൂഴി വലിയകുളത്തില്‍ ജോയല്‍ തോമസ് (24), ചിറ്റാര്‍ കാരികയം പള്ളിപറമ്പില്‍ വീട്ടില്‍ സജാദ് എസ് സലീം (25), മൂഴിയാര്‍ സെക്ഷനിലെ കെ എസ് ഇ ബി ജീവനക്കാരന്‍ ആങ്ങംമൂഴി താന്നിമൂട്ടില്‍ മുഹമ്മദ് റാഫി (24), പീഡനം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത, ഇപ്പോള്‍ 18 വയസ്സുള്ള യുവാവ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരില്‍ ജോയല്‍ തോമസ് റാന്നി ഡി വൈ എസ് പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. കേസില്‍ 19 പ്രതികളാണുള്ളത്.

പത്തനംതിട്ടയിലെ നക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാറില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 2021 ജൂണ്‍ മുതല്‍ കഴിഞ്ഞ മാസം വരെയുളള കാലയളവിലാണ് കുറ്റകൃത്യം നടന്നതെന്നും മൊഴിയില്‍ പറയുന്നു.

പത്തനംതിട്ട, കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ നിന്നുള്ളവരാണ് പ്രതികള്‍. 16 പേരാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. മറ്റ് മൂന്നുപേര്‍ നഗ്‌നചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചവരാണ്. പോക്സോക്ക് പുറമേ തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പകളും ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്.

പഠിക്കുന്ന സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങിലാണ് കുട്ടി പീഡനത്തിന് ഇരയായ വിവരം പറയുന്നത്. തുടര്‍ന്ന് കുട്ടിയെ കോഴഞ്ചേരിയില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റി. ഇവിടെ നടത്തിയ കൗണ്‍സിലിങില്‍ തന്നെ പീഡിപ്പിച്ചവരുടെയും നഗ്നവീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചവരുടെയും പേര് വിവരങ്ങള്‍, ഫോണ്‍ നമ്പര്‍, സാമൂഹിക മാധ്യമ പ്രൊഫൈല്‍ എന്നിവ കൈമാറി. ഈ വിവരങ്ങള്‍ ശനിയാഴ്ച സി ഡബ്ല്യു സി റാന്നി പെരുനാട് പോലീസിന് കൈമാറുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

 

Latest